Headlines

ആര്യനാട് ആത്മഹത്യ ചെയ്ത പഞ്ചായത്തംഗം ശ്രീജയുടെ സംസ്കാരം ഇന്ന്

തിരുവനന്തപുരം ആര്യനാട് ആത്മഹത്യ ചെയ്ത പഞ്ചായത്തംഗം ശ്രീജയുടെ സംസ്കാരം ഇന്ന്. രാവിലെ 9 മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം. മുതിർന്ന കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. അതേസമയം, ശ്രീജയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹൻ പോലീസിൽ പരാതി നൽകി. മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് ആവശ്യം.

ശ്രീജയുടെ സാമ്പത്തിക ഇടപാടുകൾ, ഇവയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നീ കാര്യങ്ങൾ അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. ശ്രീജയുടെ മരണവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായത്. പഞ്ചായത്ത് പ്രസിഡന്റ് അടക്കം നാലു സിപിഐഎം നേതാക്കൾക്കെതിരെ കേസെടുക്കാമെന്ന പോലീസ് ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസത്തെ പ്രതിഷേധം അവസാനിപ്പിച്ചത്.

ഇന്നലെ രാവിലെയാണ് ആസിഡ് കുടിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായ ശ്രീജ മരിച്ചത്. വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്ന ശ്രീജയെ പ്രാദേശിക സിപിഐഎം നേതാക്കൾ പരസ്യമായി വ്യക്തിഹത്യ നടത്തിയെന്ന മനോവിഷമത്തിൽ ജീവനോടുക്കിയെന്നാണ് ആരോപണം.