Headlines

ഒളിവുജീവിതം അവസാനിപ്പിച്ച് പാലക്കാട് എം.എൽ.എ വോട്ട് ചെയ്യാനെത്തി; രാഹുലിനെ ഇനി കോൺഗ്രസ് എന്തു ചെയ്യും?

ലൈംഗിക പീഡന പരാതിയിൽ അകപ്പെട്ട് ഒളിവിൽ പോയ പാലക്കാട് എം.എൽ.എയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെത്തി. രാഹുലിനെതിരെ പോലീസ് എടുത്ത കേസുകളിൽ അറസ്റ്റു തടയുകയും, മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തതോടെയാണ് രാഹുല്‍ ഒളിവിൽ നിന്നും പുറത്തുവന്നത്. പാലക്കാട്ടെത്തി തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. താൻ ഇവിടെ ജനങ്ങളൊപ്പമുണ്ടാവുമെന്നാണ് രാഹുല്‍ അർത്ഥശങ്കയ്ക്കിടയില്ലാതെ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. രാഹുല്‍ മാങ്കൂട്ടത്തലിന് ഇന്നലെ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി രാഹുല്‍ പാലക്കാട് എത്തുമെന്ന് നേരത്തെ വാർത്തകൾ പരന്നിരുന്നു. എന്നാൽ വോട്ടെടുപ്പിന്റെ അവസാന ലാപ്പിലാണ് രാഹുല്‍ പാലക്കാട് എത്തിയത്.

വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ ഒരു കാര്യം രാഹുല്‍ മാങ്കൂട്ടത്തില്‍ വിശദീകരിച്ചു. “ഞാൻ ഇവിടെ വോട്ടർമാർക്കിടയിൽ ഉണ്ടാവും.” തന്റെ ഭാഗം വ്യക്തമായി കോടതിയിൽ തീർക്കിയിട്ടുണ്ട് എന്നും സത്യം ജയിക്കും എന്നും പ്രതികരിച്ചു. രാഹുലിനെ സ്വീകരിക്കാനായി കോൺഗ്രസ് പ്രവർത്തകർ വോട്ടെടുപ്പ് കേന്ദ്രത്തിന് മുന്നിൽ എത്തിച്ചേർന്നു.പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കപ്പെട്ട രാഹുല്‍ എം.എൽ.എ സ്ഥാനത്തുനിന്നും രാജിവെക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ എം.എൽ.എ സ്ഥാനത്തുനിന്നും രാജിവെക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് രാഹുല്‍ ഇന്ന് നൽകിയിരിക്കുന്നത്.

ഇതേ സമയം രാഹുലിനെതിരെ ഉയർന്ന രണ്ടാമത്തെ പീഡനപരാതി വളരെ ആസൂത്രിതമായി തയ്യാറാക്കിയതാണെന്നും ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടായ പരാതിയാണെന്നും കെ.പി.സി.സി. അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫിന്റെ പ്രതികരണം. കോൺഗ്രസിന്റെ മറ്റു പ്രമുഖ നേതാക്കൾ ഒന്നും രാഹുല്‍ വിഷയത്തിൽ മുൻകൂർ ജാമ്യത്തിന് ശേഷം പ്രതികരിച്ചിട്ടില്ല.

പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചരണ രംഗത്ത് തുടരവെയാണ് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പീഡനത്തിനും നിർബന്ധിച്ച് ഭ്രൂണഹത്യയ്ക്കും യുവതി പരാതിയുമായി എത്തുന്നത്. മുഖ്യമന്ത്രിയെ നേരിൽ കാണുകയും എം.എൽ.എയ്‌ക്കെതിരെ പരാതി നൽകുകയും ചെയ്തതോടെ അന്വേഷണ ഏജൻസികൾ രാഹുലിനെതിരെ കേസെടുക്കുകയും അറസ്റ്റുചെയ്യൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുകയും ചെയ്തു. ഇതോടെയാണ് തിരഞ്ഞെടുപ്പ് പ്രചരണ രംഗത്തുനിന്നും മിനിറ്റുകൾക്കകം രാഹുല്‍ മാങ്കൂട്ടത്തില്‍ അപ്രത്യക്ഷനായത്. കീഴ്‌ക്കോടതി രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്നും രാഹുലിനെ പുറത്താക്കിയതായി അറിയിപ്പുവന്നു. രാഹുലിനെതിരെ കേസെടുത്തപ്പോഴും പുറത്താക്കണമെന്ന ആവശ്യം കോൺഗ്രസിൽ ഉയർന്നിരുന്നു, എന്നാൽ സാവകാശം മതി, കടുത്ത നടപടികളെന്ന് നിലപാടിലായിരുന്നു കെ.പി.സി.സി. അധ്യക്ഷൻ. ജാമ്യം തള്ളിയോടെ രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായുള്ള അറിയിപ്പും വന്നു.

രാഹുല്‍ ഒളിവിൽ പോയതും രക്ഷപ്പെടാൻ ഉപയോഗിച്ച കറുത്ത കാറും എല്ലാം മാധ്യമങ്ങളിൽ വലിയ വാർത്തയായി. ഒരു സിനിമാ നടിയുടെ കാറിലാണ് രാഹുല്‍ അയൽ സംസ്ഥാനത്തേക്ക് കടന്നതെന്നും, ഒളിവിൽ മാറിമാറി താമസിക്കുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നുവെങ്കിലും അറസ്റ്റു ചെയ്യാൻ കഴിഞ്ഞിരുന്നില്ല. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിൽിരിക്കവേ ആണ് രണ്ടാമത്തെ ലൈംഗിക പീഡന പരാതി ഉയരുന്നത്. കെ.പി.സി.സി. അധ്യക്ഷന്റെ പേരിൽ ലഭിച്ച പരാതി പൊലീസിന് കൈമാറുകയായിരുന്നു. ഇതോടെ രാഹുല്‍ വിഷയം തദ്ദേശ തിരഞ്ഞെടുപ്പിൽ മുഖ്യ വിഷയമായി മാറി. രാഹുല്‍ അറസ്റ്റു ചെയ്യപ്പെടുമെന്ന ഘട്ടംവരെയെത്തി. എന്നാൽ ഹൈക്കോടതി ആദ്യ പീഡനപരാതിയിൽ അറസ്റ്റു തടഞ്ഞെങ്കിലും രണ്ടാമത്തെ പീഡന പരാതിയിൽ എന്താണ് സംഭവിക്കുകയെന്നത് വ്യക്തമല്ലായിരുന്നു.

നാൽ മാസങ്ങൾക്ക് മുൻപാണ് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ലൈംഗിക പീഡന പരാതി ഉയർന്നത്. ഇതോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും രാജിവച്ചു. പ്രതിരോധത്തിലായ കോൺഗ്രസ് നേതൃത്വം രാഹുലിനെ പ്രാഥമികാംഗത്വത്തിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. കേസിൽ പരാതിക്കാരിയില്ലാത്ത സാഹചര്യത്തിൽ കടുത്ത തീരുമാനങ്ങൾ വേണ്ടെന്നും ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. എന്നാൽ രാഹുല്‍ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നായിരുന്നു എതിര്‍ഗ്രൂപ്പ് നേതാക്കളുടെ ആവശ്യം. രാഹുല്‍ വിഷയം ഏറെക്കുറെ കെട്ടടങ്ങിയെന്ന പ്രതീതിയുണ്ടായി. അപ്രതീക്ഷിതമായാണ് പീഡനത്തിന് ഇരയായെന്ന് പറയപ്പെടുന്ന യുവതിയുടെ ശബ്ദസന്ദേശവും വാട്‌സ്ആപ്പ് ചാറ്റുകളും മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമലയിലെ സ്വർണക്കൊള്ള പ്രധാന പ്രചരണായുധമായിരുന്ന യു.ഡി.എഫ് കടുത്ത പ്രതിരോധത്തിലായി.

കോൺഗ്രസ് നേതൃത്വം പൂർണമായും തള്ളിയ രാഹുല്‍ മാങ്കൂട്ടം മുൻകൂർ ജാമ്യം നേടിയതോടെ ചില നേതാക്കൾ അനുകൂലമായ നിലപാടുമായി രംഗത്തെത്തുമെന്നാണ് അറിയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ശനിയാഴ്ച വന്നതിന് ശേഷം രാഹുല്‍ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാകും.
രാഹുലിനോട് മൃദുസമീപനമായിരിക്കുമോ, അതോ നാലുമാസങ്ങൾക്കിടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാവാതിരിക്കാൻ രാഹുലിനെ കോൺഗ്രസ് നേതൃത്വം പൂർണമായും തഴയുമോ എന്നതാണ് കാണേണ്ടത്. രാഹുല്‍ സ്വീകരിക്കാൻ എത്തിയ കോൺഗ്രസ് പ്രാദേശിക നേതാക്കൾക്കും പ്രവർത്തകർക്ക് എതിരെ നടപടിയുണ്ടാവുമോ? തുടങ്ങിയ ചോദ്യങ്ങളാണ് ഇനി ബാക്കി.