ലൈംഗിക ആരോപണത്തിൽ അകപ്പെട്ട പാലക്കാട് എം എൽ എയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനുമായി നേരിട്ട് ഏറ്റുമുട്ടലിലേക്ക്. നിയമസഭാസമ്മേളനത്തിൽ പങ്കെടുക്കരുതെന്ന വിഡി സതീശന്റെ നിർദേശം തള്ളി രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തി. രാഹുലിന്റെ നടപടി കോൺഗ്രസിൽ പുതിയ പോർവിളിക്കുള്ള നീക്കത്തിന്റെ ഭാഗമായാണ് കരുതുന്നത്. വി ഡി സതീശനുമായി അകന്നുകഴിഞ്ഞ യുവ നേതൃത്വത്തിന്റെ പിന്തുണയോടെയാണ് രാഹുൽ സഭയിൽ എത്തിയതെന്നാണ് വിലയിരുത്തൽ.
കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണം നൽകണമെന്ന നിലപാടുകാരാണ്. എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും രാഹുലിനെതിരെ ശത്രുതാപരമായ നടപടി വേണ്ടെന്ന നിലപാടിലാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും രാഹുലിനെ നീക്കിയതു പോലും വളരെ തിരക്കുപിടിച്ചായിരുന്നുവെന്ന ആരോപണം കോൺഗ്രസിൽ ശക്തമാണ്. രാഹുൽ മാങ്കൂട്ടത്തലിനെതിരെ പാർട്ടി നടപടി സ്വീകരിച്ചതായി സ്പീക്കറെ പ്രതിപക്ഷനേതാവ് രേഖാമൂലം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്പീക്കർ രാഹുലിന് പ്രത്യേക ബ്ലോക്കായാണ് ഇരിപ്പിടം അനുവദിച്ചിരുന്നത്. 14-ാം നിയമസഭാ സമ്മേളന കാലത്ത് രാഹുൽ സഭയിൽ സ്വതന്ത്ര എം എൽ എയായാണ് പരിഗണിക്കപ്പെടുക. രാഹുൽ സഭയിൽ എത്തില്ലെന്നായിരുന്നു ഭരണപക്ഷത്തിന്റെ കണക്കുകൂട്ടൽ. കോൺഗ്രസ് എം എൽ എമാരിൽ ഒരു വിഭാഗവും രാഹുൽ സഭാസമ്മേളനത്തിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നായിരുന്നു കണക്കൂകൂട്ടിയിരുന്നത്.
പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ തയ്യാറാവില്ലെന്ന് രാഹുൽ അറിയിച്ചിരുന്നു. രാഹുൽ നിയമസഭാ സമ്മേളനത്തിന് എത്തുന്നത് പ്രതിപക്ഷ നിരയ്ക്ക് തിരിച്ചടിയാവുമെന്നായിരുന്നു വി ഡി സതീശന്റെ നിലപാട്. അതിനാൽ നിയമസഭാ സമ്മേളനത്തിൽ നിന്നും രാഹുൽ വിട്ടുനിൽക്കണമെന്നായിരുന്നു വി ഡി സതീശന്റെ നിലപാട്. ഇക്കാര്യം രാഹുലിനെ സതീശൻ അറിയിച്ചിട്ടില്ലെങ്കിലും മാധ്യമങ്ങളിലൂടെ സതീശൻ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതിരക്ഷനേതാവിന്റെ നിലപാടുകളെ തുടക്കം തൊട്ട് ഒരു വിഭാഗം നേതാക്കൾ എതിർത്തിരുന്നു. രാഹുലിന്റെ കാര്യത്തിൽ വി ഡി സതീശൻ അനാവശ്യ തിടുക്കം കാണിച്ചെന്നാണ് ആരോപണം. ഇതോടെയാണ് ഒരു വിഭാഗം നേതാക്കൾ രാഹുലിന് പിന്തുണയുമായി എത്തിയത്. പ്രതിപക്ഷ നേതാവിനെ പരസ്യമായി തള്ളി രാഹുൽ സമ്മേളനത്തിൽ പങ്കെടുത്തതോടെ കോൺഗ്രസ് നേതൃത്വം രണ്ടുതട്ടിലായി.
രാഹുൽ നിലവിൽ ഒരു കേസിലും പ്രതിയല്ലെന്നും, നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വിലക്കുകളൊന്നുമില്ലെന്നും സ്പീക്കർ എ എൻ ഷംസീറും അറിയിച്ചിരുന്നു. രാഹുലിനെതിരെ ഉയർന്ന പരാതികളിൽ വിശദമായ അന്വേഷണം നടത്താനും പരാതിയിൽ അറസ്റ്റുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കാനുമായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിർദേശം. ലൈംഗിക പീഡന പരാതികൾ ഉയർന്നതോടെ കടുത്ത പ്രതിരോധത്തിലായ രാഹുൽ കഴിഞ്ഞ 28 ദിവസമായി വീട്ടിലാണ്. പൊതുരംഗത്തുനിന്നും പൂർണമായും അകന്നുനിൽക്കുന്ന രാഹുലിനെ സഭയിൽ എത്തിച്ച് കേസിനെ രാഷ്ട്രീയമായി നേരിടുകയെന്ന നയമാണ് ഒരു വിഭാഗം കോൺഗ്രസ് നേതാതാക്കൾ കൈക്കൊണ്ടത്. ഇതിന്റെ ഭാഗമായാണ് സതീശനെ അവഗണിച്ച് രാഹുലിനെ സഭയിൽ എത്തിച്ചത്.
ഭരണ പക്ഷത്തിനെതിരെ പൊലീസ് മർദനമുൾപ്പെടെ നിരവധി ആരോപണങ്ങൾ ഉയർത്താനുള്ള നീക്കത്തിലാണ് പ്രതിപക്ഷം, ഇതിനിടയിൽ രാഹുൽ വിഷയം ഉയർത്തി ഭരണപക്ഷം കോൺഗ്രസിനെ പ്രതിരോധിക്കുമെന്ന ആശങ്കയാണ് കോൺഗ്രസിനുള്ളത്. രാഹുൽ സഭാസമ്മേളനത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ചുള്ള ചർച്ചയിൽ മുസ്ലിംലീഗ് നിലപാട് സ്വീകരിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസിൽ രാഹുലിനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. എന്തെങ്കിലും മൊഴികളോ, രേഖാമൂലമുള്ള പരാതികളോ ലഭിച്ചാൽ ഉടൻ നടപടികളിലേക്ക് പ്രവേശിക്കാനാണ് നിർദേശം. നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കെ രാഹുലിനെതിരെ തെളിവുകൾ സഹിതം പരാതികൾ ഏതെങ്കിലും ഭാഗത്തുനിന്നും ഉണ്ടായാൽ അത്, പ്രതിപക്ഷത്തെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്ന ഭയം യു ഡി എഫിലെ ചിലനേതാക്കൾക്കുണ്ട്.
രാഹുലിനെതിരെ യുവനടി ലൈംഗികാരോപണം ഉയത്തിയത് ചില കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെയാണെന്ന ആരോപണവും കോൺഗ്രസിൽ പുകയുന്നുണ്ട്. ഇതെല്ലാം പാർട്ടിയിൽ അഭ്യന്തര കലാപത്തിന് വഴിയൊരുങ്ങിയിരിക്കയാണ്. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ഇന്നുതന്നെയാണ് കെ പി സി സി യോഗവും നടക്കുന്നത്. നേതൃത്വവുമായി മാനസികമായി അകൽച്ചയിലായ ഷാഫി പറമ്പിൽ ഇന്നത്തെ കെ പി സി സി യോഗത്തിൽ പങ്കെടുക്കുന്നില്ല. ഡി സി സി, കെ പി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന അഭിപ്രായ ഭിന്നതകൾ ചർച്ചകളിലൂടെ പരിഹരിക്കുന്നതിനുള്ള ശ്രമം ഈ യോഗത്തിലുണ്ടാവുമെന്നായിരുന്നു പറഞ്ഞു കേട്ടിരുന്നത്. എന്നാൽ നേതാക്കൾ തമ്മിലുള്ള അകൽച്ച വർധിച്ച സാഹചര്യത്തിൽ പുനഃസംഘടനാ നടപടികൾ നീണ്ടുപോകാനാണ് സാധ്യത. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷപദവിയെച്ചൊല്ലിയും കോൺഗ്രസിലെ മുതിർന്ന നേതാക്കൾ തമ്മിൽ കടുത്ത ഭിന്നത നിലനിൽക്കുകയാണ്.