ലഖ്‌നൗ: മോഷണം പോയ ഇന്ത്യന്‍ വ്യോമസേനയുടെ (ഐ.എ.എഫ്) മിറാഷ് യുദ്ധവിമാനത്തിന്റെ ടയര്‍ വീണ്ടെടുത്തതായി യു.പി പൊലീസ്. നവംബര്‍ 27-ന് ലഖ്‌നൗവില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രക്കില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതായി പറയപ്പെടുന്ന ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) മിറാഷ് യുദ്ധവിമാനത്തിന്റെ ടയര്‍ വീണ്ടെടുത്തതായാണ് പൊലീസ് അറിയിച്ചത്.
ലഖ്‌നൗവിലെ ബക്ഷി കാ തലാബ് എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് രാജസ്ഥാനിലെ ജോധ്പൂര്‍ വ്യോമതാവളത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു ടയര്‍. ട്രക്കിന്റെ ടയറാണെന്ന് വിചാരിച്ചാണ് മോഷ്ടാക്കള്‍ ടയര്‍ വീട്ടിലേക്ക് കൊണ്ടുപോയതെന്നാണ് പൊലീസ് അറിയിച്ചത്.
ടയര്‍ തങ്ങളുടെ സപ്ലൈ ഡിപ്പോയില്‍ നിന്നുള്ളതാണെന്നും ഒരു മിറേജ് ജെറ്റിന്റേതാണെന്നും എയര്‍ഫോഴ്സ് സ്റ്റേഷന്‍ സ്ഥിരീകരിച്ചു. മിറാഷ്-2000 ഫൈറ്റര്‍ ജെറ്റിന്റെ പുതിയ ടയറുകളും മറ്റ് വ്യോമസേന ഉപകരണങ്ങളും ബക്ഷി കാ തലാബ് എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് ജോധ്പൂര്‍ എയര്‍ബേസിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ലഖ്‌നൗവിലെ ഷഹീദ് പഥില്‍ മോഷണം നടന്നത്.