പലസ്തീൻ-ഇസ്രായേൽ ദ്വിരാഷ്ട്ര പരിഹാരം നിർദേശിക്കുന്ന യുഎൻ പൊതുസഭ പ്രമേയത്തെ പിന്തുണച്ച ഇന്ത്യയുടെ നിലപാട് സ്വാഗതം ചെയ്ത് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. യുദ്ധക്കെടുതിയിൽ സർവവും നഷ്ടപ്പെട്ട ജനതക്കൊപ്പം നിൽക്കാൻ ലോകമാകെ മുന്നോട്ടുവരേണ്ടതുണ്ട്. ഗസക്ക് പുറമെ ഖത്തർ, യമൻ, ലബനാൻ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ അശാന്തി പടർത്തുന്ന ഇസ്രായേൽനടപടി ഒരിക്കലും നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
നബിദിനാഘോഷങ്ങളുടെ ഭാഗമായി മർകസിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് നടന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യുഎൻ പൊതുസഭയിൽ ഫ്രാൻസ് കൊണ്ടുവന്ന പ്രമേയത്തിനെയാണ് ഇന്ത്യ അനുകൂലിച്ചത്. ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുക വഴി പലസ്തീൻ പ്രശ്നം പരിഹരിക്കാമെന്ന ന്യൂയോർക്ക് പ്രഖ്യാപനത്തെ അംഗീകരിക്കുന്ന പ്രമേയമാണ് ഫ്രാൻസ് പൊതുസഭയിൽ അവതരിപ്പിച്ചത്. പ്രമേയത്തെ ഇന്ത്യയുൾപ്പെടെ 142 രാജ്യങ്ങൾ അനുകൂലിച്ചു. എന്നാൽ ഇസ്രയേൽ, അമേരിക്ക, അർജന്റീന, ഹംഗറി തുടങ്ങിയ പത്ത് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു.







