ഗോവിന്ദനെതിരെ നടപടി: സെക്രട്ടേറിയറ്റിലെ എതിർപ്പ് പിബി വകവച്ചില്ല, അന്ത്യം ശാസന

തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള പൊളിറ്റ്ബ്യൂറോ നിർദേശം നടപ്പാക്കിയത് സംസ്ഥാന സെക്രട്ടേറിയറ്റിലെ എതിർപ്പ് മറികടന്ന്. പിബിയുടെ തീരുമാനം ജനറൽ സെക്രട്ടറി എം.എ.ബേബി റിപ്പോർട്ട് ചെയ്തപ്പോൾ സെക്രട്ടേറിയറ്റ് യോഗത്തിൽ ശക്തമായ വിയോജിപ്പുണ്ടായി. എന്നാൽ തീരുമാനത്തിൽ പിബി ഉറച്ചുനിന്നു. കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് കോഴിക്കോട്ടെ വിശാലസമിതി യോഗത്തിന്റെ സമാപനദിവസം രാവിലെ ചേർന്ന സെക്രട്ടേറിയറ്റിലുണ്ടായത്.
തളിപ്പറമ്പ് സീറ്റിൽ ഭാര്യ പി.കെ.ശ്യാമളയെ സ്ഥാനാർഥിയായി തീരുമാനിച്ചപ്പോൾ സംഘടനാ തത്വങ്ങൾ പാലിച്ചില്ലെന്നതടക്കമുള്ള വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച രാത്രി ചേർന്ന പിബി യോഗം ഗോവിന്ദനെ ശാസിക്കാൻ തീരുമാനിച്ചത്. തളിപ്പറമ്പിലും പയ്യന്നൂരിലും ജില്ലാ നേതൃത്വം മുന്നോട്ടുവച്ച സ്ഥാനാർഥികൾക്കെതിരെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിലും മണ്ഡലം കമ്മിറ്റി യോഗത്തിലും രൂക്ഷമായ എതിർപ്പുയർന്നിരുന്നു. എന്നാൽ, അക്കാര്യം അതേപടി സംസ്ഥാന സെക്രട്ടേറിയറ്റിൽ റിപ്പോർട്ട് ചെയ്തില്ല. ഈ യോഗങ്ങളുടെ മിനിറ്റ്സ് സെക്രട്ടേറിയറ്റിനു കൈമാറുന്നതിലും വീഴ്ചയുണ്ടായി. സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയാണ് സ്ഥാനാർഥി എന്നത് ഈ നടപടികളിൽ പ്രതിഫലിച്ചു. പാർട്ടി താൽപര്യമല്ല ഈ ഘട്ടത്തി‍ൽ സെക്രട്ടറി ഉയർത്തിപ്പിടിച്ചതെന്നു ചൂണ്ടിക്കാട്ടി ശാസിക്കാൻ തീരുമാനിച്ച കാര്യം ചൊവ്വാഴ്ച ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തെ ബേബി അറിയിച്ചപ്പോഴാണ് എതിർപ്പുണ്ടായത്.
വീഴ്ച വ്യക്തിയുടേതാക്കി ചുരുക്കുന്നതിനോടു വിയോജിപ്പുണ്ടെന്ന് ഒരുവിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടി. സ്ഥാനാർഥിപ്പട്ടിക അന്തിമമായി അംഗീകരിച്ചത് സംസ്ഥാന സെക്രട്ടേറിയറ്റാണ്. അതുകൊണ്ട് തെറ്റുപറ്റിയെന്നും അതിൽ നടപടിയെടുക്കണമെന്നുമാണ് പിബിയുടെ അഭിപ്രായമെങ്കിൽ സെക്രട്ടേറിയറ്റിനെ കൂട്ടായി ശാസിച്ചുകൊള്ളൂ എന്ന അഭിപ്രായമുയർന്നു. കൂട്ടായ ഉത്തരവാദിത്തവും വ്യക്തിപരമായ ചുമതലയും എന്നതാണ് സിപിഎമ്മിന്റെ സംഘടനാരീതി എന്നതിനാൽ വ്യക്തിപരമായ ചുമതല നിർവഹിക്കുന്നതിലെ വീഴ്ചയുടെ പേരിൽ നടപടി കൂടിയേ തീരൂവെന്ന് പിബി അംഗങ്ങൾ മറുപടി നൽകി. തെറ്റുപറ്റിയാൽ ആർക്കെതിരെയും നടപടിയുണ്ടാകുമെന്ന സന്ദേശം നൽകേണ്ട സമയമാണ് ഇതെന്നും അവർ ചൂണ്ടിക്കാട്ടി. സെക്രട്ടേറിയറ്റിൽ പിണറായി വിജയനെ പൂർണമായും പിന്തുണയ്ക്കുന്നവരാണ് ശക്തമായ എതിർപ്പ് ഉന്നയിച്ചത്. ഏതാനും ചിലർ പിബി എടുത്ത തീരുമാനമെന്നുകണ്ട് അംഗീകരിക്കാമെന്ന് പറഞ്ഞു. ചുരുക്കം ചിലർ മൗനം പാലിച്ചു. പിബി യോഗത്തിൽ നിലപാട് വ്യക്തമാക്കിയതിനാൽ പിണറായിയും ഗോവിന്ദനും സെക്രട്ടേറിയറ്റിൽ അഭിപ്രായം പറഞ്ഞില്ല.
ശാസനയ്ക്കു നിർദേശം ഉയർന്ന പിബി യോഗത്തിൽ ഗോവിന്ദൻ അതിനോട് ശക്തമായി വിയോജിച്ചെന്നാണ് അറിയുന്നത്. സംസ്ഥാന സെക്രട്ടറിയെ ദുർബലനാക്കി ചിത്രീകരിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന നിലപാട് പിണറായിയും പ്രകടിപ്പിച്ചു. വീഴ്ചകൾ കണക്കിലെടുത്താൽ പാർട്ടിക്കുള്ളിലെ ശാസന ചെറിയ നടപടിയാണെന്നും അതിലും കടുത്തതാണ് അർഹിക്കുന്നതെന്നുമുള്ള സമീപനമാണ് പിബി പ്രകടിപ്പിച്ചത്. സെക്രട്ടറി സ്ഥാനത്തുനിന്നുതന്നെ ഗോവിന്ദനെ നീക്കണമെന്ന അഭിപ്രായപ്രകടനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പാർട്ടിക്കുള്ളിൽ ശക്തമായി ഉയർന്നത് ചർച്ചകളിൽ ചൂണ്ടിക്കാട്ടപ്പെട്ടു. പാ‍ർട്ടി തീരുമാനം എന്തായാലും അംഗീകരിക്കുന്നെന്നു ഗോവിന്ദൻ വ്യക്തമാക്കിയതോടെ ശാസന നിർദേശവുമായി മുന്നോട്ടുപോകാൻ പിബി തീരുമാനിച്ചു.