പ്രഭാത വാർത്തകൾ
🔳സംസ്ഥാനത്തെ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ടുകള്‍ തുറക്കാന്‍ തീരുമാനം. ഇടുക്കി, പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ ഇന്ന് തുറക്കും. ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് തുറക്കുക. മൂന്ന് ഷട്ടറുകള്‍ 35 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തും. ഡാമില്‍ നിന്നും വെള്ളം ഒഴുകിവരുന്ന അഞ്ച് വില്ലേജുകളിലെ എഴുപതോളം കുടുംബങ്ങളെ ഇതിന് മുന്നോടിയായി മാറ്റിപ്പാര്‍പ്പിക്കും. ഇടുക്കി തുറക്കുന്നതിന്റെ ഭാഗമായി ഇടമലയാര്‍ അണക്കെട്ടും ഇന്ന് രാവിലെ ആറിന് തുറക്കും. പരമാവധി 80 സെന്റിമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തുന്നത്. ഇടുക്കിക്കും ഇടമലയാറിനും പുറമെ പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ ഇന്ന് പുലര്‍ച്ചെ തുറക്കും.
🔳തൃശ്ശൂര്‍ ജില്ലയിലെ ലോവര്‍ ഷോളയാര്‍ ഡാം ഇന്നലെ തുറന്നു. പെരിങ്ങല്‍കുത്ത്, പീച്ചി, ചിമ്മിനി ഡാമുകളും കഴിഞ്ഞദിവസങ്ങളില്‍ തുറന്നിരുന്നു. പത്തനംതിട്ട ജില്ലയിലെ കക്കി ആനത്തോട് , മൂഴിയാര്‍, മണിയാര്‍, കോഴിക്കോട് പെരുവണ്ണാമൂഴി, പാലക്കാട് ജില്ലയിലെ മലമ്പുഴ, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, മംഗലം, ചുള്ളിയാര്‍, ശിരുവാണി ഡാമുകളും തുറന്നു.
🔳സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളം തുറന്നു വിടാന്‍ തീരുമാനിച്ച അണക്കെട്ടുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് ഡാമുകളിലെ വെള്ളം തുറന്നു വിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
🔳ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്നലെ രാജ്യവ്യാപകമായി ട്രെയിനുകള്‍ തടഞ്ഞ് കര്‍ഷകര്‍ പ്രതിഷേധിച്ചു. സമരം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ട്രെയിന്‍ ഗതാഗതത്തെ കാര്യമായി ബാധിച്ചു. പഞ്ചാബിലും, ഹരിയാനയിലും ട്രെയിന്‍ ഗതാഗതം ഏതാണ്ട് പൂര്‍ണമായി തടസപ്പെട്ടു. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ കര്‍ഷകര്‍ റെയില്‍വെ പാളങ്ങളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. യു പി, ബീഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര , പശ്ചിമ ബംഗാള്‍, ഒഡീഷ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും കര്‍ഷകരുടെ സമരം ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു. അതിനിടെ യുപിയിലെ ലഖിംപൂര്‍ ഖേരിയിലെ ആക്രമണത്തില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍. സുമിത് ജെയ്സ്വാള്‍, നന്ദന്‍ സിംഗ് ഭിഷ്ട്,ശിശുപാല്‍, സത്യപ്രകാശ് ത്രിപാതി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സുമിത് ജെയ്സ്വാള്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുന്ന വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു.
🔳നാവികസേന ഓര്‍ഡര്‍ ചെയ്ത 41 അന്തര്‍വാഹിനികളില്‍ 39 എണ്ണം ഇന്ത്യന്‍ കപ്പല്‍ശാലകളില്‍ നിന്നാണെന്ന് അറിയുന്നത് വളരെ അഭിമാനകരമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. 2021 ലെ നാവിക കമാന്‍ഡേഴ്സ് കോണ്‍ഫറന്‍സിന്റെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്. പ്രധാനമന്ത്രിയുടെ ‘ആത്മ നിര്‍ഭാര്‍ ഭാരത്’ എന്ന വീക്ഷണത്തിന് അനുസൃതമായി, നമ്മുടെ നാവികസേന സ്വാശ്രയ, കപ്പല്‍ നിര്‍മ്മാണത്തില്‍ സ്വദേശിവല്‍ക്കരണം, അന്തര്‍വാഹിനികളുടെ നിര്‍മ്മാണം തുടങ്ങിയവയില്‍ മുന്‍പന്തിയിലാണ് എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 12,336 കോവിഡ് രോഗികളില്‍ 6,676 രോഗികള്‍ കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 164 മരണങ്ങളില്‍ 60 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 1,76,599 സജീവരോഗികളില്‍ 83,250 രോഗികള്‍ കേരളത്തിലാണുള്ളത്.
*അമല ബിഎംടി യൂണിറ്റ്*
അമല ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ബോണ്‍മാരോ ട്രാന്‍സ്‌പ്ലേന്റേഷന്‍ യൂണിറ്റിന് തുടക്കമായി. രക്താര്‍ബുദത്തിനും രക്തസംബന്ധമായ രോഗങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുന്നതിനായി ആരംഭിച്ച ബോണ്‍മാരോ ട്രാന്‍സ്‌പ്ലേന്റേഷന്‍ യൂണിറ്റിന് ഒക്ടോബര്‍ 14-ാം തിയ്യതി അഭിവന്ദ്യ തൃശൂര്‍ അതിരൂപതാ മെത്രാപൊലീത്താ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആശിര്‍വാദ കര്‍മ്മം നിര്‍വഹിച്ചു. ഒക്ടോബര്‍ 15-ാം തിയ്യതി ബഹുമാനപ്പെട്ട റവന്യൂ മന്ത്രി അഡ്വ.കെ.രാജന്‍ ബിഎംടി യൂണിറ്റ് സമുച്ചയം ഉദ്ഘാടനം നിര്‍വഹിച്ചു.
➖➖➖➖➖➖➖➖
🔳കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒരാള്‍ കൂടി മരിച്ചെന്ന് സംശയം. ഒരാളുടെ കൂടി മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. മൃതദേഹം ജീര്‍ണിച്ച അവസ്ഥയില്‍ ആയതിനാല്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ശരീര ഭാഗങ്ങള്‍ ആരുടേതെന്ന് കണ്ടെത്താന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നും തഹസില്‍ദാര്‍ വ്യക്തമാക്കി.
🔳വി.എം.സുധീരനൊക്കെ വലിയ വലിയ ആളുകളാണ്, എന്നാല്‍ അദ്ദേഹത്തെ എടുത്ത് ചുമലില്‍ വെച്ചു നടക്കാന്‍ കഴിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. സുധീരനെ കൂട്ടിയോജിപ്പിച്ച് പാര്‍ട്ടിയെ നയിക്കാന്‍ പരാജയപ്പെട്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സുധീരനെ പോയി കണ്ടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമയും ചോദിച്ചു. അത്രയേ ഞാന്‍ പഠിച്ചിട്ടുള്ളൂ, എന്നെ പഠിപ്പിച്ചിട്ടുള്ളൂവെന്നും സുധാകരന്‍ വ്യക്തമാക്കി.
🔳തിരക്ക് കുറഞ്ഞ സമയങ്ങളില്‍ യാത്രാ നിരക്ക് കുറച്ച് കൊച്ചി മെട്രോ. രാവിലെ ആറ് മണി മുതല്‍ എട്ട് മണിവരെയും രാത്രി എട്ട് മുതല്‍ 10.50 വരെയും ആണ് ഇളവ്. യാത്രാ നിരക്ക് കുറയ്ക്കണമെന്ന ഉപഭോക്താക്കളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കൊച്ചി മെട്രോ അറിയിച്ചു.
🔳പെരിയ ഇരട്ടക്കൊല കേസില്‍ മന്ത്രി എം.വി ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറി വിപിപി മുസ്തഫയെ സിബിഐ ചോദ്യം ചെയ്തു. സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കൂടിയാണ് മുസ്തഫ. അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഡിവൈഎസ്പി ടിപി അനന്തകൃഷ്ണനാണ് ചോദ്യം ചെയ്തത്.
🔳സംസ്ഥാനത്ത് മഴക്കെടുതിയില്‍ കെഎസ്ഇബിക്ക് 15.74 കോടിയുടെ നഷ്ടമുണ്ടായെന്ന് വിലയിരുത്തല്‍. 5,20,000 കണക്ഷനുകളാണ് റദ്ദായത്. ഇതില്‍ നാല്‍പ്പത്തി അയ്യായിരം കണക്ഷനുകള്‍ ഇനിയും പുനസ്ഥാപിക്കാനുണ്ടെന്നും അവ യുദ്ധകാലാടിസ്ഥാനത്തില്‍ പുനസ്ഥാപിക്കുമെന്നും കെഎസ് ഇബി ചെയര്‍മാന്‍ അറിയിച്ചു.
🔳കരിപ്പൂര്‍ വിമാനത്താവളത്തിന് പകരം മറ്റൊരു വിമാനത്താവളമുണ്ടാക്കുകയെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ തള്ളി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം മന്ത്രിമാര്‍ തള്ളിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ സാധിക്കുന്ന തരത്തില്‍ റണ്‍വേ വികസിപ്പിക്കാന്‍ 96.5 എക്കര്‍ ഭൂമി വേണ്ടി വരുമെന്നും വിമാനത്താവളത്തിന്റെ സമഗ്ര വികസനത്തിനായി ആകെ 248.75 ഏക്കര്‍ ഭൂമിയും കണ്ടെത്തേണ്ടി വരുമെന്നും യോഗം വിലയിരുത്തി. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തില്‍ ഭൂമി ഏറ്റെടുക്കാനുള്ള പദ്ധതികളും യോഗം ചര്‍ച്ച ചെയ്തു.
🔳മധ്യകേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു. ഒക്ടോബര്‍ 21, 23 തിയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പിഎസ്.സി പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്.സി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം ഒക്ടോബര്‍ 30-ന് നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടത്തും.
🔳കര്‍ണാടകത്തിലെ ചിത്രദുര്‍ഗയില്‍ അച്ഛന്‍, അമ്മ, സഹോദരി, മുത്തശ്ശി എന്നിവരെ ഭക്ഷണത്തില്‍ വിഷംകലര്‍ത്തി കൊലപ്പെടുത്തിയ പതിനേഴുകാരി അറസ്റ്റില്‍. മൂന്നുമാസത്തിനു ശേഷമാണ് പെണ്‍കുട്ടിയെ പോലീസ് അറസ്റ്റുചെയ്തത്. സഹോദരന്‍ വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചെങ്കിലും ചികിത്സയിലൂടെ രക്ഷപ്പെട്ടു. റാഗി കൊണ്ടുണ്ടാക്കിയ പലഹാരത്തില്‍ വിഷം
കലര്‍ത്തിയാണ് മകള്‍ നാലുപേരെയും കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് പോലീസ് അറിയിച്ചു. കുടുംബത്തിലെ മറ്റുള്ളവരെപ്പോലെ തന്നോടും കൂലിപ്പണിക്കുപോകാന്‍ നിര്‍ബന്ധിച്ചതിലുള്ള അമര്‍ഷമാണ് കൊലചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
🔳പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം ഈ സര്‍ക്കാരിന് വീണ്ടും അധികാരത്തില്‍ എത്താന്‍ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
🔳തന്റെ മുന്‍ മാനേജറായ രഞ്ജീത്ത് സിങ്ങിനെ കൊലപ്പെടുത്തിയ കേസില്‍ ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവ് ശിക്ഷ. റാം റഹീമിനൊപ്പം മറ്റ് നാല് പേര്‍ക്കും ജീവപര്യന്തം ശിക്ഷയുണ്ട്. കൃഷ്ണ ലാല്‍, ജസ്ബീര്‍ സിംഗ്, അവതാര്‍ സിംഗ്, സബ്ദില്‍ എന്നിവര്‍ക്കാണ് റാം റഹീമിനൊപ്പം ജീവപര്യന്തം ശിക്ഷ ലഭിച്ചത്.
🔳കരസേന മേധാവി ജനറല്‍ എംഎം നരവനെ ദ്വിദിന സന്ദര്‍ശനത്തിന് ജമ്മുവിലെത്തും. നാട്ടുകാര്‍ക്കും മറുനാടന്‍ തൊഴിലാളികള്‍ക്കുമെതിരെ തീവ്രവാദി ആക്രമണം തുടരുന്നതിനിടെയാണ് കരസേനാ മേധാവിയുടെ കശ്മീര്‍ സന്ദര്‍ശനം. അതേസമയം ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ എട്ടാം ദിവസവും തുടരുകയാണ്. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ ഭീകര സംഘത്തിന് പാക് കമാന്‍ഡോകളുടെ പരിശീലനം ലഭിച്ചുട്ടള്ളാതായാണ് സൈന്യത്തിന്റെ അനുമാനം. ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളില്‍ ഒരു വിഭാഗം നാട്ടിലേക്ക് മടങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
🔳അടുത്ത ഐപിഎല്ലിലും എം എസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിന്റെ അവിഭാജ്യഘടകമായിരിക്കുമെന്ന് വ്യക്തമാക്കി ചെന്നൈ ടീം ഉടമയും ബിസിസിഐ മുന്‍ പ്രസിഡന്റുമായ എന്‍ ശ്രീനിവാസന്‍. ധോണിയില്ലാതെ ചെന്നൈ ടീമില്ലെന്നും ചെന്നൈ ടീം ഇല്ലാതെ ധോണിയില്ലെന്നും ഐപിഎല്‍ കിരീടവുമായി തിരുപ്പതി വെങ്കിടേശ്വരക്ഷേത്രം സന്ദര്‍ശിച്ചശേഷം ശ്രീനിവാസന്‍ മാധ്യമങ്ങളോട് പറഞ്ഞു.
🔳ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 189 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറ് പന്തുകള്‍ ശേഷിക്കെ മറികടന്നു. അര്‍ധസെഞ്ച്വറി നേടിയ കെഎല്‍ രാഹുലും ഇഷാന്‍ കിഷനും ചേര്‍ന്ന് നല്‍കിയ മിന്നും തുടക്കമാണ് ഇന്ത്യയെ അനായാസ ജയത്തിലേക്ക് നയിച്ചത്. 24 പന്ത് നേരിട്ട രാഹുല്‍ 51 റണ്‍സെടുത്താണ് പുറത്തായത്. ഇഷാന്‍ 46 പന്തില്‍ നിന്ന് 70 റണ്‍സ് അടിച്ചെടുത്തു.
🔳ട്വന്റി 20 ലോകപ്പിന് മുന്നോടിയായുള്ള മറ്റൊരു സന്നാഹമത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പാക്കിസ്ഥാന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ക്രിസ് ഗെയ്ല്‍ അടക്കമുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 131 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാനുവേണ്ടി ക്യാപ്റ്റന്‍ ബാബര്‍ അസം അര്‍ധസെഞ്ചുറിയുമായി തിളങ്ങിയപ്പോള്‍ 15.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ ലക്ഷ്യത്തിലെത്തി.
🔳ആധികാരിക വിജയവുമായി ട്വന്റി-20 ലോകകപ്പിന് തുടക്കമിട്ട് അയര്‍ലന്റ്. അബൂദാബിയില്‍ നടന്ന ഗ്രൂപ്പ് എയിലെ മത്സരത്തില്‍ നെതര്‍ലന്റ്‌സിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി. 107 റണ്‍സെന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയര്‍ലന്റ് 29 പന്ത് ശേഷിക്കെ വിജയതീരത്തെത്തി.
🔳ട്വന്റി 20 ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ലോക റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്തി അയര്‍ലന്‍ഡ് മീഡിയം പേസര്‍ കര്‍ടിസ് കാംഫര്‍. നെതര്‍ലന്‍ഡ്സിനെതിരായ യോഗ്യതാ മത്സരത്തില്‍ ഒരോവറിലെ തുടര്‍ച്ചയായ നാലു പന്തുകളില്‍ നാലു വിക്കറ്റെടുത്താണ് കാംഫര്‍ ലോക റെക്കോര്‍ഡിനൊപ്പമെത്തിയത്. ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിംഗ, അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവരാണ് ട്വന്റി 20 ക്രിക്കറ്റില്‍ നാലു പന്തില്‍ നാലു വിക്കറ്റെടുത്ത ബൗളര്‍മാര്‍.
🔳രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലകസ്ഥാനം ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന് പകരം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ അധ്യക്ഷനാവാനുള്ള ബിസിസിഐ ക്ഷണം വിവിഎസ് ലക്ഷ്മണ്‍ നിരസിച്ചതായി റിപ്പോര്‍ട്ട്. നേരത്തെ ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡിനും കുംബ്ലെക്കുമൊപ്പം പരിഗണിച്ചവരില്‍ ലക്ഷ്മണുമുണ്ടായിരുന്നു. ബിസിസിഐ ക്ഷണം ലക്ഷ്മണ്‍ നിരസിച്ച സാഹചര്യത്തില്‍ മറ്റ് പേരുകള്‍ ബിസിസിഐക്ക് പരിഗണിക്കേണ്ടിവരും.
🔳കേരളത്തില്‍ ഇന്നലെ 68,668 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 60 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,925 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6,331 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 267 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,023 പേര്‍ രോഗമുക്തി നേടി. ഇതോടെ 83,184 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.9 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 45.9 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316, ഇടുക്കി 268, പത്തനംതിട്ട 245, വയനാട് 214, കാസര്‍ഗോഡ് 148.
🔳രാജ്യത്ത് ഇന്നലെ 12,336 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 19,452 പേര്‍ രോഗമുക്തി നേടി. മരണം 164. ഇതോടെ ആകെ മരണം 4,52,485 ആയി. ഇതുവരെ 3,40,93,387 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.76 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 1,485 പേര്‍ക്കും തമിഴ്നാട്ടില്‍ 1,192 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.
ആഗോളതലത്തില്‍ ഇന്നലെ 3,13,623 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 31,626 പേര്‍ക്കും ഇംഗ്ലണ്ടില്‍ 49,156 പേര്‍ക്കും റഷ്യയില്‍ 34,325 പേര്‍ക്കും തുര്‍ക്കിയില്‍ 29,240 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 24.18 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.78 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 4,431 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 479 പേരും റഷ്യയില്‍ 998 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49.13 ലക്ഷം.
🔳സ്വര്‍ണ ഇറക്കുമതി 2021 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ഏകദേശം 24 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇറക്കുമതി 6.8 ബില്യണ്‍ ഡോളറായിരുന്നു. ഈ വര്‍ഷം സെപ്റ്റംബറിലെ മാത്രം സ്വര്‍ണ ഇറക്കുമതി 5.11 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 601.4 മില്യണ്‍ ഡോളറിനെ അപേക്ഷിച്ച് മികച്ച വര്‍ധനവാണിത്. അതേസമയം ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ – സെപ്റ്റംബര്‍ കാലയളവില്‍ വെള്ളി ഇറക്കുമതി 15.5 ശതമാനം കുറഞ്ഞ് 619.3 മില്യണ്‍ ഡോളറിലെത്തി. എന്നിരുന്നാലും, സെപ്റ്റംബറിലെ ഇറക്കുമതി 552.33 മില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. 2020 സെപ്റ്റംബറില്‍ വെള്ളി ഇറക്കുമതി 9.23 മില്യണ്‍ ഡോളര്‍ മാത്രമായിരുന്നു.
🔳ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡിന്റെ ഓഹരികള്‍ ആദ്യമായി മൂന്ന് ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യം കടന്നു. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ പതിനെട്ടാമത്തെ കമ്പനിയാണ് ബജാജ് ഫിന്‍സെര്‍വ്. നിലവില്‍ 1.06 ശതമാനം ഉയര്‍ന്ന് 18,685 രൂപയിലാണ് ബജാജ് ഫിന്‍സെര്‍വ് ഓഹരികളുടെ വ്യാപാരം നടത്തുന്നത്. ഇന്നലെ 19,107 വരെ വില ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ബജാജ് ഫിന്‍സെര്‍വിന്റെ ഓഹകികള്‍ 7.41 ശതമാനം ആണ് ഉയര്‍ന്നത്. ഈ വര്‍ഷം ഇതുവരെ 114 ശതമാനത്തിന്റെ മുന്നേറ്റമാണ് നടത്തിയത്.
🔳വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ‘യാത്ര’യ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനിയുടെ ‘ഏജന്റ്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മമ്മൂട്ടി യൂറോപ്പിലേക്ക് പോകും. സുരേന്ദര്‍ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
🔳തമിഴ് നടന്‍ വിശാലിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് വിട്ടു. ലാത്തി എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം വിശാലിന്റെ കരിയറിലെ 32-ാമത്തെ ചിത്രമാണ്. നടന്മാരായ രമണയും നന്ദയും ചേര്‍ന്ന് റാണാ പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഏ. വിനോദ് കുമാറാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നടം, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. ഒരു പോലീസ് സ്റ്റോറിയാണ് ‘ ലാത്തി ‘. സുനൈനയാണ് ചിത്രത്തില്‍ വിശാലിന്റെ നായിക.
🔳ഏറെക്കാത്തിരുന്ന മിനി എസ്യുവി പഞ്ചിന്റെ വില പ്രഖ്യാപിച്ച് ടാറ്റ. നാല് വേരിയന്റുകളില്‍ എത്തുന്ന പഞ്ചിന് 5.49 ലക്ഷം മുതല്‍ 9.09 ലക്ഷം വരെയാണ് എക്സ് ഷോറൂം വില. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വിലയില്‍ മൂന്ന് മാസം മാത്രമെ പഞ്ച് വാങ്ങാന്‍ സാധിക്കു. 2022 മുതല്‍ മോഡലിന്റെ വില ഉയര്‍ത്തുമെന്ന് ടാറ്റ അറിയിച്ചിട്ടുണ്ട്.ടാറ്റ ആള്‍ട്രോസിന് സമാനമായി ഇംപാക്ട് 2.0 ഡിസൈന്‍ ലാംഗ്വേജില്‍ അല്‍ഫാ ആര്‍ക്ക് അടിസ്ഥാനമായി ആണ് പഞ്ച് എത്തുന്നത്.
🔳സമകാലിക കേരളീയ സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഓരോ സ്ത്രീയും കടന്നുപോകാനിടയുള്ള ചിന്തകളുടെ, അനുഭവങ്ങളുടെ സുതാര്യമായ ആവിഷ്‌കാരമാണ് ഹിരണ്വതിയുടെ കഥകള്‍. വരുംകാലത്ത് കൂടുതല്‍ തീക്ഷ്ണമായ നോട്ടങ്ങള്‍ക്കും കൂടുതല്‍ ശക്തമായ ആവിഷ്‌കരണങ്ങള്‍ക്കുമുള്ള സാധ്യത ഉറപ്പുതരുന്ന 11 ചെറിയ കഥകളുടെ സമാഹാരം. ‘ഫുഡ് ബോള്‍’. ജിവി ബുക്സ്. വില 52 രൂപ.
🔳ശരീരപ്രകൃതം കൊണ്ടും പ്രായം കൂടുമ്പോള്‍ ശാരീരികമായുണ്ടാകുന്ന മാറ്റങ്ങള്‍ കൊണ്ടും പ്രത്യേകതകള്‍ ഏറെയുള്ള ശരീരമാണ് സ്ത്രീകളുടേത്. ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, ആര്‍ത്തവവിരാമം എന്നീ പല ഘട്ടങ്ങളിലൂടെ സ്ത്രീകള്‍ കടന്നു പോകുന്നുണ്ട്. അതുകൊണ്ടുതന്നെ പലവിധ ഹോര്‍മോണ്‍ വ്യതിയാനങ്ങളും ശാരീരിക അസ്വസ്ഥതകളും സ്ത്രീകള്‍ക്ക് ഉണ്ടാകാം. ശരിയായ രീതിയിലുള്ള ഭക്ഷണക്രമം സ്ത്രീകള്‍ പിന്തുടരാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഫൈബറും കാര്‍ബോഹൈഡ്രേറ്റുകള്‍ ധാരാളമായി അടങ്ങിയവയാണ് ഓട്‌സ്. ഓട്സ് കഴിക്കുന്നത് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജം നല്‍കാന്‍ സഹായിക്കുന്നു. മറ്റ് ധാന്യങ്ങളില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രോട്ടീനും കൊഴുപ്പും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും ഓരോ ഗ്ലാസ് പാല്‍ ഓട്സ്, കോണ്‍ഫ്ലേക്സ് തുടങ്ങിയത് ഏതെങ്കിലും ചേര്‍ത്തു കഴിക്കുക. അല്ലെങ്കില്‍ പഴച്ചാറുകളില്‍ പാല്‍ ചേര്‍ത്തു സ്മൂത്തിയായി ഉണ്ടാക്കി കഴിക്കുക. പാലില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം എല്ലുകള്‍ക്ക് ബലം നല്‍കുന്നു. ദിവസവും ചെറുപയര്‍, കടല, പരിപ്പ് തുടങ്ങി ഏതെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇവ കഴിക്കുന്നത് കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും വേണ്ടത്ര കിട്ടും. ചീരയില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ചീരയില്‍ കൂടിയ അളവില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ആര്‍ത്തവത്തിന് മുമ്പ് സ്ത്രീകളില്‍ അനുഭവപ്പെടുന്ന നടുവേദന, തലവേദന എന്നിവ കുറയ്ക്കാന്‍ സഹായിക്കും.
➖➖➖➖➖➖➖➖