വിവാഹിതയെന്ന് അറിയാതെയാണ് യുവതിയുമായി അടുത്തതെന്നാണ് ജാമ്യ ഹര്‍ജിയില്‍ രാഹുലിന്റെ വാദം. യുവതി വിവാഹിതയാണെന്ന് അറിഞ്ഞില്ല. വിവാഹിതയാണെന്ന് അറിഞ്ഞതോടെ താന്‍ ബന്ധത്തില്‍ നിന്ന് പിന്മാറി. ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത് യുവതിയാണെന്നും ഹര്‍ജിയില്‍ പറയുന്നു. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തത്. മജിസ്‌ട്രേറ്റ് കോടതി ജാമ്യം തള്ളിയാല്‍ ജില്ലാ കോടതിയെ സമീപിക്കും.അതേസമയം, റിമാന്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ താമസിച്ച തിരുവല്ലയിലെ ഹോട്ടലില്‍ അന്വേഷണ സംഘം എത്തി. തിരുവനന്തപുരത്ത്‌നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഹോട്ടല്‍ റിസപ്ഷനില്‍ ജീവനക്കാരടക്കമുള്ളവരുടെ മൊഴിയെടുത്തു. രജിസ്റ്റുകള്‍ പരിശോധിച്ചു. വൈകിട്ട് 5.30 ഓടെയാണ് സംഘം ഹോട്ടലിലെത്തിയത്.
രാഹുലും പരാതിക്കാരിയുമായുള്ള ചാറ്റും നിലവില്‍ പുറത്ത് വന്നിട്ടുണ്ട്. പാലക്കാട് ഫ്‌ലാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇരുവരും സംസാരിച്ചതിന്റെ ചാറ്റുകളാണ് പുറത്തുവന്നത്. 2024 ഡിസംബര്‍ 20ന് നടത്തിയ ചാറ്റാണ് പുറത്ത് വന്നത്.ആദ്യ രണ്ട് ലൈംഗിക പീഡനപരാതികളുമായി ഏറെ സാമ്യമുള്ളതാണ് രാഹുലിനെ അഴിക്കുള്ളിലാക്കിയ മൂന്നാം ബലാത്സംഗ പരാതി. കാനഡയിലുള്ള യുവതിയുടെ വിവാഹബന്ധത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ടാണ് 2023 സെപ്റ്റംബര്‍ മുതല്‍ രാഹുല്‍ അടുപ്പം സ്ഥാപിച്ചത്. കുഞ്ഞുങ്ങളെ വേണമെന്നും നല്ലൊരു പിതാവായിരിക്കുമെന്നും സംസാരിച്ചു തുടങ്ങിയ രാഹുല്‍, വിവാഹത്തിന് താത്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. വിവാഹത്തെക്കുറിച്ച് സംസാരിക്കാന്‍ 2024 ഏപ്രിലില്‍ തിരുവല്ലയിലെ ഹോട്ടല്‍റൂമില്‍ യുവതിയോട് റൂം ബുക്ക് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആദ്യമായി നേരില്‍ കണ്ട യുവതിയുടെ മുഖത്തുപോലും നോക്കാതെ രാഹുല്‍ ബലമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
കുട്ടികളുണ്ടാകട്ടെ എന്നുപറഞ്ഞായിരുന്നു പീഡനം. മുഖത്തടിക്കുകയും തുപ്പുകയും ശരീരമാകെ മുറിവേല്‍പ്പിക്കുകയും ചെയ്ത് രാഹുലിന്റെ കൊടുംക്രൂരത. അന്ന് ധരിച്ച വസ്ത്രങ്ങള്‍ യുവതി തെളിവിനായി സൂക്ഷിച്ചിട്ടുണ്ട്. പിന്നീട് ഗര്‍ഭിണിയായെന്ന് അറിയിച്ചപ്പോള്‍ സ്‌നേഹം നടിച്ച രാഹുലിനെ യുവതി വിശ്വസിച്ചു. എന്നാല്‍ ഒരു മാസം തികയുംമുന്നേ രാഹുല്‍ മലക്കംമറിഞ്ഞു. മറ്റാരുടെയോ കുഞ്ഞെന്ന് പറഞ്ഞ് അധിക്ഷേപിച്ചു. ഡിഎന്‍എ ടെസ്റ്റിന് തയ്യാറെന്ന് രാഹുലിനെ ഫോണ്‍ വഴി അറിയിക്കാന്‍ ശ്രമം നടത്തിയെങ്കിലും അപ്പോഴേക്കും, യുവതിയെ ബ്ലോക് ചെയ്തിരുന്നു. ശാരീരിക-മാനസിക ബുദ്ധിമുട്ടുകള്‍ക്കൊടുവില്‍ ഗര്‍ഭമലസി.
ഇതിനിടയില്‍, ചെരുപ്പിനും സണ്‍സ്‌ക്രീനിനും, പാലക്കാട് തിരഞ്ഞെടുപ്പ് സമയത്ത് ആഹാരം കഴിക്കാനെന്ന പേരിലും പലതവണ രാഹുല്‍ പണം വാങ്ങിക്കൊണ്ടിരുന്നു. മുണ്ടക്കൈ-ചൂരല്‍മല ഫണ്ടിന്റെ പേരിലും പണം വാങ്ങി. വിശ്വസ്തന്‍ ഫെന്നി നൈനാന്‍ വഴിയും, പരാതി നല്‍കാതിരിക്കാനുള്ള വൈകാരിക ഇടപെടലുകള്‍ രാഹുല്‍ നടത്തിക്കൊണ്ടിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം പാലക്കാട് ഫ്‌ളാറ്റ് വാങ്ങാന്‍ പണം ചോദിച്ചെങ്കിലും, നല്‍കിയില്ല. രാഹുലുമായുള്ള ബന്ധം ഫെന്നിയെ അറിയിച്ചെന്ന പേരില്‍ അധിക്ഷേപവും അസഭ്യവും പറഞ്ഞു. മറ്റ് പരാതികള്‍ വന്ന ശേഷം, ഇക്കഴിഞ്ഞ ഡിസംബറില്‍ വീണ്ടും ബന്ധപ്പെട്ടപ്പോള്‍, സഹോദരിയുടെ വിവാഹം മുടക്കുമെന്നടക്കം രാഹുല്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നെന്നും അതിജീവിത പറയുന്നു.









