Headlines

കേരളത്തെ മുഴുവനായി കാണിക്കുന്ന പുതിയ ട്രാവല്‍ സര്‍ക്യൂട്ടുമായി ബെന്നിസ് റോയല്‍ ടൂര്‍സ്

കേരള ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകകുക എന്ന ലക്ഷ്യത്തോടെ ‘കാണാത്ത കേരളം’ എന്ന പുതിയ സര്‍ക്യൂട്ടുമായി കൊച്ചി ആസ്ഥാനമായ ബെന്നിസ് റോയല്‍ ടൂര്‍സ്. ട്രാവല്‍ സര്‍ക്യൂട്ടിന്റെ ഫ്‌ളാഗ്ഷിപ് പ്രോഗ്രാം 15 ദിവസങ്ങളിലായി കേരളത്തിന്റെ 14 ജില്ലകളിലൂടെ കടന്നുപോകും. ഓരോ ജില്ലകളിലെയും കല, സംസ്‌കാരം, പൈതൃകം, രുചി വൈവിധ്യങ്ങള്‍ കോര്‍ത്തിണക്കിയ ഈ യാത്ര കേരളത്തിന്റെ ആത്മാവിനെ തൊട്ടറിയാനുള്ള അവസരമാണായാണ് കണക്കാക്കുന്നത്. നവംബര്‍ 30ന് ബേക്കലിലെ താജ് ഹോട്ടലില്‍ നിന്ന് വോള്‍വോ കോച്ചില്‍ ആരംഭിക്കുന്ന യാത്ര 14 ജില്ലകളിലൂടെ കടന്ന്, നദികളിലൂടെയും കായലിലൂടെയുമുള്ള യാത്ര അനുഭവങ്ങളും പകര്‍ന്ന് 15-ാം ദിവസം കന്യാകുമാരിയില്‍ അവസാനിക്കും. വിദേശികളെ കേരളം കാണിക്കുന്നപോലെ സ്വദേശികളെ കേരളം കാണിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യമായിട്ടാണ് കേരളത്തെ മുഴുവനായി കാണിക്കുന്ന ഒരു സമ്പൂര്‍ണ ട്രാവല്‍ സര്‍ക്യൂട്ട് അവതരിപ്പിക്കപ്പെടുന്നത്.

മുസിരിസ് പൈതൃകവും കൊളോണിയല്‍ ഹെറിറ്റേജ്, മലബാര്‍ ട്രയില്‍സ്, ട്രാവന്‍കൂര്‍ ഹെറിറ്റേജ് തുടങ്ങിയ പൈതൃക പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് പുതിയ സര്‍ക്യൂട്ട്. കേരളത്തിലെ രാജവംശങ്ങളായ അറയ്ക്കല്‍ കുടുംബം, തിരുവിതാംകൂര്‍ കുടുംബം എന്നിവരെ സന്ദര്‍ശിക്കാനുള്ള അവസരവുമുണ്ട്. പൈതൃകം ഉയര്‍ത്തുന്ന പകല്‍ തെയ്യവും രാത്രി തെയ്യവും തുളുനാടന്‍ ഭക്ഷണ വൈവിധ്യങ്ങളും ഉള്‍പ്പെട്ട കാസര്‍ഗോഡന്‍ രാത്രികള്‍ യാത്രയുടെ പ്രത്യേകതയാണ്. മലബാറിലെ മുസ്ലിം സമൂഹത്തിന്റെ കലാ രൂപങ്ങളായ ഒപ്പന, ദഫ്മുട്ട്, കോല്‍കളി, മാപ്പിളപ്പാട്ട് എന്നിവയും വിവിധ രുചികള്‍ അടങ്ങുന്ന മാപ്പിള കുലിനറി എക്‌സ്പീരിയന്‍സും യാത്രയുടെ ഭാഗമാണ്. വടക്കന്‍ പാട്ടിലെ പ്രസിദ്ധമായ ഉണ്ണിയാര്‍ച്ചയുടെയും തച്ചോളി ഒതേനന്റെയും ലോകനോര്‍ക്കാവ് സന്ദര്‍ശിക്കാനും തച്ചോളി മാണിക്കോത് തറവാട്ടിലെ തെയ്യം, കളരിപ്പയറ്റ്, കളരി ഭക്ഷണവും ആസ്വദിക്കാന്‍ സാധിക്കും. കൂടാതെ തച്ചോളി മാണിക്കോത്ത് തിറയോട് അനുബന്ധിച്ചു നടക്കാറുള്ള തച്ചോളി ഒതേനന്റെ ഉത്സവവും യാത്രയോട് അനുബന്ധിച്ച് പുനഃരാവിഷ്‌കരിക്കും. അന്നേദിവസം തച്ചോളി ഒതേനന്റെ ഉറുമി, പരിച, വാള്‍, ചന്ദനക്കട്ടില്‍ എന്നിവ കാണാനുമുള്ള അവസരമുണ്ടാകും.

മുസിരിസ് കാഴ്ചകളിലൂടെയുള്ള യാത്രയും കേരളത്തിലെ കൊളോണിയല്‍ പൈതൃകത്തെ ഉണര്‍ത്തുന്ന കലാരൂപമായ ചവിട്ടുനാടകം, അത് പിറവികൊണ്ട ഗോതുരുത്തിന്റെ ദേവാലയ മുറ്റത്തിനു മുന്നിലെ ആംഫി തിയറ്ററില്‍ വൈവിധ്യമാര്‍ന്ന കൊളോണിയല്‍ ഭക്ഷണം ആസ്വദിക്കാനും സാധിക്കും. തുടര്‍ന്ന് കൊച്ചിയിലേക്കുള്ള അവിസ്മരണീയ ബോട്ട് യാത്ര. കുട്ടനാട്ടിലെ അഷ്ടമുടി കായലിലൂടെ കുമരകത്തു നിന്നും ആലപ്പുഴയിലേക്കുള്ള ബോട്ട് യാത്രയാണ് മറ്റൊരു ആകര്‍ഷണം. മധ്യകേരളത്തിലെ ക്രിസ്തീയ സമൂഹത്തിന്റെ
സംഭാവനയായ മാര്‍ഗംകളിയും, പരിച മുട്ടും, നസ്രാണി ഭക്ഷണ വിരുന്നും ചേര്‍ന്ന ആലപ്പുഴയിലെ ഒരു രാത്രി അവിസ്മരണീയ നിമിഷങ്ങള്‍ പകരുന്നവയാകും. കലയുടെ കോവിലമായ കലാമണ്ഡലത്തിലെ സന്ദര്‍ശനവും കൂത്തമ്പലത്തില്‍ വൈവിധ്യ കലാരൂപങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ഓട്ടന്‍ തുള്ളല്‍ എന്നിവ ചേര്‍ന്നുള്ള കലാവിരുന്നും യാത്രയുടെ ആകര്‍ഷണമാണ്.

ഈ യാത്രയില്‍ വയനാട്ടിലെ ആദിവാസി സമൂഹത്തോടൊപ്പം ചെലവഴിക്കാനും അവരുടെ ഭക്ഷണ വൈവിധ്യങ്ങളില്‍ പങ്കാളികളാകാനും അവസരമുണ്ട്. തുടര്‍ന്ന് സഞ്ചാര ലോകത്തിലെ കുലപതിയായ എസ്.കെ പൊറ്റക്കാടിനെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട മിട്ടായി തെരുവില്‍ സ്ഥാപിച്ചിട്ടുള്ള പ്രതിമയില്‍ ആദരം അര്‍പ്പിക്കാനും അദ്ദേഹത്തിന്റെ മകളായ സുമിത്ര പൊറ്റക്കാടിനെ കാണാനും അവസരമുണ്ടാകും. ബേക്കലിലെ സൂര്യാസ്തമനം കണ്ടുതുടങ്ങുന്ന ഈ യാത്ര കന്യാകുമാരിയിലെ സൂര്യാസ്തമയം കണ്ടാണ് അവസാനിക്കുന്നത്.

കാസര്‍കോട്ടെ പ്രസിദ്ധമായ കവ്വായി കണ്ടല്‍കാടുകളും കൊയിലാണ്ടിയിലെ ഹുക്കയും വയനാട്ടിലെ മുത്തങ്ങ വൈല്‍ഡ് ലൈഫ് സാന്‍ച്വറിയും പഴശ്ശിരാജയുടെ ബലികുടീരവും ബാണാസുര ഡാമിലെ ബോട്ട് യാത്രയും കാപ്പാട് തുറമുഖവും കൊളുക്കുമലയും മണ്‍റോ തുരുത്തും കേരളത്തിലെ നൈറ്റ് ലൈഫിന് പ്രസിദ്ധമായ വര്‍ക്കല ബീച്ച് ക്ലിഫും കൗഡിയാര്‍ കൊട്ടാരവും പത്മനാഭപുരം പാലസും കന്യാകുമാരി ത്രിവേണി സംഗമവും യാത്രയിലെ പ്രധാന ആകര്‍ഷണമാണ്.

‘കാണാത്ത കേരളം’ എന്ന പുതിയ സര്‍ക്യൂട്ടുകളിലൂടെ സഞ്ചാരികള്‍ക്കായി വ്യത്യസ്ത അനുഭവങ്ങളാണ് ബെന്നിസ് റോയല്‍ ടൂര്‍സ് ലക്ഷ്യമിടുന്നത്. ഈ സീരീസില്‍ ഇതുപോലെ വ്യത്യസ്തമായ 25 ട്രാവല്‍ സര്‍ക്യൂട്ടുകളാണ് ബെന്നിസ് റോയല്‍ ടൂര്‍സ് നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ‘ഒതെന്റിക് കേരളം’ എന്ന പേരില്‍ ഒരു വ്യത്യസ്ത ട്രാവല്‍ ഡിവിഷന്‍ ബെന്നിസ് റോയല്‍ ടൂര്‍സ് ആരംഭിക്കുകയാണ്. ഇതിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിച്ചു. ട്രാവല്‍ സര്‍ക്യൂട്ടിന്റെ ഔദ്യോഗിക പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ്, കൊച്ചി എം.പി ഹൈബി ഈഡന്‍, ടൂറിസം സെക്രട്ടറി അഞ്ജന. എം ഐഎഎസ് എന്നിവരും സന്നിഹിതരായിരുന്നു.