തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പിൻമാറ്റം; എംഎൽഎമാരുടെ ശമ്പളം വർധിപ്പിക്കില്ല, യൂ-ടേൺ അടിച്ച് സർക്കാർ

സംസ്ഥാനത്തെ എം എൽ എ മാരുടേയും മന്ത്രിമാരുടെയും ശമ്പളം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ യൂ-ടേൺ എടുത്തു. നടക്കാനിരിക്കുന്ന തദേശ തിരഞ്ഞെടുപ്പും ആറുമാസത്തിനുള്ളിൽ നിയമസഭ തിരഞ്ഞെടുപ്പും വരുമെന്നതിനാലാണ് ശമ്പള വർധന നീക്കം മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കിക്കിയത്. മറ്റു സംസ്ഥാനങ്ങളിലെ എം എൽ എ മാരുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ കുറവാണ് എന്നായിരുന്നു വർധനയ്ക്കായി ശുപാർശ ചെയ്ത സമിതിയുടെ കണ്ടെത്തൽ.

ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ തമിഴ്‌നാട്ടിൽ എം എൽ എമാരുടെ ശമ്പളം 2018ൽ നേരെ ഇരട്ടിയാക്കിയിരുന്നു. 55000 രൂപയായിരുന്നു മാസവേതനം. ഇത് 105000 രൂപയാക്കിയാണ് വർധിപ്പിച്ചിരുന്നത്. തെലങ്കാനയിലാണ് എം എൽ എമാർക്ക് ഏറ്റവും ഉയർന്ന ശമ്പളം നൽകുന്നത്. 250,000 രൂപയാണ് പ്രതിമാസ ശമ്പളം. ഏറ്റവും കുറഞ്ഞ ശമ്പളം ത്രിപുരയിലും മേഘാലയിലുമാണ്. 20,000 രൂപ മാത്രമാണ് ഈ സംസ്ഥാനങ്ങളിൽ എം എൽ എമാരുടെ ശമ്പളം. ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിൽ 2,10,00 രൂപയും, ബിഹാറിൽ 1,65,000 , മഹാരാഷ്ട്ര 1,60,000 രൂപയുമാണ് ലഭിക്കുന്നത്.

അടിസ്ഥാന ശമ്പളത്തിന് പുറമേ യാത്രാ അലവൻസുകൾ, വീട്ടുവാടക, ഫോൺ അലവൻസുകൾ വേറേയും ലഭിക്കും. 2020 ലെ കണക്കുകൾ പ്രകാരം ഒരു എം എൽ എയ്ക്ക് ശരാശരി ഒരു മാസം ഒരു ലക്ഷത്തിൽ കൂടുതൽ ഇപ്പോൾ തന്നെ ലഭിക്കുന്നുണ്ട്. നിയോജകമണ്ഡലം അലവൻസ്, കണ്ടിജൻസി അലവൻസ്, സെക്രട്ടറിയേറ്റ് അലവൻസ് തുടങ്ങിയവയും ലഭിക്കുന്നുണ്ട്. ഇത് കൂടാതെ മെഡിക്കൽ അലവൻസ്, വിമാന യാത്രയുണ്ടെങ്കിൽ നാലിലൊന്നും തമിഴ് നാട്ടിൽ നിലവിൽ എം എൽ എമാർക്ക് ലഭിക്കുന്നത് 113000 രൂപയാണ്. ഈ പരിഗണനവെച്ചാണ് കേരളത്തിലെ എം എൽ എമാരുടെ ശമ്പളം വർധിപ്പിക്കാൻ ശുപാർശ ചെയ്തത്. തത്വത്തിൽ എല്ലാവരും അംഗീകരിച്ചതോടെ തീരുമാനം നടപ്പാക്കാനുള്ള നീക്കങ്ങൾ നടക്കവേയാണ് മുഖ്യമന്ത്രി ഇടപെട്ട് ശമ്പളം വർധനയ്ക്ക് തടയിട്ടത്.

2018 ൽ എം എൽ എമാരുടെയും മന്ത്രിമാരുടേയും ശമ്പളം വർധിപ്പിച്ചിരുന്നു. മന്ത്രിമാർക്ക് 55012 ൽ നിന്നും 97429 രൂപയാക്കി വർധിപ്പിച്ചിരുന്നു. എം എൽ എമാരുടെ ശമ്പളം 39500 രൂപയായിരുന്നത് 70000 ആക്കി വർധിപ്പിച്ചിരുന്നു. മന്ത്രിമാർക്ക് പരിധിയില്ലാത്ത യാത്രാ ബത്തയും ലഭിക്കും. രോഗം ബാധിച്ചാൽ വിദേശ ചികിത്സയ്ക്കുള്ള പണവും ലഭിക്കും. മന്ത്രിമാരുടെയും എം എൽ എമാരുടേയും ശമ്പളം കൂട്ടാൻ കഴിഞ്ഞ വർഷമാണ് വർധിപ്പിക്കാൻ ആലോചനകൾ നടന്നത്. 50 ശതമാനം വർധനയാണ് ശുപാർശ ചെയ്തിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് ശമ്പളവർധ ബിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ശമ്പളവർധന നടപ്പാക്കിയാൽ അത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമോ എന്ന ഭയം കാരണം അന്ന് ബിൽ അവതരിപ്പിച്ചില്ല.

കേരളത്തിലെ എം എൽ എമാരുടെ ശമ്പളവർധനയെക്കുറിച്ച് പഠിക്കാനായി നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെയിസ് കമ്മിറ്റിയുടെ ശുപാർശയിലാണ് 2018ൽ ശമ്പള വർധന നടപ്പാക്കിയത്. നാട്ടിക എം എൽ എയായ സി മുകുന്ദന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളുടെ വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഒരു വർഷം മുൻപത്തെ ശമ്പള വർധന ശുപാർശ നടപ്പാക്കാൻ സർക്കാർ നീക്കം ആരംഭിച്ചത്. ഇതാണ് മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചത്.

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനവകുപ്പ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എം എൽ എമാരുടേയും മന്ത്രിമാരുടേയും ശമ്പളം വർധിപ്പിക്കാൻ തീരുമാനിച്ചത്. പ്രതിപക്ഷം ഈ നീക്കത്തെ എതിർക്കുന്നില്ലെങ്കിലും പൊതുജനങ്ങൾക്കിടയിൽ അത് അവമതിപ്പിന് കാരണമാവുമെന്ന തിരിച്ചറിവിലാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ തീരുമാനമെടുത്തത്. ഇതോടെ ഈ മന്ത്രിസഭാ കാലത്ത് എം എൽ എമാരുടെയും മന്ത്രിമാരുടെയും ശമ്പളം വർധിപ്പിക്കില്ല. ദൂർത്തെന്ന ആരോപണത്തിൽ നിന്നും തൽക്കാലം തലയൂരിയതിന്റെ ആശ്വാസത്തിലാണ് സിപി‌ഐഎമ്മും.