🔳ഉത്തര്‍പ്രദേശില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശുചീകരണ തൊഴിലാളിയായ യുവാവിന്റെ വീട്ടില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെത്തി. പ്രിയങ്കാ ഗാന്ധിയുള്‍പ്പെടെ നാല് പേര്‍ക്കാണ് യുപി സര്‍ക്കാര്‍ യാത്രാനുമതി നല്‍കിയത്. നേരത്തെ പ്രിയങ്കാ ഗാന്ധിയെ യാത്രാമധ്യേ പൊലീസ് തടഞ്ഞിരുന്നു. ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയില്‍ പ്രിയങ്കയുടെ വാഹന വ്യൂഹത്തെ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. താന്‍ വീട്ടിലും ഓഫിസിലും അല്ലാതെ എവിടെ പോയാലും യുപി പൊലീസിന്റെ തമാശ തുടങ്ങുമെന്ന് പ്രിയങ്ക പറഞ്ഞു.
🔳മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വ്വീസുകള്‍ക്കായി തയ്യാറാക്കിയ വെബ് അധിഷ്ഠിത പ്രൊജക്റ്റ് മോണിറ്ററിംഗ് പോര്‍ട്ടല്‍ മന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ ദില്ലിയില്‍ പുറത്തിറക്കി. ഭാസ്‌കരാചാര്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പേസ് ആപ്ലിക്കേഷന്‍സ് ആന്‍ഡ് ജിയോ-ഇന്‍ഫര്‍മാറ്റിക്സ് വികസിപ്പിച്ചെടുത്ത പോര്‍ട്ടല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ മിഷന്റെ മേല്‍നോട്ടത്തിലും നിര്‍ദ്ദേശത്തിലുമാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. സൈനിക നിര്‍മ്മാണ പദ്ധതികള്‍ക്ക് വേണ്ടിയുള്ള ആദ്യത്തെ ഏകീകൃത പോര്‍ട്ടലാണിത്. പദ്ധതികളുടെ ആരംഭം മുതല്‍ പൂര്‍ത്തീകരണം വരെ തത്സമയം നിരീക്ഷിക്കാന്‍ ഇതുവഴി സാധിക്കും.
🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 18,357 കോവിഡ് രോഗികളില്‍ 11,150 രോഗികള്‍ കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 160 മരണങ്ങളില്‍ 82 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 1,72,519 സജീവരോഗികളില്‍ 82,804 രോഗികള്‍ കേരളത്തിലാണുള്ളത്.
🔳സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. പാലക്കാട് ജില്ലയിലെ മംഗലം ഡാം പരിസരത്ത് രണ്ടിടത്ത് ഉരുള്‍പൊട്ടി. അപകടത്തില്‍ ആളപായമില്ല. മലപ്പുറത്തും ഉരുള്‍പൊട്ടി ഉണ്ടായി. അതിരപ്പള്ളി, വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും അടച്ചു.കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയില്‍ 19 കുടുംബങ്ങളിലെ 83 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വൈത്തിരി താലൂക്കില്‍ മൂന്നും മാനന്തവാടി താലൂക്കില്‍ ഒന്നും ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞെങ്കിലും , തുറന്ന മൂന്ന് ഷട്ടറുകളും ഇന്നലെ വരെ അടച്ചിട്ടില്ല.
🔳സംസ്ഥാനത്തെ മലയോരമേഖലകളില്‍ ശക്തമായ മഴ. തെക്കന്‍ തമിഴ്നാട് തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി കൂടി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും. മണിക്കൂറില്‍ 40 കി മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാം. ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോരമേഖലകളിലാണ് കൂടുതല്‍ മേഘസാന്നിധ്യം. കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത കൂടുതലായതിനാല്‍ അതീവ ജാഗ്രത മുന്നറിയിപ്പ്. ചൊവ്വാഴ്ച തുലാവര്‍ഷം എത്തുന്നതിന് മുന്നോടിയായാണ് നിലവില്‍ കിഴക്കന്‍ കാറ്റ് സജീവമാകുന്നതും മഴ വീണ്ടും ശക്തമാകുന്നതും.
🔳സംസ്ഥാനത്തെ മഴക്കെടുതി ഗുരുതരമായി ബാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ മാസം 12 മുതല്‍ ഇന്നലെവരെ 42 മരണമാണ് മഴക്കെടുതിയില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 304 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 3859 കുടുംബങ്ങള്‍ കഴിയുന്നത് ക്യാമ്പുകളിലാണ്. ക്യാമ്പുകളില്‍ കൊവിഡ് പകരാതിരിക്കാന്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പില്‍ പുറത്ത് നിന്നുള്ളവരുടെ സമ്പര്‍ക്കം ഒഴിവാക്കണം. ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ക്യാമ്പുകളില്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
*അമല ബിഎംടി യൂണിറ്റ്*
അമല ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ബോണ്‍മാരോ ട്രാന്‍സ്‌പ്ലേന്റേഷന്‍ യൂണിറ്റിന് തുടക്കമായി. രക്താര്‍ബുദത്തിനും രക്തസംബന്ധമായ രോഗങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുന്നതിനായി ആരംഭിച്ച ബോണ്‍മാരോ ട്രാന്‍സ്‌പ്ലേന്റേഷന്‍ യൂണിറ്റിന് ഒക്ടോബര്‍ 14-ാം തിയ്യതി അഭിവന്ദ്യ തൃശൂര്‍ അതിരൂപതാ മെത്രാപൊലീത്താ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആശിര്‍വാദ കര്‍മ്മം നിര്‍വഹിച്ചു. ഒക്ടോബര്‍ 15-ാം തിയ്യതി ബഹുമാനപ്പെട്ട റവന്യൂ മന്ത്രി അഡ്വ.കെ.രാജന്‍ ബിഎംടി യൂണിറ്റ് സമുച്ചയം ഉദ്ഘാടനം നിര്‍വഹിച്ചു.
🔳കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ വൈകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കാലാവസ്ഥ വിഭാഗം ബോധപൂര്‍വം ചെയ്യുന്നതാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും കണ്ണൂര്‍ കോഴിക്കോട് മലപ്പുറം തൃശൂര്‍ ജില്ലകളുടെ മലയോരത്ത് ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
🔳എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി മന്ത്രിമാരുടെ ഓഫീസുകളില്‍ വരരുതെന്ന മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ സിപിഎമ്മില്‍ വ്യത്യസ്ത അഭിപ്രായം ഇല്ലെന്നും ഇത് പുതിയ നിലപാട് അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴും സമാന നിലപാട് എടുത്തിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
🔳സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നുണ്ട്. ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണവും കുറയുന്നു. സിറോ സര്‍വേയില്‍ 82 ശതമാനത്തിന് പ്രതിരോധ ശേഷി കണ്ടെത്തി. കുട്ടികളില്‍ ഇത് 40 ശതമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
🔳ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി ചെറിയാന്‍ ഫിലിപ്പിനെ നിയമിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. പദവി ഏറ്റെടുക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നുവെങ്കിലും ചെറിയാനെ അനുനയിപ്പിക്കാനുള്ള ശ്രമം ഇടത് കേന്ദ്രങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, ദുരന്തനിവാരണത്തിലെ വീഴ്ചയില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചതാണ് നിയമനം റദ്ദാക്കിയുള്ള ഉത്തരവിന് പിന്നിലെന്നാണ് സൂചന.
🔳ചെറിയാന്‍ ഫിലിപ്പിന്റെ വിമര്‍ശനവും അദ്ദേഹത്തെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചുള്ള ഉത്തരവ് റദ്ദാക്കിയതുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഒറ്റ ദിവസം കൊണ്ടോ ഒരു വര്‍ഷം കൊണ്ടോ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഒന്നല്ലെന്നും മഴ ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സംസ്ഥാനത്ത് ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നല്ല രീതിയില്‍ തുടര്‍ നടപടി ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവന എന്തിന്റെ ഭാഗമാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും എങ്കിലും അത്തരം ഉല്‍ക്കണ്ഠ ഉള്ളവരോട് ഫലപ്രഥമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
🔳വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്ര സംഭാവന നല്‍കുന്ന വിശിഷ്ട വ്യക്തികള്‍ക്ക് പരമോന്നത സംസ്ഥാന ബഹുമതി ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ പദ്മ പുരസ്‌കാരത്തിന്റെ മാതൃകയിലാണ് സംസ്ഥാന തലത്തില്‍ പരമോന്നത ബഹുമതി ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരള പുരസ്‌കാരം എന്നാണ് പുരസ്‌കാരത്തിന്റെ പേര്. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി പുരസ്‌കാരം നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
🔳ചന്ദ്രിക കള്ളപ്പണ കേസില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങളുടെ മൊഴി എന്‍ഫോഴ്സ്മെന്റ് രേഖപ്പെടുത്തി. കൊച്ചിയിലെ ഇഡി ഓഫീസിലായിരുന്നു മൊഴിയെടുക്കല്‍. ഇന്നലെ ഉച്ചയോടെയാണ് മുഈന്‍ അലി തങ്ങള്‍ കൊച്ചി ഇഡി ഓഫീസില്‍ ഹാജരായത്. ചന്ദ്രികയുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെന്നും കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ മുഈന്‍ അലി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഈന്‍ അലിയെ ചോദ്യം ചെയ്യാന്‍ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചത്.
🔳ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ആര്യന്‍ ഖാന് ജാമ്യമില്ല. മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് സെഷന്‍സ് കോടതിയുടേതാണ് വിധി. ആര്യന്‍ ഖാനൊപ്പം കൂട്ടുപ്രതികളായ മുന്‍മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്റ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി. ഇതോടെ ആര്യന്‍ ഖാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ തുടരും.
🔳പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങിന്റെ പുതിയ പര്‍ട്ടിയുമായി സഖ്യത്തിന് തയ്യാറാണെന്ന് ബി.ജെ.പി സംസ്ഥാന ഘടകം. ബി.ജെ.പി പഞ്ചാബ് ചുമതലക്കാരനായ ദുഷ്യന്ത് ഗൗതമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘രാജ്യത്തെ കുറിച്ചും ദേശസുരക്ഷയെ കുറിച്ചും കരുതലുള്ളവരുമായി സഖ്യത്തില്‍ ഏര്‍പ്പെടാന്‍ ബി.ജെ.പി എന്നും തയ്യാറായാണെന്നും സഖ്യത്തിനായി ഞങ്ങളുടെ വാതിലുകള്‍ തുറന്ന് കിടക്കുകയാണെന്നും പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് വിഷയത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഗൗതം പറഞ്ഞു.
🔳പുതിയ പാകിസ്താന്‍ എന്ന വാഗ്ദാനത്തില്‍ അധികാരത്തിലെത്തിയ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാക് സര്‍ക്കാര്‍ രാജ്യത്തെ സമ്പദ്‌വ്യസ്ഥയെ താങ്ങിനിര്‍ത്താനുള്ള ശ്രമങ്ങളില്‍ പരാജയപ്പെടുന്നതിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ പാകിസ്താനില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പാകിസ്താന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ സാമ്പത്തികപ്രതിസന്ധിയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
🔳അഫ്ഗാനിസ്ഥാനില്‍ വനിതാ ജൂനിയര്‍ ദേശീയ വോളിബോള്‍ താരത്തെ താലിബാന്‍ തലയറുത്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ പേര്‍ഷ്യന്‍ ഇന്‍ഡിപ്പെന്റിന് നല്‍കിയ അഭിമുഖത്തില്‍ ടീമിന്റെ കോച്ചാണ് ഇക്കാര്യം പറഞ്ഞത്. മഹ്ജാബിന്‍ ഹക്കീമി എന്ന താരമാണ് കൊല്ലപ്പെട്ടതെന്ന് പറയുന്നു. ഒക്ടോബര്‍ ആദ്യത്തിലായിരുന്നു കൊലപാതകം. എന്നാല്‍ സംഭവം ആരുമറിഞ്ഞില്ലെന്നും ഇവര്‍ വെളിപ്പെടുത്തി.
🔳ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഓസ്ട്രേലിയയെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് തുടര്‍ച്ചയായ രണ്ടാം സന്നാഹമത്സരവും ഇന്ത്യ ജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത് ഓസീസ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 പന്ത് ബാക്കി നിര്‍ത്തി മറികടന്നു.41 പന്തില്‍ 60 റണ്‍സടിച്ച രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
🔳ടി20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 13 റണ്‍സിന് കീഴടക്കി ഇംഗ്ലണ്ട് വിജയവഴിയില്‍ തിരിച്ചെത്തി. ആദ്യ സന്നാഹത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് തോറ്റിരുന്നു. ന്യൂസിലന്‍ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തപ്പോള്‍ ആറാം ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന ശക്തമായ നിലയിലെത്തിയിട്ടും ന്യൂസിലന്‍ഡ് 19.2 ഓവറില്‍ 150 റണ്‍സിന് ഓള്‍ ഔട്ടായി.
🔳ക്രിക്കറ്റില്‍ നമീബിയക്ക് ഇത് ചരിത്രനിമിഷം. ട്വന്റി-20 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ച് നമീബിയ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. ആറു പന്ത് ശേഷിക്കെ ആറു വിക്കറ്റിനായിരുന്നു നമീബിയയുടെ വിജയം. 165 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ നമീബിയയെ ഡേവിഡ് വൈസിന്റെ ബാറ്റിങ്ങാണ് വിജയതീരത്തെത്തിച്ചത്. 40 പന്തില്‍ നാല് ഫോറിന്റേയും അഞ്ച് സിക്‌സിന്റേയും സഹായത്തോടെ ഡേവിഡ് വൈസ് 66 റണ്‍സ് അടിച്ചു.
🔳കേരളത്തില്‍ ഇന്നലെ 94,151 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ണകജഞ) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 82 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 27,084 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 41 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,689 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 348 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8592 പേര്‍ രോഗമുക്തി നേടി. ഇതോടെ 82,738 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.08 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 46.50 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍ 1168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625, കണ്ണൂര്‍ 531, ഇടുക്കി 439, പത്തനംതിട്ട 427, പാലക്കാട് 415, വയനാട് 328, കാസര്‍ഗോഡ് 159.
🔳രാജ്യത്ത് ഇന്നലെ 18,357 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 17,558 പേര്‍ രോഗമുക്തി നേടി. മരണം 160. ഇതോടെ ആകെ മരണം 4,52,844 ആയി. ഇതുവരെ 3,41,26,682 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.72 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 1,825 പേര്‍ക്കും തമിഴ്നാട്ടില്‍ 1,170 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ ഇന്നലെ 4,26,320 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 61,667 പേര്‍ക്കും ഇംഗ്ലണ്ടില്‍ 49,139 പേര്‍ക്കും റഷ്യയില്‍ 34,073 പേര്‍ക്കും തുര്‍ക്കിയില്‍ 29,760 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 24.27 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.77 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 6,953 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1698 പേരും റഷ്യയില്‍ 1028 പേരും മെക്സിക്കോയില്‍ 446 പേരും ഉക്രെയിനില്‍ 495 പേരും റൊമാനിയയില്‍ 414 പേരും ബ്രസീലില്‍ 336 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49.36 ലക്ഷം.
🔳മൊബൈല്‍ സേവനരംഗത്ത് പ്രമുഖ ടെലികോം കമ്പനിയായ ജിയോ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഓഗസ്റ്റില്‍ 6.49 ലക്ഷം മൊബൈല്‍ വരിക്കാരെയാണ് ജിയോ പുതുതായി ചേര്‍ത്തത്. മുഖ്യ എതിരാളിയായ എയര്‍ടെലിന് ഇക്കാലയളവില്‍ 1.38 ലക്ഷം വരിക്കാരെ മാത്രമാണ് പുതുതായി കമ്പനിയുടെ ഭാഗമാക്കാന്‍ സാധിച്ചുള്ളൂ. വൊഡഫോണിന് സ്വന്തം ഉപഭോക്താക്കള്‍ നഷ്ടപ്പെടുന്നത് തുടരുകയാണ്. ഓഗസ്റ്റില്‍ 8.33 ലക്ഷം വരിക്കാരെയാണ് നഷ്ടമായത്. ജൂലൈയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്. ആറരലക്ഷം ഉപഭോക്താക്കളെ കൂടി കിട്ടിയതോടെ, ജിയോയുടെ വരിക്കാരുടെ എണ്ണം 44.38 കോടിയായി. 35.41 കോടി ഉപഭോക്താക്കളാണ് എയര്‍ടെല്‍ ഉപയോഗിക്കുന്നത്. വൊഡഫോണിന് 27.1 കോടി ഉപഭോക്താക്കളാണ് ഉള്ളതെന്ന് ട്രായിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
🔳ടെക് ഭീമന്‍ ഫേസ്ബുക്ക് പുതിയ പേരില്‍ റീബ്രാന്‍ഡിങ്ങിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ‘മെറ്റാവേഴ്സ്’ പദ്ധതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പേര് സ്വീകരിക്കുന്നതെന്നും ഇതുമായി ചേര്‍ന്ന പേരായിരിക്കും പുതിയതെന്നും കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം 28ന് നടക്കുന്ന വാര്‍ഷിക കണക്ട് കോണ്‍ഫറന്‍സില്‍ കമ്പനിയുടെ പുതിയ പേര് സുക്കര്‍ബര്‍ഗ് പ്രഖ്യാപിക്കുമെന്നാണ് വിവരം. നിലവില്‍ ഇന്റര്‍നെറ്റ് ഉള്ളടക്കത്തിന്റെ കാഴ്ചക്കാരന്‍ മാത്രമാണ് ശരാശരി ഉപയോക്താവെങ്കില്‍ മെറ്റാവേഴ്‌സില്‍ അയാളും ഉള്ളടക്കത്തിന്റെ ഭാഗമായിരിക്കും.
🔳ഓസ്‌കര്‍ അവാര്‍ഡിന് പരിഗണിക്കാനുള്ള ഇന്ത്യന്‍ സിനിമകളില്‍ മലയാളത്തില്‍ നിന്ന്, മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടും. തമിഴില്‍ നിന്ന് യോഗി ബാബു കേന്ദ്രകഥാപാത്രമായ മണ്ടേല, വിദ്യാ ബാലന്‍ കേന്ദ്രകഥാപാത്രമായ ഹിന്ദി ചിത്രം ഷേര്‍ണി, ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത സര്‍ദാര്‍ ഉദ്ദം എന്നിവയും മത്സരിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനാലോളം ചിത്രങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മാര്‍ച്ച് 27നാണ് 94-മത് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ്. ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ നായാട്ട്, മികച്ച നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ്.
🔳തെന്നിന്ത്യയില്‍ സൂപ്പര്‍ ഹിറ്റായ ചിത്രമായിരുന്നു അല്ലു അര്‍ജുന്‍ നായകനായി എത്തിയ ആര്യ. ചിത്രത്തിന്റെ മൂന്നാം ഭാഗത്തില്‍ അല്ലു അര്‍ജുന് പകരം വിജയ് ദേവരകൊണ്ട നായകനാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. അല്ലു അര്‍ജുനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പുഷ്പയ്ക്ക് ശേഷം, സംവിധായകന്‍ സുകുമാര്‍ ആര്യ 3യുടെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്. അല്ലു അര്‍ജുന് താരപദവി നേടിക്കൊടുത്ത ചിത്രമായിരുന്നു ആര്യ. തന്റെ അടുത്ത ചിത്രം വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പമാണെന്ന് സുകുമാര്‍ പ്രഖ്യാപിച്ചിരുന്നു.
🔳ഉത്സവ സീസണോടനുബന്ധിച്ച് തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷനുമായി ടൊയോറ്റ. ഈ ഉത്സവ സീസണില്‍ മോഡലിനെ ആകര്‍ഷണീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൊയോറ്റ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. പെട്രോള്‍ പതിപ്പിന് 17.18 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 18.99 ലക്ഷം രൂപയുമാണ് ലിമിറ്റഡ് എഡിഷന്റെ അടിസ്ഥാനവില.
🔳കരുതലിന്റെ സ്പര്‍ശങ്ങളാണ് സിവിക് ജോണിന്റെ ഓരോ കഥയും. മെല്ലെ മെല്ലെ സ്നേഹത്തിന്റെ ഇല്ലാ നിര്‍വചങ്ങളെ ചുറ്റിപ്പറ്റി ലളിതമെന്നു പുറമെ തോന്നിക്കുന്ന മട്ടില്‍ ഭ്രമണം ചെയ്യുന്നവ. ‘ഛായ’. സൈന്‍ ബുക്സ്. വില 104 രൂപ.
🔳ഗര്‍ഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ആദ്യ ഡോസ് വാക്‌സിന്‍ പ്രതിരോധ ശേഷിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നില്ലെന്നാണ് പഠനം പറയുന്നത്. ‘സയന്‍സ് ട്രാന്‍സിഷണല്‍ മെഡിസിന്‍’ എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. ഗര്‍ഭിണികളോ മുലയൂട്ടുന്നവരോ അല്ലാത്ത സ്ത്രീകളെ താരതമ്യപ്പെടുത്തുമ്പോള്‍ ഗര്‍ഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ആദ്യ ഡോസ് വാക്‌സിന്‍ പ്രതിരോധശേഷിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നില്ലെന്നും എന്നാല്‍ രണ്ടാമത് ഡോസ് സ്വീകരിക്കുമ്പോള്‍ പ്രതിരോധശേഷിയില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും രോഗകാരിക്കെതിരായ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും പഠനം പറയുന്നു. ഗര്‍ഭിണികള്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യമാണ് പ്രധാനമായും ഈ പഠനം ചൂണ്ടിക്കാട്ടുന്നത്. ഫൈസര്‍, മൊഡേണ, ബയോഎന്‍ടെക് വാക്‌സിനുകളാണ് പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചിട്ടുള്ളത്. കൊവിഡ് ബാധിതരായാല്‍ ഗര്‍ഭിണികളില്‍ ലക്ഷണങ്ങള്‍ തീവ്രമാകാനുള്ള സാധ്യതള്‍ കൂടുതലാണ്. ഇത് കുഞ്ഞിനെയും അമ്മയെയും ഒരേസമയം മോശമായി ബാധിക്കാം. അതിനാല്‍ തന്നെ സുരക്ഷിതത്വത്തിനായി വാക്‌സിന്‍ സ്വീകരിക്കുന്നതാണ് ഉചിതം.