രാഷ്ട്രീയ കൊലപാതകങ്ങൾ; സംസ്ഥാനത്ത് മൂന്ന് ദിവസം കര്‍ശന പരിശോധന

 

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളുടേയും ഗുണ്ടാ ആക്രമണങ്ങളുടേയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രതാനിര്‍ദേശം. മൂന്ന് ദിവസം കര്‍ശന പരിശോധന നടത്താന്‍ ഡിജിപി നിര്‍ദേശം നല്‍കി. അവധിയിലുള്ള പോലീസുകാരോട് തിരികെ ജോലിയില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ് ഡിജിപി അനില്‍കാന്ത് ഇത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

അടുത്ത മൂന്ന് ദിവസം വാഹനപരിശോധന കര്‍ശനമാക്കണം. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്തണം. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകളെ നിരീക്ഷിക്കണം. സംഘര്‍ഷസാധ്യത മുന്നില്‍കണ്ട് പാര്‍ട്ടി ഓഫീസുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.