123 കുട്ടികളുൾപ്പെടെ 175 പേരുടെ ജീവനെടുത്ത ആക്രമണം. യുഎസ്–ഇറാൻ യുദ്ധത്തിലെ ഏറ്റവും ഭീകരമായൊരു ഏടായിരുന്നു ഇക്കൊല്ലം ഫെബ്രുവരി 28ന് തെക്കൻ ഇറാനിലെ മിനാബിൽ പ്രൈമറി സ്കൂളിനുനേരെയുണ്ടായ യുഎസ് മിസൈൽ ആക്രമണം. അതിനു പിന്നിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ‘കൈകളാണെന്ന്’ കഴിഞ്ഞ ദിവസമാണ് വാർത്തകൾ പുറത്തു വന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സജിവമായി ഇടപെട്ടുതുടങ്ങിയ എഐ യുദ്ധങ്ങൾക്കും മറ്റും ഉപയോഗിച്ചുതുടങ്ങിയത് മനുഷ്യരാശിക്കു തന്നെ ഭീഷണിയാകുമോ എന്ന ആശങ്ക ഉയരുകയാണ്. അതിനു തെളിവാണ് മിനാബിലെ ആക്രമണം. ഇത്തരം ആക്രമണങ്ങൾ ഇനിയും ഉണ്ടായേക്കാം. സൂപ്പർ ഇന്റലിജൻസിലേക്കു പൂർണമായി മാറിയാൽ മാത്രമേ എഐയുടെ ഇത്തരം പിഴവുകൾ ഇല്ലാതാക്കാനാകൂ എന്നു പറയുകയാണ് സൈബർ സുരക്ഷാ വിദഗ്ധൻ ടെഡി എൻ. ഏലിയാസ്. എന്നാൽ സൂപ്പർ ഇന്റലിജൻസ് പൂർണതയിലേക്ക് എത്തിക്കാൻ പല രാജ്യങ്ങള്‍ക്കും ഇന്ന് പേടിയാണ്. എഐ ഉപയോഗിച്ചു ശത്രുവിനു നേരേ നടത്തുന്ന ആക്രമണങ്ങൾ പിഴയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് ടെഡി വിശദമാക്കുന്നു.
∙ സൂപ്പർ ഇന്റലിജൻസ് പൂർണതയിലെത്തിയിട്ടില്ല
ഒരു കാര്യത്തെ മനുഷ്യൻ മനസ്സിലാക്കുകയോ വിലയിരുത്തുകയോ ചെയ്യുന്ന തലത്തിലേക്കെത്താൻ എഐക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. പല കമ്പനികളും സൂപ്പർ ഇന്റലിജൻസ് നേടി എന്നു പറയുമ്പോഴും അത് പൂർണമായും യാഥാർഥ്യമായിട്ടില്ല. സാധാരണഗതിയിൽ മനുഷ്യന് ഒരു രഹസ്യാന്വേഷണ വിവരം ലഭിച്ചാൽ അതു പല തവണ പരിശോധിച്ചാണ് ശരിയായ തീരുമാനത്തിലേക്ക് എത്തുന്നത്. ഒരു സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെപ്പറ്റി മനസ്സിലാക്കാൻ പല തരത്തിൽ പരിശോധനകൾ നടത്തും. എഐ എത്തിയതോടെ അത് എളുപ്പമായി. എന്നാൽ അത്തരത്തിൽ എഐ നമുക്ക് തരുന്ന വിവരങ്ങൾ കൃത്യമാണെന്ന് വിശ്വസിക്കാൻ പറ്റുന്ന തലത്തിലല്ല ഇപ്പോൾ ലോകമുള്ളത്. അതു തന്നെയാണ് യുഎസ് ആക്രമണം തെറ്റായ സ്ഥലത്തായിരുന്നു എന്ന വാർത്ത നൽകുന്ന സൂചനയും. സൂപ്പർ ഇന്റലിജൻസ് പൂർണതയിലെത്താൻ ഒന്നുരണ്ടു വർഷങ്ങൾ കൂടി വേണ്ടി വരും. അപ്പോൾ മാത്രമേ കൃത്യമായി പല കാര്യങ്ങളും എഐ ഉപയോഗിച്ച് നമുക്ക് മനസ്സിലാക്കാൻ സാധിക്കുകയുള്ളു.
സൂപ്പർ ഇന്റലിജൻസിനെ പൂർണതയിലേക്ക് എത്തിക്കാൻ പലർക്കും പേടിയാണ്. കാരണം അത് ഏതു തരത്തിൽ പ്രവർത്തിക്കുമെന്ന് ഉറപ്പില്ല. അതിന്റെ ടെസ്റ്റിങ് പിരീഡ് ആണ് ഇത്. ഇപ്പോള്‍ത്തന്നെ ഇത്തരം കാര്യങ്ങളാണ് നടക്കുന്നതെങ്കിൽ ഇനിയങ്ങോട്ട് എന്തുണ്ടാകുമെന്നത് ചിന്തിക്കാൻ പോലും പറ്റാത്തതാണ്.
∙ പ്രധാന സ്രോതസ്സായി എഐ
ചൈനയും യുഎസും ഇസ്രയേലുമെല്ലാം രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്കും ആക്രമണങ്ങൾക്കും എഐ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ലോകത്ത് ഇനി നടക്കുന്ന പല കാര്യങ്ങളുടെയും ഒരു പ്രധാന വിവര സ്രോതസ്സായി എഐ മാറും. അതേസമയം പല മേഖലകളിലും അതിന്റെ ഉപയോഗം വലിയ ആപത്തുമാകും.
യുഎസ്– ഇറാൻ യുദ്ധത്തിന്റെ തുടക്കം മുതൽ പല സമയത്തും യുഎസ് എഐ ഉപയോഗിച്ചിട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിക്കാൻ എഐ ഉപയോഗിച്ച് സ്ഥലം ലൊക്കേറ്റ് ചെയ്തെന്നും അദ്ദേഹത്തെ എഐയുടെ സഹായത്തോടെയാണു തിരിച്ചറിഞ്ഞതെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. അത്തരം ആക്രമണങ്ങളെല്ലാം യുഎസിനെ സംബന്ധിച്ചു വിജയമായിരുന്നു. അതുകൊണ്ട് എഐ നൽകുന്ന എല്ലാ വിവരങ്ങളും ശരിയായിരിക്കും എന്ന് യുഎസ് ചിന്തിക്കാനും സാധ്യതയുണ്ട്.
മറ്റൊരു കാര്യം പരിശോധിച്ചാൽ, സാറ്റലൈറ്റ് ഇമേജിൽ ഒരു സ്ഥലം സ്കൂളെന്ന് മാർക്ക് ചെയ്തിട്ടും എഐ അതിനെ എങ്ങനെ തെറ്റായി വ്യാഖ്യാനിച്ചു എന്ന ചോദ്യം ഉയർന്നേക്കാം. അതിൽ മറ്റൊരു വസ്തുതയുണ്ട്. ഇറാൻ പല ആക്രമണങ്ങളും നടത്തിയത് ആശുപത്രികളുടെയും വീടുകളുടെയുമെല്ലാം സമീപത്തു നിന്നാണ്. ഒരിടത്തുനിന്ന് ആക്രമണമുണ്ടായാൽ അവിടെ നിന്നുള്ള ഹീറ്റ് സെൻസർ ചെയ്താണ് പലപ്പോഴും എഐ ആ സ്ഥലങ്ങൾ കണ്ടെത്തുന്നതും തിരിച്ചടിക്കാൻ നിർദേശം നൽകുന്നതും. അപ്പോൾ അത് സ്കൂളുകളാണെന്നോ ആശുപത്രിയാണെന്നോ അവർ നോക്കണമെന്നില്ല. ചിലപ്പോൾ യുഎസിനെ തെറ്റിദ്ധരിപ്പിക്കാൻ ഇറാൻ തെറ്റായി ടാഗ് ചെയ്തതാണെന്ന തോന്നലുമുണ്ടാകും. മനുഷ്യനും എഐയും തമ്മിലുള്ള ഏക വ്യത്യാസം മനുഷ്യൻ മനുഷ്യത്വം കാണിക്കും എന്നതാണ്. എന്നാൽ എഐയ്ക്ക് അതില്ല. ഒരു ആക്രമണത്തിന് മനുഷ്യൻ മുതിരുമ്പോൾ അത് സ്കൂളാണ്, അവിടെ കുട്ടികളുണ്ടാകും അല്ലെങ്കിൽ അതൊരു ആശുപത്രിയാണ് എന്നൊക്കെ ചിന്തിക്കാൻ സാധ്യതയുണ്ട്. എന്നാല്‍ എഐക്ക് അത്തരം ചിന്തയുണ്ടാവില്ല.
∙ എഐയ്ക്കൊപ്പം ജീവിക്കാൻ പഠിക്കണം
എഐയെ ഒഴിവാക്കി ഇനി ജീവിക്കാൻ സാധിക്കില്ല എന്നതാണ് സത്യാവസ്ഥ. ഒരുപാട് നല്ല കാര്യങ്ങൾക്ക് എഐ ഉപയോഗിക്കുന്നുണ്ട്. മരുന്നു നിർമാണത്തിലടക്കം മുന്നേറ്റമുണ്ട്. അത്തരം നല്ല ആവശ്യങ്ങൾക്ക് എഐ ഉപയോഗിക്കാനായി ബോധവത്ക്കരണം നടത്താം. അതുമാത്രമല്ല, മണ്ണിടിച്ചിൽ, മറ്റു പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയവ ഉണ്ടാകാൻ സാധ്യതയുള്ള മേഖലകൾ കണ്ടെത്താൻ എഐ നല്ല രീതിയില്‍ ഉപയോഗിക്കുന്നുണ്ട്. ഇനി വരുന്നത് സൂപ്പർ ഇന്റലിജൻസ് പൂർണതയോടെ നടപ്പിലാക്കാൻ തുടങ്ങുന്ന കാലമാണ്. ഈ സമയത്ത് എഐയുടെ കിൽ സ്വിച്ച് ആരുടെ കയ്യിലാണോ അവർ ലോകം ഭരിക്കും എന്ന അവസ്ഥയാണ്.









