നബിദിന സന്ദേശവുമായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. എല്ലാ ജനങ്ങൾക്കും മാതൃകയായിരുന്നു മുഹമ്മദ് നബി. സംസ്കാരവും നീതിയും മനുഷ്യത്വവും ഒരുപോലെ നബി മനസിലാക്കി തന്നിരുന്നുവെന്നും കാന്തപുരം വ്യക്തമാക്കി . പരസ്പര സഹായവും സൗഹൃദവും നിലനിർത്തി മുന്നോട്ടുപോകണം. രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി ഓരോരുത്തരും പ്രവർത്തിക്കണമെന്നും കാന്തപുരം വ്യക്തമാക്കി. ഓണത്തോടൊപ്പം നാളെയാണ് നബിദിനവും ആചരിക്കുക.
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബി ദിനമായി ഇസ്‌ലാം മത വിശ്വാസികൾ ആഘോഷിക്കുന്നത്. ഈ ദിവസം പള്ളികളിലും വീടുകളിലും പ്രാർത്ഥനകളും പ്രത്യേക പരിപാടികളും സംഘടിപ്പിക്കാറുണ്ട്.മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് സംസ്ഥാന വ്യാപകമായി നടക്കുക. മീലാദ് റാലികൾ, പ്രവാചക പ്രകീർത്തനമായ മൗലീദ് സദസുകൾ, നബി സന്ദേശ പ്രഭാഷണങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ, അന്നദാനം എന്നിവയാണ് പ്രധാനമായും സംഘടിപ്പിക്കുന്നത്.