യുഡിഎഫുമായുള്ള ബന്ധം പൂർണമായി വിച്ഛേദിക്കാനൊരുങ്ങി കേരളാ കോൺഗ്രസ് ജോസ് കെ മാണി പക്ഷം. പ്രാദേശികമായി ഇടതുപക്ഷത്തോടൊപ്പം ചേർന്ന് നിൽക്കാനാണ് തീരുമാനം. കോട്ടയം മരങ്ങാട്ട്പിള്ളി പഞ്ചായത്തിൽ സിപിഎമ്മിനൊപ്പം ചേർന്ന് യുഡിഎഫ് ഭരണസമിതിക്കെതിരെ ജോസ് പക്ഷത്തെ അഞ്ച് അംഗങ്ങൾ കത്ത് നൽകി
ജോസ് കെ മാണിക്കൊപ്പം സഹകരിച്ചാൽ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ കണക്കെടുപ്പ് സിപിഎം ആരംഭിച്ചിട്ടുണ്ട്. അവിശ്വാസ പ്രമേയത്തിലും ഒപ്പം നിൽക്കാതെ വന്നതോടെ ജോസ് പക്ഷത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കണമെന്ന് വിവിധ കക്ഷി നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് ഇടത് പ്രവേശനത്തിനുള്ള സാധ്യത ജോസ് പക്ഷം തേടുന്നത്.
ചിഹ്ന തർക്കത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇത് വന്നതിന് പിന്നാലെ ഇടതുപ്രവേശനം എന്നതാണ് ലക്ഷ്യം. എന്നാൽ ഇടതിനൊപ്പം പോയാൽ ചില നിയമസഭാ സീറ്റുകൾ നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയും ജോസ് പക്ഷത്തിനുണ്ട്