രാഹുൽ മാങ്കൂട്ടത്തിലിനെതിരായ റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്ന തിരുവല്ലയിലെ ഹോട്ടലിലെത്തി അന്വേഷണ സംഘം. റിസപ്ഷൻ ജീവനക്കാരടക്കമുള്ളവരുടെ മൊഴിയെടുത്തു. തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് വിവരങ്ങൾ ശേഖരിച്ചത്. വൈകിട്ട് 5.30 ഓടെയാണ് സംഘം ഹോട്ടലിലെത്തിയത്. രജിസ്റ്റുകൾ പരിശോധിച്ചു.അതേസമയം രാഹുൽ മാങ്കൂട്ടത്തിലും, പരാതിക്കാരിയും തമ്മിലുള്ള ചാറ്റിന്റെ വിവരങ്ങൾ പുറത്ത് വന്നു. പാലക്കാട് ഫ്ലാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് 2024 ഡിസംബർ 20ന് നടന്ന ചാറ്റിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. അതിനിടെ പാലക്കാട്ടെ KPM റീജൻസി ഹോട്ടലിൽ നിന്ന് രാഹുലിനെ കസ്റ്റഡിയിലെടുക്കുന്ന നിർണായക ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. രാഹുലിനെ അറസ്റ്റ് ചെയ്യാൻ എത്തിയ അന്വേഷണ സംഘത്തിൽ മുൻപ് രാഹുൽ അധിക്ഷേപിച്ച വനിതാ എസ് ഐയും ഉണ്ടായിരുന്നു. പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലെ എസ് ഐ ഹേമലത അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്. ഹേമലതക്കെതിരെ പാലക്കാട് നഗരസഭ ഓഫീസ് മാർച്ചിനിടെ രാഹുൽ മാങ്കൂട്ടത്തിൽ അധിക്ഷേപം നടത്തിയിരുന്നു.അർധരാത്രി പാലക്കാട്ടെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ രാവിലെ പത്തനംതിട്ട എആർ ക്യാംപിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐ ജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ അഞ്ച് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനോട് രാഹുൽ സഹകരിച്ചില്ല. ഉച്ചയോടെ ജില്ലാ മജിസ്ട്രേറ്റിന്റെ വസതിയിലാണ് രാഹുലിനെ ഹാജരാക്കിയത്. പതിനാല് ദിവസത്തേയ്ക്ക് കോടതി രാഹുലിനെ റിമാൻഡ് ചെയ്തു. റിമാൻഡ് ചെയ്ത രാഹുലിനെ, മാവേലിക്കര ജയിലിലേക്ക് മാറ്റി.
രാഹുലിനെതിരായ കേസ്; തിരുവല്ലയിലെ ഹോട്ടലിൽ പരിശോധന, ജീവനക്കാരുടെ മൊഴിയെടുത്തു








