വാഷിങ്ടൻ ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (എഐ) ‘സൂപ്പർ ഇന്റലിജൻസ്’ എന്ന് പുനർനാമകരണം ചെയ്യുമെന്ന നിർണായക പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ പ്രമുഖ സാങ്കേതിക വ്യവസായ മേധാവികൾക്കായി സംഘടിപ്പിച്ച ഉന്നതതല ഉച്ചഭക്ഷണ വിരുന്നിലാണ് ഇക്കാര്യം അറിയിച്ചത്. സ്പേസ് എക്സ്, ടെസ്‌ല മേധാവി ഇലോൺ മസ്ക്, മെറ്റ സിഇഒ മാർക്ക് സക്കർബർഗ്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.
‘‘നമ്മൾ ഇന്ന് അഞ്ചു മണിക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പേരു മാറ്റുന്നതിനുള്ള ഔദ്യോഗിക രേഖയിൽ ഒപ്പുവയ്ക്കാൻ പോവുകയാണ്. കാരണം ഇത് ആർട്ടിഫിഷ്യൽ (കൃത്രിമം) അല്ല എന്ന കാര്യത്തിൽ നമ്മളെല്ലാവരും യോജിക്കുന്നു. നമ്മൾ ഇതിനെ ഔദ്യോഗികമായി സൂപ്പർ ഇന്റലിജൻസ് എന്ന് പുനർനാമകരണം ചെയ്യുകയാണ്.’’ – ഡോണൾഡ് ട്രംപ് പറഞ്ഞു.ഇന്റർനെറ്റിനേക്കാളും വ്യാവസായിക വിപ്ലവത്തേക്കാളും എത്രയോ വലുതാണ് എഐ സാങ്കേതികവിദ്യയെന്ന് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. പേരു മാറ്റത്തെക്കുറിച്ച് താൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി സംസാരിച്ചുവെന്നും, അദ്ദേഹത്തിന് ഇത് ഏറെ ഇഷ്ടപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു. ഷി ചിൻപിങ്ങിന്റെ യുഎസ് സന്ദർശന വേളയിലും, പിന്നീട് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴും ട്രംപ് സൂപ്പർ ഇന്റലിജൻസ് എന്ന പദം ഉപയോഗിച്ചിരുന്നു.
നമുക്കെല്ലാവർക്കും പൊതുവായുള്ള കാര്യം നമ്മൾ നമ്മുടെ രാജ്യത്തെയും ലോകത്തെയും സ്നേഹിക്കുന്നു എന്നതാണ്. ലോകം സുരക്ഷിതമായ ഇടമാണെന്ന് ഉറപ്പാക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. ഇന്ന് നമ്മൾ ചർച്ച ചെയ്യുന്ന കാര്യങ്ങൾ ലോകത്തെ കൂടുതൽ മികച്ചൊരു ഇടമാക്കി മാറ്റുമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. ഡേറ്റാ സെന്ററുകൾ സ്ഥാപിക്കുന്ന പ്രാദേശിക കമ്യൂണിറ്റികളുമായി സാങ്കേതികവിദ്യാ കമ്പനികൾ സജീവമായി സഹകരിക്കണമെന്നും അവരെ പിന്തുണയ്ക്കണമെന്നും ട്രംപ് പറഞ്ഞു. കമ്പനികൾ ഡേറ്റ സെന്ററുകൾക്കായി പ്രാദേശിക കമ്യൂണിറ്റികളുമായി സഹകരിച്ച് പ്രവർത്തിക്കും. കമ്യൂണിറ്റികളെ സന്തോഷിപ്പിക്കാൻ അവർ ശ്രമിക്കും. കമ്പനികൾ സാമ്പത്തികമായും അല്ലാതെയും അവരോട് വളരെ ഉദാരമായി പെരുമാറും. അവിടുത്തെ സ്കൂളുകളെയും അധ്യാപകരെയും സഹായിക്കാൻ അവർക്ക് സാധിക്കുമെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു.









