Headlines

ഗസയുടെ സമാധാനത്തിനുമായി സുവിശേഷ പ്രാർത്ഥന നടത്തണം; തിങ്കളാഴ്ച സുന്നത്ത് നോമ്പ് അനുഷ്ഠിക്കാൻ ആഹ്വാനം ചെയ്ത് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

ഗസയുടെ ക്ഷേമത്തിനും സമാധാനത്തിനുമായി സുവിശേഷ പ്രാർത്ഥന നടത്തണമെന്ന് ആഹ്വാനം ചെയ്ത് കാന്തപുരം എ.പി അബൂബക്കർ മുസലിയാർ. തിങ്കളാഴ്ച സുന്നത്ത് നോമ്പ് അനുഷ്ഠിക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്‌തത്. ഫേസ്ബുക്ക് പോസ്റ്റിൽ കൂടിയാണ് ആഹ്വാനം. പലസ്തീൻ ജനതക്ക് എത്രയും വേഗം സമാധാനം സാധ്യമാവട്ടെ എന്നാശംസിക്കുന്നുവെന്നും കുറിപ്പിൽ വ്യക്തമാക്കി.

കണ്ണു കുഴിഞ്ഞ്, വയറൊട്ടിയ, എല്ലുന്തിയ, വിശപ്പിന്‍റെ മരണവേദനയിൽ നിലവിളിക്കുന്ന ഗസയിലെ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ കണ്ണിൽ നിന്നു മായുന്നില്ലെന്നും ഒരിക്കലും നീതീകരിക്കാനാവാത്ത വംശഹത്യയാണ് ഗസയില്‍ നടക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഗസയെ നിങ്ങളുടെ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തണമെന്നാണ് അദ്ദേഹം പോസ്റ്റിലൂടെ അഭ്യര്‍ഥിച്ചു.

കാന്തപുരം അബൂബക്കർ മുസ്‌ലിയാർ ഫേസ്ബുക്കിൽ കുറിച്ചത്

ഗസ്സ പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ കാബിനറ്റ് അനുമതി നൽകിയതായുള്ള വാർത്ത കണ്ടു. ഗസ്സയിൽ വംശഹത്യാ പദ്ധതി നടപ്പാക്കിയാണ് സയണിസ്റ്റ് സൈന്യം ഇപ്പോൾ മുന്നോട്ട് പോവുന്നത്. കണ്ണു കുഴിഞ്ഞ, വയറൊട്ടിയ, എല്ലുന്തിയ, ഓരോ നിമിഷവും വിശപ്പിന്റെ മരണവേദനയിൽ നിലവിളിക്കുന്ന ഗസ്സയിലെ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ കണ്ണിൽ നിന്നു മായുന്നില്ല. എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും മാനവിക മൂല്യങ്ങളും കരാറുകളും ലംഘിച്ച് കഴിഞ്ഞ 22 മാസമായി ഇസ്രായേൽ ഗസ്സയിൽ തുടരുന്ന നരഹത്യയും ഉപരോധവും മൂലം ഇതുവരെ 65,000 ത്തോളം പേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. സ്ത്രീകളും കുട്ടികളുമുൾപ്പെടെ പട്ടിണിമൂലം മാത്രം മരണപ്പെട്ടത് 193 പേർ.

ഒരിക്കലും നീതീകരിക്കാനാവാത്ത വംശഹത്യയാണ് ഗസ്സയിൽ ചെയ്തുകൂട്ടുന്നത്. സർവവും നഷ്ടപ്പെട്ട് അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവർക്കും, മുഴുപട്ടിണിയിൽ സന്നദ്ധ സംഘടനകൾ വിതരണം ചെയ്യുന്ന കേവല ഭക്ഷണപ്പൊതികൾക്ക് കാത്തുനിൽക്കുന്നവർക്കും നേരെപോലും വെടിയുതിർക്കാൻ മുതിരുന്നത് എത്ര കിരാതമായ ആശയമാണ് അക്രമികളെ നയിക്കുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നുണ്ട്.

ചിത്രങ്ങളും വാർത്തകളും നമ്മോട് പറഞ്ഞതിനേക്കാളും ഭീകരമാണ് അവസ്ഥ. 81% ജനങ്ങൾക്കും ഭക്ഷ്യോപയോഗം ഏറ്റവും കുറഞ്ഞ നിലയിലെന്നാണ് യുഎൻ കണക്ക്. പത്തിൽ ഒൻപതു കുടുംബങ്ങളും ഒരു നേരത്തെ ഭക്ഷണമെങ്കിലും കിട്ടാനായി നെട്ടോട്ടമോടുകയാണ്. ഹൃദയം തകർന്നു പോകുന്ന മുറിവുകളുടെ മാത്രം ലോകമായി ഒരു നാട് മാറിയിരിക്കുന്നു. പിറന്ന മണ്ണിൽ അഭയാർഥികളായി അരവയറുപോലും നിറക്കാൻ നിവൃത്തിയില്ലാതെ ദയനീയമായി അവർ നമ്മെ നോക്കുന്നു.

മാനുഷിക പരിഗണനയിലും ഒരു വിശ്വാസി എന്ന നിലയിലും നമുക്ക് ചില കടമകളുണ്ട്. നമ്മുടെ സഹോദരങ്ങളാണവർ. ഓർക്കുമ്പോൾ കണ്ണിൽ നനവ് പടരുന്നു. അവർക്കുവേണ്ടി ഇനിയും റബ്ബിനോട് മനമുരുകി പ്രാർഥിക്കേണ്ടതുണ്ട്.
ഗസ്സ നിവാസികളുടെ ക്ഷേമത്തിനും സമാധാനം പുലരുന്നതിനും വേണ്ടി വരുന്ന തിങ്കളാഴ്ച(11-08-25) മഗ്‌രിബ് നിസ്കാരശേഷം കുടുംബാംഗങ്ങൾക്കൊപ്പം ഒന്നിച്ചിരുന്ന് സവിശേഷ പ്രാർഥന നടത്തണമെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു. പ്രാർഥനയുടെ മുന്നോടിയായി സുകൃതങ്ങൾ ഉണ്ടാവുകയെന്നത് അതിന്റെ സ്വീകാര്യതയുടെയും മര്യാദയുടെയും ഭാഗമാണല്ലോ. ആ അർഥത്തിൽ തിങ്കളാഴ്ച പകൽ അന്നേ ദിവസം സുന്നത്തുള്ള നോമ്പ് കഴിയുന്നവരെല്ലാം അനുഷ്ഠിക്കണമെന്ന് ഉണർത്തുന്നു.

ഫലസ്തീൻ ജനതക്ക് എത്രയും വേഗം സമാധാന ജീവിതം സാധ്യമാവട്ടെ,