എസ്.എസ്.എൽ.സി, പ്ലസ്.ടു വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്കിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനം; ഫലം ജൂലൈയിൽ

 

എസ്.എസ്.എല്‍.സി, പ്ലസ്.ടു വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്കിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് സര്‍ക്കാര്‍. അടുത്ത മാസം ഫലപ്രഖ്യാപനമുള്ളത് കൊണ്ട് ഇതിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവിശ്യപ്പെട്ടിരുന്നു.

എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം ഈ മാസം 26 ന് അകം പൂര്‍ത്തിയാക്കും. പ്ലസ്.ടു മൂല്യനിര്‍ണയം തിങ്കളാഴ്ച പൂര്‍ത്തിയായേക്കും. എസ്.എസ്.എല്‍.സി ഫലം ജൂലൈ ആദ്യവാരവും, പ്ലസ്.ടു ഫലം ജൂലൈ 15 ന് ശേഷമായിരിക്കും ഉണ്ടാവുകയെന്നാണ് സൂചന.

മുന്‍ വര്‍ഷങ്ങളിലൊക്കെ പാഠ്യേതര രംഗങ്ങളില്‍ വിദ്യാര്‍ഥികളുടെ മികവ് മുന്‍നിര്‍ത്തിയാണ് ഗ്രേസ് മാര്‍ക് നിശ്ചയിച്ചിരുന്നത്. ഈ വര്‍ഷം അത് ഉണ്ടായിരുന്നില്ല. എന്നാല്‍ പരീക്ഷ നല്ല രീതിയില്‍ നടത്തിയതിനാല്‍ ഗ്രേസ് മാര്‍ക് വേണ്ടെന്നുള്ള നിര്‍ദേശവും സര്‍കാറിന്റെ മുന്നിലുണ്ട്.

മുന്‍പൊക്കെ വിവിധ വിഭാഗങ്ങളിലായി രണ്ട് ലക്ഷംപേര്‍ക്കാണ് ഗ്രേസ് മാര്‍ക് നല്‍കിയിരുന്നത്. മുന്‍ വര്‍ഷങ്ങളിലെ പ്രകടനം വിലയിരുത്തി ഗ്രേസ് മാര്‍ക് നല്‍കാവുന്നതാണെന്നും എസ്.സി.ഇ.ആര്‍.ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമാകും ഈ വര്‍ഷത്തെ ഗ്രേസ് മാര്‍ക്കിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.