മിഷൻ ചക്കക്കൊമ്പൻ; ആറ് വാർഡുകളിൽ നിരോധനാജ്ഞ തുടരും, നാളെയും സ്‌കൂളുകൾക്ക് അവധി

ഇടുക്കി: തുടർച്ചയായ രണ്ടാം ദിവസവും ഫലം കാണാതെ മിഷൻ ചക്കക്കൊമ്പൻ. നിരോധനാജ്ഞ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നാളെയും തുടരും. ആറ് വാർഡുകളിൽ നേരത്തെ നിർദേശിച്ചിട്ടുള്ള നിരോധനാജ്ഞ തുടരും.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് തീരുമാനം.

ദൗത്യത്തിന്റെ രണ്ടാം ദിവസമായി ഇന്ന് എട്ടുമണിയോടെ ചക്കക്കൊമ്പൻ നിൽക്കുന്ന സ്ഥലം ട്രാക്കിംഗ് ടീം കണ്ടെത്തിയിരുന്നു. തെർമൽ ഡ്രോൺ ഉപയോഗിച്ചായിരുന്നു നിരീക്ഷണം. ചെമ്പകത്തൊഴുക്കുടി ഭാഗത്തുണ്ടായിരുന്ന കാട്ടാന മണിക്കൂറുകളോളം അവിടെ തന്നെ നിലയുറപ്പിച്ചു. 301 കോളനി ഭാഗത്തേക്ക് തുരത്തി സുരക്ഷിതമായ സ്ഥലത്ത് എത്തിച്ച് മയക്ക് വെടിവെക്കാൻ ആയിരുന്നു നീക്കം. എന്നാൽ ദൗത്യ സംഘത്തിന് ചക്കക്കൊമ്പൻ പിടികൊടുത്തില്ല. ഉച്ചയ്ക്കുശേഷം ചെമ്പകത്തൊഴുകൂടി സെറ്റിൽമെൻ്റ് എട്ടേക്കർ ഭാഗത്തേക്ക് നീങ്ങിയ കാട്ടാന അവിടെത്തന്നെ തുടർന്നു. മയക്കു വെടിവെക്കാൻ അനുയോജ്യമായ സ്ഥലം അല്ലാത്തതിനാലും, വെളിച്ചക്കുറവ് അനുഭവപ്പെട്ട് തുടങ്ങിയതിനാലുമാണ് ഇന്നത്തെ ദൗത്യം അഞ്ചുമണിയോടെ അവസാനിപ്പിച്ചത്.

എട്ടേക്കർ ഭാഗത്ത് നിന്ന് ബോഡിമെട്ട് ഭാഗത്തേക്കോ, തോണ്ടിമല ഭാഗത്തേക്കോ ചക്കകൊമ്പന് നീങ്ങിയാൽ മതികെട്ടാൻ ചോലയിലേക്ക് കയറാനുള്ള സാധ്യത കൂടുതലാണ്. അത് ദൗത്യത്തിന് കൂടുതൽ വെല്ലുവിളിയാകും എന്നതിനാൽ ആനയെ പ്രത്യേക സംഘം നിരീക്ഷിക്കുന്നുണ്ട്. നാളെ രാവിലെ ദൗത്യം വീണ്ടും തുടങ്ങാനാണ് നിലവിലെ തീരുമാനം.