ഡൽഹി: ഇന്ത്യയ്ക്ക് മേൽ 25% അധിക തീരുവ ചുമത്താനുള്ള അമേരിക്കൻ നീക്കം, ശക്തമായി അപലപിച്ച് സിപിഐഎം പിബി. അധിക ഉൽപ്പാദനശേഷിയെന്നും നിർബന്ധിത തൊഴിലെന്നും ആരോപിച്ചുള്ള നടപടി കെട്ടിച്ചമച്ചത്. അമേരിക്കയുടെ നടപടി ഭീഷണിപ്പെടുത്തൽ.
അമേരിക്കൻ താൽപ്പര്യങ്ങൾക്ക് വഴങ്ങാൻ ഇന്ത്യയെ ബ്ലാക്ക്മെയിൽ ചെയ്യുന്ന സമീപനം. യുഎസ് സമ്മർദ്ദത്തെ ചെറുക്കുന്നതിൽ മോദി സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു. അമേരിക്കൻ നടപടിയെ കേന്ദ്ര സർക്കാർ പരസ്യമായി എതിർക്കണമെന്നും വ്യാപാര ചർച്ചകളിൽ ഉറച്ച നിലപാട് എടുക്കണമെന്നും സിപിഎം പിബി ആവശ്യപ്പെട്ടു.
ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെയും ചൈനയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം വരെയും അധിക തീരുവ ഏർപ്പെടുത്താനാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. ഇന്ത്യ-അമേരിക്ക വ്യാപാരക്കാരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കയുടെ പുതിയ നീക്കം.
യൂറോപ്യൻ യൂണിയൻ, ബംഗ്ലാദേശ്, ജപ്പാൻ, സ്വിറ്റ്സർലൻഡ്, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം വരെ തീരുവ ചുമത്താനും ആലോചനയുണ്ട്. ആഗോള വിപണിയിൽ കുറഞ്ഞ വിലയ്ക്ക് വ്യാവസായിക ഉൽപ്പന്നങ്ങൾ വിറ്റഴിച്ച് മറ്റ് രാജ്യങ്ങളുടെ വിപണിയെ ദോഷകരമായി ബാധിക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയുടെ നീക്കം.








