ബിഹാര്‍ രാഷ്ട്രീയക്കാരനായ അനന്ത് സിങ്ങിന്റെ മകള്‍ ശിവാംഗി സിങ്ങിന്റെ വിവാഹത്തോട് അനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ഒരുക്കിയ ഭക്ഷണ പന്തലില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. വിവാഹ സല്‍ക്കാരം പോലെയുള്ള പൊതുയിടങ്ങളിലെ പെരുമാറ്റത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ചര്‍ച്ചക്കാണ് സംഭവം വഴിവെച്ചിരിക്കുന്നത്. നവംബര്‍ 25 ലെ ആഘോഷങ്ങളില്‍ ലക്ഷകണക്കിന് വരുന്ന അതിഥികള്‍ക്കായി 150 ലധികം വിഭവങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ‘ബൊഫെ’ രീതിയെല്ലാം വിട്ട് കൈയ്യൂക്കുള്ളവര്‍ ഭക്ഷണം കൈക്കലാക്കുന്ന രീതിയിലേക്ക് മാറി. സംഭവം വലിയ ചര്‍ച്ചകള്‍ക്കാണ് കാരണമായിരിക്കുന്നത്. പൊതുവിടങ്ങളിലെ അച്ചടക്കം, നാഗരിക ബോധം എന്നിവയാണ് ചര്‍ച്ചയായത്.
അഞ്ച് ഹെലിപാഡുകള്‍, മഹീന്ദ്ര ഥാറുമായുള്ള കുതിരപ്പന്തയം, വരന് സമ്മാനമായി നല്‍കിയ ആഡംബര ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ എന്നിവ ഉള്‍പ്പെടെ അതിരുവിട്ട ആഢംബരങ്ങള്‍ ആയിരുന്നു വിവാഹത്തിന് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഭക്ഷണ കൗണ്ടറുകള്‍ക്ക് ചുറ്റും ആളുകള്‍ തിങ്ങിനിറഞ്ഞതിന്റെ വീഡിയോ ഫൂട്ടേജുകള്‍ പുറത്തുവന്നത് പരിപാടിയുടെ എല്ലാ ശോഭയും ഇല്ലാതാക്കിയെന്നാണ് വിമര്‍ശനം. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ക്ലിപ്പുകളില്‍ ആളുകള്‍ ഭക്ഷണം ലഭിക്കാന്‍ പാടുപെടുന്നതായി കാണിക്കുന്നു.







