വയനാട് പുൽപ്പള്ളി മുള്ളൻകൊല്ലിയിൽ കോൺഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കാൻ പൊലീസ്. ഇന്ന് മൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ജോസ് നെല്ലേടത്തിന്റെത് ആത്മഹത്യ എന്ന സ്ഥിരീകരണം ഉണ്ടെങ്കിലും ഇതിലേക്ക് നയിച്ച കാരണങ്ങൾ സംബന്ധിച്ചാണ് പോലീസിന്റെ അന്വേഷണം.
കോൺഗ്രസിന്റെ ഗ്രൂപ്പ് തർക്കവും, ഇതുമായി ബന്ധപ്പെട്ട് നിരപരാധിയായ ഒരാളെ കള്ളക്കേസിൽ കുടുക്കിയതും ഉൾപ്പെടെയുള്ള കാര്യങ്ങളുടെ തുടർച്ചയാണ് ആത്മഹത്യ എന്നാണ് സൂചന. പെരിക്കല്ലൂർ സ്വദേശി തങ്കച്ചന്റെ വീട്ടിൽ മദ്യവും തോട്ടകളും സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ കേസിൽ മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം തുടരുകയാണ്. എല്ലാവരും കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾ എന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം സുൽത്താൻബത്തേരിയിൽ ആത്മഹത്യക്ക് ശ്രമിച്ച പത്മജ വിജേഷ് ആരോഗ്യനില വീണ്ടെടുത്തു. ഡിസിസി ട്രഷറർ ആയിരിക്കെ ആത്മഹത്യ ചെയ്ത എൻ എം വിജയന്റെ മരുമകളാണ് പത്മജ. കോൺഗ്രസിനെതിരെ ഗുരുതര ആരോപണമാണ് പത്മജയും ഉയർത്തുന്നത്. നേതാക്കൾ തങ്ങൾക്ക് നൽകിയ ഉറപ്പുകൾ ലംഘിച്ചെന്നാണ് ഇവരുടെ ആരോപണം.