ദീപക്കിന്റെ ആത്മഹത്യ; യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

ലൈംഗികാരോപണം നേരിട്ടതിന് പിന്നാലെ, യുവാവ് ആത്മഹത്യ ചെയ്ത കേസിൽ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. ലഭിച്ച പരാതികളിൽ പ്രാഥമിക വിവര ശേഖരണം നടത്തിയ ശേഷമാണ് തീരുമാനം. യുവതിയെ പ്രതിയാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് ജീവനൊടുക്കിയ കോഴിക്കോട് സ്വദേശി ദീപക്കിന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.വിഡിയോ പ്രചരിപ്പിച്ച യുവതിയുടേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

യുവതിയുടെ പരാതി വ്യാജമാണെങ്കിൽ അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പോലീസ് കേസെടുത്ത്‌ മുന്നോട്ടു പോകും. ഒരു സംഭവം വച്ച് എല്ലാം സാമാന്യവത്കരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിനു പിന്നാലെ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നോർത്ത് സോൺ ഡി.ഐ.ജി. അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19 ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.