യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനും പാലക്കാട് എം എൽ എയുമായ രാഹുൽ മാങ്കൂട്ടത്തിൽ പീഡിപ്പിച്ചെന്ന പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. ഇതോടെ രാഹുലിനെതിരെ അടിയന്തര നടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ് നേതൃത്വം. വിവാഹ വാഗ്ദാനം നൽകി രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി കെ പി സി സി അധ്യക്ഷൻ പൊലീസ് മേധാവിക്ക് കൈമാറിയതോടെ രാഹുലിന്റെ മുൻകൂർ ജാമ്യനീക്കം പാളും. തദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ലൈംഗിക പരാതി ഉയർന്നത് യു ഡി എഫ് ക്യാമ്പിന്റെ ആത്മവീര്യം തകർത്തിരിക്കുകയാണ്. രാഹുലിനെതിരെ നേരത്തെ ഉയർന്ന ലൈംഗിക പരാതി രാഷ്ട്രീയ ഗൂഢാലോചനയാണെന്നായിരുന്നു ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ ആരോപണം. രാഹുൽ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായതോടെ കോൺഗ്രസിൽ രണ്ട് ചേരികൾ രൂപം കൊണ്ടു. കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ട ഒരാൾ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രവർത്തനത്തിനിറങ്ങരുതെന്ന ആവശ്യവുമായി മുതിർന്ന നേതാക്കൾ രംഗത്തെത്തി. ഇതോടെ കോൺഗ്രസ് നേതാക്കൾ തമ്മിൽ രാഹുൽ വിഷയത്തിൽ കലഹിച്ചു. രാഹുലിനെതിരെ ആരും പരാതിപ്പെട്ടിട്ടില്ലെന്നും, രാഹുലിനെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും ആരോപിച്ച് മുൻ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തി. മണിക്കൂറുകൾക്കുള്ളിൽ രാഹുലിനെതിരെ പീഡനത്തിന് ഇരയായ യുവതി പരാതി നൽകിയതോടെ കോൺഗ്രസ് ക്യാമ്പ് പരുങ്ങലിലായി.
ലൈംഗിക പീഡന പരാതിയെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷപദവിയിൽ നിന്നും രാഹുലിനെ നേരത്തെ നീക്കിയെങ്കിലും കോൺഗ്രസ് അംഗമായി തുടരുകയാണ്. കോൺഗ്രസിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യപ്പെട്ട രാഹുൽ എം എൽ എസ്ഥാനം ഒഴിയണമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ പീഡന ആരോപണം ഉന്നയിച്ച യുവതി പരാതി നൽകിയിട്ടില്ലെന്നതിനാൽ എം എൽ എ സ്ഥാനത്തുനിന്നും രാജി ആവശ്യപ്പെടാൻ കഴിയില്ലെന്ന നിലപാടിൽ കെ പി സി സി അധ്യക്ഷനും മറ്റു നേതാക്കളും എത്തിച്ചേരുകയായിരുന്നു.
Advertisement
യുവതിയെ വിവാഹ വാഗാദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് രാഹുൽ ഒളിവിൽപോയിരുന്നു. പീഡനക്കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് മറ്റൊരു യുവതികൂടി സമാന രീതിയിലുള്ള പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിന് പുറത്തു സ്ഥിരതാമസമാക്കിയ യുവതിയാണ് പുതിയ പരാതിക്കാരി. കോൺഗ്രസ് നേതൃത്വത്തിനാണ് യുവതി ഇ-മെയിലിൽ പരാതി കൈമാറിയിരിക്കുന്നത്. കേരളത്തിൽ എത്തിയ സമയത്ത് പത്തനംതിട്ടയിലെ ഒരു ഹോട്ടലിൽവച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
കെ പി സി സി അധ്യക്ഷൻ സണ്ണിജോസഫ്, രാഹുൽ ഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവരുൾപ്പെടെയുള്ള ഉന്നത നേതാക്കൾക്കും യുവതി പരാതി നൽകിയിരിക്കുകയാണ്. കെ പി സി സി അധ്യക്ഷൻ പരാതി പൊലീസ് മേധാവിക്ക് കൈമാറിയതോടെ രാഹുലിനെ കോൺഗ്രസ് നേതൃത്വം പൂർണാമായും കയ്യൊഴിഞ്ഞുവെന്ന സൂചനയാണ് നൽകിയിരിക്കുന്നത്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയാൽ കടുത്ത നടപടിയിലേക്ക് കോൺഗ്രസ് നേതൃത്വം കടന്നേക്കും. പാലക്കാട് എം എൽ എ സ്ഥാനത്തുനിന്നും രാജിവെപ്പിച്ച് മുഖം രക്ഷിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ് നേതൃത്വം.







