Headlines

ജാമ്യമില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ അഴിക്കുള്ളില്‍; റിമാന്‍ഡ് 14 ദിവസത്തേക്ക്

മൂന്നാമത്തെ ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍. രാഹുലിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ജാമ്യം ലഭിക്കാതിരിക്കുകയുമായികുന്നു. രാഹുലിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയതിരിക്കുന്നത്. മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലേക്കാണ് രാഹുലിനെ മാറ്റുക. പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റിന് മുന്നിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹാജരാക്കിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചേക്കും. നാളെയാകും അപേക്ഷ നല്‍കുക. സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ രാഹുല്‍ ആവര്‍ത്തിച്ച് ചെയ്തിട്ടുണ്ടെന്നും ഇയാള്‍ ഹാബിച്വല്‍ ഒഫന്ററാണ് എന്നുമുള്‍പ്പെടെ ഗുരുതര പരാമര്‍ശമാണ് പൊലീസിന്റെ റിപ്പോര്‍ട്ടിലുള്ളത്. (rahul mamkoottathil in remand in rape case).
അന്വേഷണത്തോട് രാഹുല്‍ പൂര്‍ണമായി സഹകരിക്കുന്നില്ലെന്നാണ് വിവരം. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാതെ രാഹുല്‍ എല്ലാം അഭിഭാഷകന്‍ പറയുമെന്ന നിലപാടില്‍ ഉറച്ചിരിക്കുകയാണ്. പരാതിയില്‍ പറയുന്നതുപോലെ ഒരു പീഡനം നടന്നിട്ടില്ലെന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നുമാണ് രാഹുലിന്റെ വാദം.

അതീവ രഹസ്യമായാണ് ഇന്ന് പുലര്‍ച്ചെയോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്തത്. ഉപതിരഞ്ഞെടുപ്പ് കാലത്ത് നീലപ്പെട്ടി വിവാദമുണ്ടായ അതേ കെപിഎം ഹോട്ടലില്‍ വെച്ചാണ് ഒരു വര്‍ഷത്തിനിപ്പുറം രാഹുലിനെ പൊലീസ് പിടിച്ചതും. ഷൊര്‍ണൂര്‍ ഡിവൈഎസ്പി മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.കസ്റ്റഡിയിലെടുത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പത്തനംതിട്ട എആര്‍ ക്യാമ്പിലേക്കാണ് എത്തിച്ചത്. പഴുതടച്ച നീക്കത്തിലൂടെ സ്റ്റാഫ് അംഗങ്ങള്‍ മുറിയില്‍ ഇല്ലാത്തപ്പോഴാണ് പൊലീസ് ഹോട്ടലില്‍ കയറി രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്. യൂണിഫോമിലെത്തിയ പൊലീസ് വനിത പൊലീസ് അടക്കമുള്ള എട്ടംഗ സംഘം എംഎല്‍എയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹോട്ടലില്‍ എത്തി റിസപ്ഷനിലുള്ളവരുടെ ഫോണ്‍ പിടിച്ചെടുത്ത ശേഷമാണ് പൊലീസ് റൂമിലെത്തിയത്.ഫ്ലാറ്റ് ഒഴിഞ്ഞ ശേഷം കെപിഎം ഹോട്ടലില്‍ ആയിരുന്നു രാഹുലിന്റെ താമസം. രാഹുലിനെതിരെ നിലവില്‍ മൂന്ന് ബലാത്സംഗ കേസുകളാണ് ഉള്ളത്. ആദ്യത്തെ കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസില്‍ വിചാരണ കോടതി എംല്‍എക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.