ജോസ് കെ മാണിക്ക് പരോക്ഷ ക്ഷണവുമായി കോടിയേരി; ജോസ് പക്ഷം ഇടത്തേക്കോ

യുഡിഎഫുമായി ഇടഞ്ഞുനിൽക്കുന്ന ജോസ് കെ മാണിയെ ഇടതുപക്ഷത്തേക്ക് പരോക്ഷമായി സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനിയിൽ എഴുതിയ മുഖപ്രസംഗത്തിന്റെ അവസാന ഭാഗത്തിലാണ് ജോസ് കെ മാണിയെ ക്ഷണം സൂചിപ്പിക്കുന്നത്.

കേരളാ കോൺഗ്രസ് എമ്മിലെ രണ്ട് എംഎൽഎമാർ യുഡിഎഫിൽ അവിശ്വാസം രേഖപ്പെടുത്തി. ഇത് യുഡിഎഫിലെ പ്രതിസന്ധിയെ പുതിയൊരു തലത്തിൽ എത്തിച്ചിരിക്കുകയാണ്. യുഡിഎഫ് തീരുമാനം തന്റെ കക്ഷിക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയാണ് മാണി കേരളാ കോൺഗ്രസിനെ നയിക്കുന്ന ജോസ് കെ മാണി യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാതിരുന്നത്.

കേരളാ കോൺഗ്രസ് എം ദേശീയ തലത്തിൽ യുപിഎയുടെ ഘടകക്ഷിയാണ്. ആ കക്ഷിയാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സ്ഥാനാർഥിക്ക് വോട്ട് ചെയ്യാതിരുന്നത്. ജോസ് വിഭാഗത്തെ തിരിച്ചു കൊണ്ടുവരാന് യുഡിഎഫ് നേതാക്കൾ അനുനയ നീക്കങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിള്ളലേറ്റത്. യുഡിഎഫിലെ ആഭ്യന്തര കലഹത്തിന്റെ അതിർ വരമ്പും കടന്നിരിക്കുകയാണ്.

എൽഡിഎഫ് എന്നത് പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയപരമായും സംഘടനാപരമായും കെട്ടുറപ്പുള്ള രാഷ്ട്രീയ കൂട്ടുകെട്ടാണ്. യുഡിഎഫ് അന്ത:ച്ഛിദ്രത്തിന്റെ മുന്നണിയും. യുഡിഎഫ് വിട്ട് പുറത്തുവരുന്ന കക്ഷികളുടെ രാഷ്ട്രീയനിലപാടും സമീപനവും നോക്കി എൽഡിഎഫ് കൂട്ടായ ചർച്ചകളിലൂടെ നിലപാട് സ്വീകരിക്കുമെന്നും കോടിയേരി മുഖപ്രസംഗത്തിൽ പറയുന്നു.