ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70–ാം പിറന്നാൾ

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് എഴുപതാം പിറന്നാൾ. ആഗോള കത്തോലിക്കാ സഭയുടെ 267-ാം മാർപാപ്പയായി ചുമതലയേറ്റെടുത്തതിനുശേഷമുള്ള ആദ്യ ജന്മദിനമാണ് ഇന്ന്. അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയ്ക്കുള്ള പിറന്നാൾ കേക്കുമായി വത്തിക്കാനിലെ യു എസ് അംബാസിഡർ ബ്രയാൻ ബെർച്ച് എത്തി. വത്തിക്കാനിലെ ജീവനക്കാർ കഴിഞ്ഞ ദിവസം വലിയൊരു പീത്‌സയും മാർപാപ്പയ്ക്ക് ജന്മദിന ഉപഹാരമായി നൽകിയിരുന്നു.

1955 സെപ്റ്റംബർ 14ന് അമേരിക്കയിലെ ഷിക്കാഗോയിലാണ് അദ്ദേഹം ജനിച്ചത്. ഇറ്റാലിയൻ-അമേരിക്കൻ കുടുംബത്തിൽ വളർന്ന അദ്ദേഹം, കത്തോലിക്കാ വിശ്വാസത്തിന്റെ ആഴമേറിയ പാരമ്പര്യത്തിൽ വളർന്നു. ലൊയോള യൂണിവേഴ്സിറ്റിയിൽ നിന്നു ഫിലോസഫിയിൽ ബിരുദം നേടിയ ശേഷം, റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. 1982 ൽ 27–ാം വയസ്സിൽ വൈദികനായി അഭിഷിക്തനായി. 2001-ൽ, അദ്ദേഹത്തെ പെറുവിലെ ട്രുജിയോ രൂപതയിലെ മെത്രാനായി നിയമിച്ചു. 2019 ൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വത്തിക്കാന്റെ ബിഷപ്പുമാർക്കുള്ള സിനഡിന്റെ തലവനായി നിയമിച്ചു. 2023-ൽ, അദ്ദേഹം കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടു.