ആലപ്പാട് അഴീക്കലില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

 

ആലപ്പുഴ: ആലപ്പാട് അഴീക്കല്‍ ഹാര്‍ബറില്‍നിന്നും മത്സ്യബന്ധനത്തിന് പോകുമ്പോള്‍ അപകടത്തില്‍ പെട്ട് കാണാതെയായ മത്സ്യത്തൊഴിലാളി കണ്ണന്‍ എന്നറിയപ്പെടുന്ന രാഹുലിന്റെ മൃതദേഹം കണ്ടെത്തി. 32 വയസ്സായിരുന്നു.

ആറ് ദിവസം മുമ്പാണ് ദേവീപ്രസാദം എന്ന ഇന്‍ബോര്‍ഡ് വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ രാഹുലിനെ കാണാതായത്. അഴീക്കല്‍ ഹാര്‍ബറില്‍ നിന്ന് 13 നോട്ടിക്കല്‍ മൈല്‍ അകലെ വല കോരി നില്‍ക്കെ വള്ളത്തില്‍ നിന്ന് വീണാണ് അപകടമുണ്ടായത്. കാലാവസ്ഥയിലെ മാറ്റം തിരച്ചില്‍ ദുഷ്‌കരമാക്കിയതിനാലാണ് കണ്ടെത്താന്‍ വൈകിയത്.

2018 ലെ മഹാപ്രളയത്തില്‍ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഉണ്ടായിരുന്ന വ്യക്തിയാണ് രാഹുല്‍.