വ്യാപാര തർക്കത്തിൽ സ്വരം മയപ്പെടുത്തി അമേരിക്ക. ഇന്ത്യ , അമേരിക്കയുടെ തന്ത്രപരമായ മുഖ്യ പങ്കാളിയായി തുടരുമെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ്. ട്രംപ് പങ്കുവച്ചത്, ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിലുള്ള ആശങ്കയെന്നും ടോമി പിഗോട്ട് വ്യക്തമാക്കി.
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയും റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് പിഴ തീരുവയായി 25 ശതമാനവും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ വഴിമുട്ടിയിരുന്നു. പ്രശ്‌നത്തിന് പരിഹാരം കാണുന്നതു വരെ വ്യാപാര ചർച്ചയ്ക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ ആണ് തീരുവ തർക്ക വിഷയത്തിൽ അമേരിക്ക സ്വരം മയപ്പെടുത്തിയത്.
ഇന്ത്യ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയായി തന്നെ തുടരുമെന്നും ഇന്ത്യയുമായി തുറന്ന ചർച്ചകൾക്ക് തയാറാണെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി. ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനെപ്പറ്റിയും വ്യാപാരകമ്മിയെപ്പറ്റിയുമുള്ള ആശങ്കകളാണ് ട്രംപ് പങ്കുവച്ചതെന്നും പിഗോട്ട് പറഞ്ഞു. അതിനിടെ നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് പുടിനും ഫോണിൽ ഇന്നലെ ചർച്ച നടത്തി.
ഇരുരാജ്യങ്ങളും ഉഭയകക്ഷി ചർച്ചകളുടെ പുരോഗതി പരിശോധിക്കുകയും തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തതായി മോദി സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചുഈ വർഷം അവസാനം പുടിനെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.ഇന്ത്യാ-പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ ആവർത്തിച്ചു.