പ്രഭാത വാർത്തകൾ

 

🔳രാജ്യത്തെ നടുക്കിയ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടു. ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും അപകടത്തില്‍ മരിച്ചു. 14 പേരുണ്ടായിരുന്ന ഹെലികോപ്റ്ററില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങി. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ആണ് അപകടത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ടത്. ഇദ്ദേഹം വില്ലിംഗ്ടണ്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.

🔳രാജ്യത്തെ നടുക്കിയ കൂനൂര്‍ ഹെലിക്കോപ്റ്റര്‍ അപകടം ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയുടെ ജീവനെടുത്തപ്പോള്‍ നഷ്ടപ്പെട്ടത് ഓരോ ശ്വാസത്തിലും രാജ്യത്തിന് വേണ്ടി പോരാടിയ ധീരനായ പടത്തലവനെ. ജനറല്‍ ബിപിന്‍ റാവത്തിന്റെ വിയോഗത്തില്‍ നടുങ്ങിയിരിക്കുകയാണ് രാജ്യം. പാക് അധീന കശ്മീരിലടക്കം രാജ്യം കണ്ട ഏറ്റവും പ്രധാന സൈനിക ഓപ്പറേഷനുകള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ച സേനകളുടെ തലവനായിരുന്നു ബിപിന്‍ റാവത്ത്. അവസാന ശ്വാസത്തിലും രാജ്യത്തെ സേവിച്ച്, രാജ്യത്തിന്റെ സ്നേഹം ഏറ്റുവാങ്ങിയാണ് സേനാ നായകന്റെ മടക്ക യാത്ര.

🔳ഇന്ത്യന്‍ സൈന്യത്തിന്റെ ധീരമുഖമായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്. 1978 ഡിസംബര്‍ പതിനാറിന് ഗൂര്‍ഖാ റൈഫിള്‍സില്‍ സെക്കന്റ് ലെഫ്നന്റായി തുടക്കം. കരസേനയില്‍ ലെഫ് ജനറലായിരുന്ന അച്ഛന്‍ ലക്ഷ്മണ സിംഗിന്റെ അതേ യൂണിറ്റില്‍ നിന്നു തന്നെയായിരുന്നു റാവത്തിന്റെയും ആദ്യ നിയോഗം. ഒരു വര്‍ഷത്തിന് ശേഷം ലെഫ്റ്റനന്റ് സ്ഥാനത്തേക്ക് ഉയര്‍ച്ച. ഉയരമുള്ള യുദ്ധമുഖത്ത് പ്രത്യേക പരിശീലനം നേടിയ സൈനിക ഉദ്യോഗസ്ഥനായിരുന്നു റാവത്ത്. പത്ത് വര്‍ഷം ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടത്തില്‍ സൈന്യത്തെ നയിച്ചു. 2014 ജൂണ്‍ ഒന്നിന് ലെഫ്നന്റ് ജനറലായി. ജമ്മുകശ്മീരിലെ നിര്‍ണായക സൈനിക നീക്കങ്ങള്‍ നടന്ന രണ്ട് വര്‍ഷം അദ്ദേഹമായിരുന്നു കരസേനാ മേധാവി.

🔳ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനും അദ്ദേഹത്തിന്റെ പത്നിയടക്കമുള്ളവര്‍ക്കും ആദരാജ്ഞലി അര്‍പ്പിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ആഭ്യന്തരമന്ത്രി അമിത് ഷാ, രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ചു.

🔳അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ സംസ്‌കാരം നാളെ. ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹം ഇന്ന് വൈകീട്ട് സൈനിക വിമാനത്തില്‍ ദില്ലിയിലേക്ക് കൊണ്ടുവരും. അപകടത്തില്‍ മരണപ്പെട്ട മറ്റ് 11 സൈനികരുടെ മൃതദേഹവും ഇന്ന് ദില്ലിയില്‍ എത്തിക്കും.

🔳സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിന് കാരണമായ കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. അസി. വാറന്റ് ഓഫീസര്‍ എ പ്രദീപ് ആണ് മരിച്ചത്. അറക്കല്‍ രാധാകൃഷ്ണന്റെ മകനായ പ്രദീപ് തൃശൂര്‍ സ്വദേശിയാണ്. ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണര്‍ ആയിരുന്നു വാറന്റ് ഓഫീസര്‍ പ്രദീപ്.

🔳ലോകത്തിന് ആശ്വാസമായി ഒമിക്രോണ്‍ വൈറസിന്റെ പ്രാഥമിക പരീക്ഷണ ഫലങ്ങള്‍ പുറത്തുവന്നു. സൗത്ത് ആഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ നടത്തിയ പഠനം അനുസരിച്ച് ഒമിക്രോണ്‍ വൈറസിന്റെ മരണനിരക്ക് ഡെല്‍റ്റ വകഭേദത്തെക്കാള്‍ കുറവാണ്. ഒമിക്രോണ്‍ ബാധിച്ചവരില്‍ ഓക്സിജന്‍ നല്‍കേണ്ടി വരുന്ന രോഗികളുടെ എണ്ണം മുന്‍ വകഭേദങ്ങളെക്കാള്‍ കുറവാണെന്നും പഠനം പറയുന്നു. ഭൂരിപക്ഷം രോഗികളിലും വളരെ നേരിയ ലക്ഷണങ്ങള്‍ മാത്രമാണുണ്ടാകുന്നത്. ഒമിക്രോണ്‍ വൈറസിനെതിരെ ഇപ്പോഴുള്ള വാക്‌സിനുകള്‍ പൂര്‍ണ്ണ പരാജയം ആകില്ലെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി.

🔳രാജ്യത്തെ ദേശീയ വരുമാനത്തിന്റെ 22 ശതമാനവും രാജ്യത്തെ ഒരു ശതമാനം ആളുകളിലെന്ന് റിപ്പോര്‍ട്ട്. ആഗോള അസമത്വ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ലോകത്ത് തന്നെ ഏറ്റവുമധികം അസമത്വം നിലനില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുള്ളത്. രാജ്യത്തെ സാമ്പത്തിക സ്ഥിതിയില്‍ ഏറ്റവും പിന്നിലുള്ള ആളുകള്‍ സമ്പാദിക്കുന്നതിനേക്കാള്‍ 20 ശതമാനത്തോളം അധികമാണ് രാജ്യത്തെ സമ്പന്നരുടെ പക്കലുള്ളതെന്നും ആഗോള അസമത്വ റിപ്പോര്‍ട്ട് വിശദമാക്കുന്നു.

🔳രാജ്യത്തെ ഭിക്ഷാടകരെ കേന്ദ്രസര്‍ക്കാര്‍ പുനരധിവസിപ്പിക്കും. അഞ്ച് വര്‍ഷം കൊണ്ട് 20000 പേരെ പുനരധിവസിപ്പിക്കാനാണ് ശ്രമം. 2025-26 ആകുമ്പോഴേക്കും സപ്പോര്‍ട്ട് ഫോര്‍ മാര്‍ജിനലൈസ്ഡ് ഇന്റിവിജ്വല്‍സ് ഫോര്‍ ലൈവ്‌ലിഹുഡ് ആന്റ് എന്റര്‍പ്രൈസ് സ്‌കീം വഴി പുനരധിവസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജിത് സിങാണ് ലോക്സഭയില്‍ രാജ്യത്തെ ഭിക്ഷാടകരില്ലാത്ത ഇടമാക്കി മാറ്റാനുള്ള പദ്ധതിയെ പറ്റി പറഞ്ഞത്. രാജ്യത്തെ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം വഴി സര്‍ക്കാരിതര സംഘടനകളെ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക. സ്മൈല്‍ എന്ന ചുരുക്കപ്പേരിലാണ് പദ്ധതി അറിയപ്പെടുന്നത്.

🔳സംസ്ഥാനത്ത് കെ റെയില്‍ വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ റെയില്‍ സംസ്ഥാന വികസനത്തിന് അനിവാര്യമായ ഒന്നാണ്. പദ്ധതി പ്രാവര്‍ത്തികമായാല്‍ നാല് മണിക്കൂര്‍ കൊണ്ട് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്ത് എത്താനാകും. ഭൂമിക്ക് ന്യായമായ വില കൊടുത്ത് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കെ റെയില്‍ വേണമെന്ന നിലപാടില്‍ ഇടതുപക്ഷം ഉറച്ചുനില്‍ക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

🔳കെ ടി ജലീല്‍ എംഎല്‍എയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയ. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട കെ ടി ജലീലിന്റെ പ്രതികരണമാണ് എംഎസ്എഫ് നേതാവിനെ പ്രകോപിപ്പിച്ചത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരന്റെയും സംഘപരിവാര്‍കാരന്റെയും അതെ തന്ത്രമാണ് കെ.ടി ജലീല്‍ പയറ്റുന്നതെന്നാണ് ഫാത്തിമ തഹ്ലിയ ആരോപിക്കുന്നത്.

🔳ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു നടത്താനിരുന്ന ചര്‍ച്ച മാറ്റിവെച്ചു. ഇന്ന് വൈകുന്നേരം നാലിന് തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചര്‍ച്ച നടത്താനിരുന്നത്. ഇന്ധന വില വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് വിദ്യാര്‍ത്ഥി സംഘടനകളുമായും ചര്‍ച്ച നടത്തി. ഇക്കാര്യത്തില്‍ അഭിപ്രായം ആരായുന്നതിനാണ് ബസ് നിരക്ക് നിര്‍ദ്ദേശിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു ചര്‍ച്ച തീരുമാനിച്ചത്.

🔳മേയര്‍ എന്ന നിലയില്‍ അര്‍ഹമായ പരിഗണനയും ആദരവും കിട്ടുന്നില്ലെന്ന ആരോപണവുമായി വീണ്ടും തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ്. ഇത്തവണ ബോര്‍ഡില്‍ ഫോട്ടോ ചെറുതായെന്ന് പറഞ്ഞാണ് പുങ്കുന്നം സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങ് മേയര്‍ ബഹിഷ്‌കരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പരിപാടികളില്‍ ഉള്‍പ്പെടെ അര്‍ഹതപ്പെട്ട ആദരവ് കിട്ടുന്നില്ലെന്നും എംകെ വര്‍ഗീസ് ആരോപിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ തനിക്ക് സല്യൂട്ട് നല്‍കാത്തത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന മേയര്‍ വര്‍ഗ്ഗീസിന്റെ പരാതി നേരത്തെ വലിയ വിവാദമായിരുന്നു.

🔳ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ വ്യോമപതിപ്പ് വിജയകരമായി പരീക്ഷിച്ചു. ഇന്നലെ രാവിലെ ഒഡീഷ തീരത്തെ ചാന്ദിപൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നായിരുന്നു വിജയകരമായ പരീക്ഷണം നടന്നത്. സൂപ്പര്‍സോണിക് യുദ്ധവിമാനമായ സുഖോയ് 30 എംകെ-ഐയില്‍ നിന്ന് ആണ് പരീക്ഷണം നടത്തിയത്. വിമാനത്തില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പാത പിന്തുടര്‍ന്നു കൊണ്ട് എല്ലാ ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കി.

🔳രാജ്യത്ത് ഹിന്ദു മുസ്ലിം വൈരം പടര്‍ത്തുന്നതില്‍ സമൂഹമാധ്യമങ്ങള്‍ വലിയ പങ്കുവഹിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഐഎഎന്‍എസ് സി വോട്ടര്‍ നടത്തിയ സര്‍വേയിലാണ് ഞെട്ടിക്കുന്ന ഫലം പുറത്തുവന്നത്. ഡിസംബര്‍ 5 ന് നടത്തിയ സര്‍വേയിലാണ് മത വൈരം പടര്‍ത്തുന്നതില്‍ സമൂഹമാധ്യമത്തിന് വലിയ പങ്കുണ്ടെന്ന് ആളുകള്‍ പ്രതികരിച്ചത്.

🔳ആഗോളതാപനം കടല്‍പക്ഷികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തുന്നതായി പഠനങ്ങള്‍. പ്രതികൂല കാലാവസ്ഥ, പ്രത്യുത്പാദന ശേഷിയില്ലായ്മ, ചൂട്, ഭക്ഷ്യദൗര്‍ലഭ്യം എന്നിവ ഇവയുടെ അംഗസംഖ്യയില്‍ കുറവ് രേഖപ്പെടുത്തുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഹവായിയന്‍ ദ്വീപുകളില്‍ നിന്നു ആല്‍ബട്രോസ്സുകളുടെ വലിയൊരളവിനെയും തുടച്ചു നീക്കി കഴിഞ്ഞു.

🔳വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം. രാജ്‌കോട്ടില്‍ ഛണ്ഡീഗഡിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു കേരളത്തിന്റെ ജയം. 185 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംിന് ഇറങ്ങിയ കേരളം 34 ഓവറില്‍ നാല വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 59 റണ്‍സുമായി പുറത്താവാതെ നിന്ന സച്ചിന്‍ ബേബിയാണ് വിജയം എളുപ്പമാക്കിയത്.

🔳ഐഎസ്എല്ലില്‍ ബെംഗലൂരു എഫ്‌സിയെ വീഴ്ത്തി ഹൈദരാബാദ് എഫ് സി രണ്ടാം ജയവുമായി പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഹൈദരാബാദിന്റെ ജയം. ഏഴാം മിനിറ്റില്‍ ബര്‍തോലോമ്യു ഒഗ്ബെച്ചെയാണ് ഹൈദരാബാദിന്റെ വിജയഗോള്‍ നേടിയത്.

🔳ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സര ടെസ്റ്റ് പരമ്പരക്കായി 18 അംഗ ടീമിനെയാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. വിരാട് കോലി നായകനാകുന്ന ടീമില്‍ രോഹിത് ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍. സമീപകാലത്ത് ഫോമിലല്ലാതിരുന്ന നിലവിലെ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഫോമിലല്ലാത്തതിന്റെ പേരില്‍ രഹാനെക്കൊപ്പം വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന ചേതേശ്വര്‍ പൂജാരയും 18 അംഗ ടീമിലുണ്ട്. പരിക്കുമൂലം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ ഓപ്പണര്‍ കെ എല്‍ രാഹുല്‍ തിരിച്ചെത്തിയപ്പോള്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കിടെ പരിക്കേറ്റ രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ടീമിലില്ല.

🔳ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം നായകനായി രോഹിത് ശര്‍മയെ തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായാണ് ബി.സി.സി.ഐ പുതിയ നായകനെ പ്രഖ്യാപിച്ചത്. നിലവില്‍ ഇന്ത്യയുടെ ട്വന്റി 20 നായകന്‍ കൂടിയാണ് രോഹിത് ശര്‍മ. ഇതോടെ വിരാട് കോലി ഏകദിന നായകസ്ഥാനത്തുനിന്ന് പടിയിറങ്ങും. ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമായിരിക്കും കോലി ഇന്ത്യയുടെ നായകനാകുക.

🔳ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്താനുള്ള കുറുക്കുവഴിയായിരുന്നു ഇതുവരെ ഐപിഎല്‍ എങ്കില്‍ ഇനി അങ്ങനെ ആവില്ലെന്ന് സൂചന നല്‍കി ബിസിസിഐ. ഐപിഎല്ലിന് പുറമെ ആഭ്യന്തര ക്രിക്കറ്റില്‍ കൂടി തിളങ്ങുന്നവരെ മാത്രമെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാവൂ എന്നാണ് പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് സെലക്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശമെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു.

🔳ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്സിനും എട്ടു റണ്‍സിനും ജയിച്ച് ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരി പാക്കിസ്ഥാന്‍. ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ 213 റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സില്‍ 205 റണ്‍സിന് പുറത്തായി.

🔳കേരളത്തില്‍ ഇന്നലെ 68,427 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5038 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 77 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 42,014 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 244 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4039 പേര്‍ രോഗമുക്തി നേടി. ഇതോടെ 40,959 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 773, എറണാകുളം 764, കോഴിക്കോട് 615, കോട്ടയം 453, കൊല്ലം 432, തൃശൂര്‍ 425, കണ്ണൂര്‍ 327, പത്തനംതിട്ട 261, വയനാട് 203, മലപ്പുറം 202, ആലപ്പുഴ 200, ഇടുക്കി 183, പാലക്കാട് 108, കാസര്‍ഗോഡ് 92.

🔳ആഗോളതലത്തില്‍ ഇന്നലെ 6,49,104 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,14,299 പേര്‍ക്കും ഇംഗ്ലണ്ടില്‍ 51,342 പേര്‍ക്കും റഷ്യയില്‍ 30,752 പേര്‍ക്കും തുര്‍ക്കിയില്‍ 20,874 പേര്‍ക്കും ഫ്രാന്‍സില്‍ 61,340 പേര്‍ക്കും ജര്‍മനിയില്‍ 68,832 പേര്‍ക്കും പോളണ്ടില്‍ 28,542 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 26.80 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.15 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,145 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1090 പേരും റഷ്യയില്‍ 1,179 പേരും ജര്‍മനിയില്‍ 571 പേരും പോളണ്ടില്‍ 592 പേരും ഉക്രെയിനില്‍ 450 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52.93 ലക്ഷമായി.

🔳എണ്ണക്കമ്പിനി സൗദി അരാംകോയുമായി പ്രാരംഭ കരാറില്‍ ഒപ്പ് വെച്ച് ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (എല്‍&ടി). സൗദി അറേബ്യയില്‍ നിര്‍മാണ കേന്ദ്രം വികസിപ്പിക്കുന്നത് സംബന്ധിച്ചാണ് കരാര്‍. ഇതു പ്രകാരം, തന്ത്രപ്രധാനമായ ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ മേഖലയിലെ ആദ്യത്തെ ഹെവി വാള്‍ പ്രഷര്‍ വെസ്സല്‍ സൗകര്യം ലാര്‍സന്‍ നിര്‍മിക്കും. 2022ന്റെ മൂന്നാം പാദത്തില്‍ എല്‍& ടി പദ്ധതിയുടെ നിര്‍മാണം ആരംഭിക്കും.

🔳രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് എല്ലാവര്‍ക്കും സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഫീച്ചര്‍ ഫോണിലൂടെ യുപിഐ ഇടപാട് സാധ്യമാക്കാന്‍ ആര്‍ബിഐ. യുപിഐ വഴി പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. ചെറിയ തുകയുടെ ഇടപാടുകള്‍ക്കുള്ള പുതിയ വാലറ്റ് സംവിധാനവും അതില്‍ ഉള്‍പ്പെടും. ഇതോടെ യുപിഐ ഇടപാടുകള്‍ കൂടുതല്‍ വ്യാപകമാകും. നവംബറില്‍ 401 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്. ഇടപാടുകളുടെ മൊത്തം മൂല്യമാകട്ടെ 6.68 ലക്ഷം കോടി രൂപയുമാണ്. ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഈടാക്കുന്ന നിരക്കുകളെക്കുറിച്ച് പഠിക്കാന്‍ ആര്‍ബിഐ സമിതിയെ ചുമതലപ്പെടുത്തും.

🔳’നാല് ചുവരുകള്‍ക്കുള്ളില്‍ ചിറകൊതുക്കിയ മാടപ്രാവുകളിലൂടെ ‘ എന്ന ടാഗ് ലൈനോട് കൂടി ജനശ്രദ്ധ ആകര്‍ഷിച്ചു കൊണ്ട് ‘ചിറക്’ മ്യൂസിക്കല്‍ ആല്‍ബം ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. അനു സിതാരയുടെ അനിയത്തി അനു സോനാരയാണ് ഈ സംഗീത ആല്‍ബത്തിലെ മറ്റൊരു ആകര്‍ഷണവും പ്രത്യേകതയും. അനു സോനാര ആദ്യമായി ക്യാമറക്ക് മുന്നിലെത്തുകയാണ് ‘ചിറക്’ ലൂടെ. എസ് വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വൈശാഖ് സി വടക്കേവീടാണ് ഈ ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ‘വാബി-സാബി’ യ്ക്ക് ശേഷം സനി യാസ് സംവിധാനം ചെയ്യുന്ന ‘ചിറക്’ ല്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് മെഹ്റിനാണ്. ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് സോമ സുന്ദറും, ഗാനരചന നിതിന്‍ ശ്രീനിവാസനുമാണ്.

🔳തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് ‘പുഷ്പ’. അല്ലുവിന്റെ വേറിട്ട നായക വേഷവും ഫഹദിന്റെ വില്ലനിസവും ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ഡിംസംബര്‍ 17നാണ് ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ റിലീസ്. സിനിമയുടെ നാല്‍പതോളം വരുന്ന അണിയറപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ് അല്ലു അര്‍ജുന്‍. 10 ഗ്രാം വീതമുള്ള സ്വര്‍ണനാണയങ്ങളാണ് ഓരോരുത്തര്‍ക്കും അല്ലു സമ്മാനമായി നല്‍കിയത്. ഇതുകൂടാതെ പ്രൊഡക്ഷന്‍ സ്റ്റാഫുകള്‍ക്ക് 10 ലക്ഷം രൂപയും താരം സമ്മാനമായി നല്‍കി. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

🔳ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബെനെല്ലി ഇപ്പോള്‍ ഒരു പുതിയ ബെനെല്ലി ടിആര്‍കെ 251 പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ്. ഇത് ബ്രാന്‍ഡിന്റെ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ബൈക്കായിരിക്കും. ബൈക്കിന്റെ ബുക്കിംഗും കമ്പനി തുടങ്ങി. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് പുതിയ ബെനെല്ലി ടിആര്‍കെ 251 ഓണ്‍ലൈനിലോ അംഗീകൃത ഡീലര്‍ഷിപ്പിലോ 6,000 രൂപ ടോക്കണ്‍ തുക നല്‍കി മുന്‍കൂട്ടി ബുക്ക് ചെയ്യാം. പുതിയ ബെനെല്ലി ടിആര്‍കെ 251 എഡിവി ഗ്ലോസി വൈറ്റ്, ഗ്ലോസി ബ്ലാക്ക്, ഗ്ലോസി ഗ്രേ എന്നിങ്ങനെ കളര്‍ ഓപ്ഷനുകളിലാണ് വരുന്നത്.

🔳ജീവിതം സമരാഗ്നിയും അഗ്നിപരീക്ഷണവുമായിരുന്ന ഒരു പഴയ കാലഘട്ടത്തെ, പുതിയ തലമുറയ്ക്ക് അനുഭവവേദ്യമാക്കുന്ന യശ്പാലിന്റെ ആത്മകഥാ പ്രധാനമായ പുസ്തകമാണ് ‘കൊടുങ്കാറ്റടിച്ച നാളുകള്‍’. ദേശാഭിമാന പ്രചോദിതമായ സാമ്രാജ്യത്വ വാഴ്ചയുടെ കാലഘട്ടത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ നിണമണിഞ്ഞ വഴിത്താരകളെ ആലേഖനം ചെയ്യുന്ന ഒരു ഗ്രന്ഥം കൂടിയാണിത്. ഗ്രീന്‍ ബുക്സ്. വില 252 രൂപ.

🔳പുരുഷന്മാരിലെ ഉദ്ധാരണശേഷിക്കുറവും ലൈംഗിക ബലഹീനതയും പരിഹരിക്കുന്നതിനായി ഉപയോഗിക്കുന്ന മരുന്നാണ് വയാഗ്ര. അല്‍ഷിമേഴ്‌സ് രോഗത്തെ ചികിത്സിക്കാന്‍ വയാഗ്ര ഉപയോഗിക്കാമെന്ന് യുഎസ് പഠനം. യുഎസിലെ ക്ലീവ്‌ലന്‍ഡ് ക്ലിനിക്കിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അല്‍ഷിമേഴ്‌സ് രോഗം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നു. കേസുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും, നിലവില്‍ ഫലപ്രദമായ ചികിത്സയില്ല. അല്‍ഷിമേഴ്‌സ് ചികിത്സിക്കാന്‍ യുഎസില്‍ ഉപയോഗിക്കുന്ന 1600 മരുന്നുകളില്‍ കൂടുതല്‍ ഫലപ്രദം ഏതാണെന്ന് കണ്ടെത്താനാണ് ഗവേഷകര്‍ പഠനം നടത്തിയത്. വയാഗ്ര ഉപയോഗിക്കുന്നവരില്‍ അല്‍ഷിമേഴ്‌സ് പിടിപെടാനുള്ള സാധ്യത 69 ശതമാനം കുറവാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ഫെയ്ക്‌സിയോങ് ചെങ് പറഞ്ഞു. വയാഗ്ര അഥവാ സില്‍ദെനാഫില്‍ ഉപയോഗവും അല്‍ഷിമേഴ്‌സ് രോഗവും തമ്മിലുള്ള ബന്ധം പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു. നേച്ചര്‍ ഏജിംഗ് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു.

*ശുഭദിനം*

വളരെ അപകടകരമായ കാലാവസ്ഥയിലൂടെയാണ് ആ കപ്പല്‍ കടന്നുപോയിക്കൊണ്ടിരുന്നത്. കപ്പല്‍ അപകടാവസ്ഥയിലാണെന്നും എല്ലാവരും ലൈഫ് ബോട്ടില്‍ കയറണമെന്നും ക്യാപ്റ്റന്റെ നിര്‍ദ്ദേശം വന്നു. ഒരു കുടുംബത്തില്‍ നിന്നും ഒന്നില്‍ കൂടുതല്‍ ആളുകളുണ്ടെങ്കില്‍ ഒരാള്‍കയറുക എന്ന നിര്‍ദ്ദേശവും വന്നെത്തി. അപ്പോള്‍ ഒരു സ്ത്രീ അവരുടെ ഭര്‍ത്താവിനെ ലൈഫ് ബോട്ടില്‍ കയറ്റി അയച്ചു. ആ തീരുമാനം കപ്പലിലെ പലര്‍ക്കും ഇഷ്ടപ്പെട്ടില്ല. പക്ഷേ, അവര്‍ അതൊന്നും ശ്രദ്ധിക്കാതെ തന്റെ ഭര്‍ത്താവിനെ കൈവീശി യാത്രയാക്കി. താമസിയാതെ കപ്പല്‍ മുങ്ങുകയും അവര്‍ മരിക്കുകയും ചെയ്തു. കാലങ്ങള്‍ കടന്നുപോയി. തന്റെ ഏകമകളെ അയാള്‍ നല്ലവണ്ണം വളര്‍ത്തി. എങ്കിലും അമ്മയെ മരണത്തിന് വിട്ടുകൊടുത്തിട്ട് രക്ഷപ്പെട്ടു വന്ന അച്ഛനോട് അവള്‍ക്ക് ഉള്ളില്‍ നീരസം ഉണ്ടായിരുന്നു. ഇടയ്‌ക്കൊക്കെ അവള്‍ അത് അച്ഛനോട് പ്രകടിപ്പിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ കഴിഞ്ഞ് അച്ഛന്‍ മരിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ഡയറി അവള്‍ക്ക് കിട്ടുന്നത്. അത് വായിച്ച അവള്‍ക്ക് ഒരു കാര്യം മനസ്സിലായി. ഗുരുതരരോഗം ബാധിച്ച് മരണത്തോടടുത്ത അമ്മയുടെ സന്തോഷത്തിന് വേണ്ടിയായിരുന്നു അവര്‍ അന്ന് ആ കപ്പല്‍ യാത്ര നടത്തിയിരുന്നത് എന്ന്! നമുക്കെല്ലാവര്‍ക്കും പൊതുജീവിതവും സ്വകാര്യ ജീവിതവും ഉണ്ട്. മറയ്‌ക്കേണ്ടതെല്ലാം മറച്ചുവെച്ചും വെളിപ്പെടുത്തേണ്ടതെല്ലാം വെളിപ്പെടുത്തിയും അതിനെ മോടിപിടിപ്പിച്ചുമാണ് പൊതുജീവിതം. ഒരാളെടുക്കുന്ന തീരുമാനങ്ങള്‍ മറ്റാര്‍ക്കും മനസ്സിലാകില്ല. അതേ സാഹചര്യത്തിലൂടെയും വൈകാരികതയിലൂടെയും അയാള്‍ മാത്രമാണ് കടന്നുപോകുന്നത്. അന്യരുടെ ആ നിമിഷത്തെ മാനസികനിലയെക്കുറിച്ച് ഒന്നുമറിയില്ലെങ്കില്‍ അവരുടെ തിരഞ്ഞെടുപ്പുകളെ അവഹേളിക്കാതിരിക്കാന്‍ നമുക്ക് ശ്രമിച്ചുകൂടേ..മുന്‍വിധികളില്‍ അധിഷ്ഠിതമായ ധാരണയിലൂടെയാണ് ഓരോരുത്തരും കടന്ന് പോകുന്നത്. സത്യമെന്തെന്ന് അറിഞ്ഞാല്‍ ആ ധാരണകള്‍ പലതും തിരുത്തേണ്ടിവരും. അതുകൊണ്ട് സത്യമറിയാന്‍ ശ്രമിക്കാറുമില്ല. നമുക്ക് മനസ്സുഖം ലഭിക്കുന്നവിധത്തില്‍ അപരനെ വ്യാഖ്യാനിക്കാനാണ് നമുക്കിഷ്ടം. നമ്മുടെ മുന്‍വിധികളേയും അതിലധിഷ്ഠിതമായ ധാരണകളെയും മാറ്റാന്‍ ശ്രമിക്കാം. വിധിക്കും മുന്‍പ് സത്യമറിയാന്‍ ശ്രമിക്കാം