Headlines

രാഹുൽ മാങ്കൂട്ടത്തിൽ നാളെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തേക്കില്ല

രാഹുൽ മാങ്കൂട്ടത്തിൽ നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തേക്കില്ല. രാഹുൽ പങ്കെടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഇക്കാര്യം അടുപ്പമുള്ള നേതാക്കൾ രാഹുലിനെ അറിയിച്ചു.പാർട്ടിയെ പ്രതിരോധത്തിലാക്കില്ലെന്ന് നേതാക്കൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ ഉറപ്പ് നൽകി. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം രാഹുലിന്റേതാണ്.

സംസ്ഥാന രാഷ്ട്രീയത്തിൽ പലതരം വിവാദങ്ങൾ കത്തിനിൽക്കെ നിയമസഭാ സമ്മേളനം നാളെ തുടങ്ങും. ലൈംഗിക ആരോപണങ്ങളിൽ ഉൾപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ. രാഹുൽ വന്നാൽ നേരത്തെ പി വി അൻവർ ഇരുന്ന പ്രത്യേക ബ്ലോക്കിലായിരിക്കും ഇരിപ്പിടം. സർക്കാരിനെതിരെ നിരവധി ആയുധങ്ങളുണ്ടെങ്കിലും രാഹുൽ വിവാദത്തിൽ പ്രതിപക്ഷം പ്രതിരോധത്തിലാണ്. പൊലീസ് അതിക്രമങ്ങളുടെ പരമ്പരയാണ് സർക്കാരിന്റെ പ്രധാന തലവേദന.

യുവ എംഎൽഎ ലൈംഗിക ആരോപണക്കുരുക്കിൽ പെട്ടത് പ്രതിപക്ഷത്തെ ഉലയ്ക്കുന്നു. രാഹുലിനെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാൻ ശ്രമമുണ്ടായി. പാർലമെന്ററി പാർട്ടിയിൽ നിന്ന് ഒഴിവാക്കി പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്തും നൽകി.എന്നാൽ രാഹുലിനെതിരായ നടപടി കോൺഗ്രസിൽ ഉണ്ടാക്കിയത് അസാധാരണ പ്രതിസന്ധിയാണ്. നടപടയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉറച്ചുനിൽക്കുമ്പോൾ, തിരികെ കൊണ്ടുവരണമെന്ന നിലപാടിലാണ് എ ഗ്രൂപ്പും മറ്റൊരു വിഭാഗം നേതാക്കളും.