🔳ഇടുക്കി എന്‍ജിനിയറിംഗ് കോളജില്‍ കുത്തേറ്റുമരിച്ച എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന് അന്ത്യാഞ്ജലി. ഇടുക്കിയില്‍നിന്ന് ഉച്ചയോടെ തിരിച്ച വിലാപയാത്ര അര്‍ധരാത്രി കഴിഞ്ഞ് ഒരു മണിയോടെയാണ് കണ്ണൂരിലെ തളിപ്പറമ്പിലെ ജന്മനാട്ടിലെത്തിയത്. പാലക്കുളങ്ങരയിലെ വീടിനു സമീപം സിപിഎം വാങ്ങിയ എട്ടു സെന്റ് സ്ഥലത്ത് ഇന്നു പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംസ്‌കാരം. മന്ത്രി എം വി ഗോവിന്ദന്‍, മുന്‍ മന്ത്രി ഇ പി ജയരാജന്‍, എം വി ജയരാജന്‍, കെ വി സുമേഷ്, ടി വി രാജേഷ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
🔳കേരള സര്‍വകലാശാലയുടെ അടിയന്തിര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്. രാഷ്ട്രപതിക്കു ഡി ലിറ്റ് നല്‍കണമെന്ന ഗവര്‍ണ്ണറുടെ ശുപാര്‍ശ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ തള്ളിയെന്ന ഗവര്‍ണ്ണറുടെ വെളിപ്പെടുത്തല്‍ യോഗം ചര്‍ച്ച ചെയ്യും. വി.സി നല്‍കിയ കത്ത് തെറ്റുകളുള്ളതും നിലവാരമില്ലാത്തതുമാണെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. സമ്മര്‍ദംമൂലമാണു കത്തെഴുതിയതെന്ന് വി.സി പ്രതികരിക്കുകയും ചെയ്തിരുന്നു.
🔳കേരള വിസിയുടെ രാജി തീരുമാനിക്കേണ്ടത് താന്‍ അല്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡി ലിറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. സംസ്ഥാന സര്‍ക്കാര്‍ കാര്യങ്ങള്‍ മനസിലാക്കി തുടങ്ങിയതില്‍ സന്തോഷം. താന്‍ ചാന്‍സലറായി തുടര്‍ന്നാല്‍ രാഷ്ട്രീയ ഇടപെടലുകളും അച്ചടക്ക രാഹിത്യവും പൊറുപ്പിക്കില്ല. അദ്ദേഹം പറഞ്ഞു.
🔳രാഷ്ട്രപതിക്കു ഡി- ലിറ്റ് നിഷേധിച്ചുകൊണ്ട് ഗവര്‍ണര്‍ക്കു നല്‍കിയ കത്ത് സമ്മര്‍ദ്ദം കൊണ്ട് എഴുതിയതാണെന്ന് കേരള സര്‍വ്വകലാശാല വിസി. മനസ് പതറുമ്പോള്‍ കൈവിറച്ചിട്ടുണ്ടാകാം. അതൊരു കുറവായി കാണുന്നില്ലെന്നു വി.പി മഹാദേവന്‍ പിള്ള.
🔳കോവിഡ് വ്യാപനം തടയാന്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. യാത്രകളും ആല്‍ക്കൂട്ട സാഹചര്യങ്ങളും ഒഴിവാക്കണം. സംസ്ഥാനത്തെ കോവിഡ് മരണം അമ്പതിനായിരം കവിഞ്ഞു. കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും ബാധകമാണെന്നു മന്ത്രി പറഞ്ഞു.
🔳കോടികളുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ ധനകാര്യ സ്ഥാപനത്തിന്റെ ഉടമ പൊലീസിന്റെ പിടിയില്‍. മലപ്പുറം നിലമ്പൂര്‍ സ്വദേശി അബ്ദുളളക്കുട്ടിയെയാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് വയനാട്ടില്‍നിന്നു പിടികൂടിയത്. കൊഡിഷ് നിധി ലിമിറ്റഡ് എന്ന പണമിടപാട് സ്ഥാപനത്തിലൂടെയായിരുന്നു തട്ടിപ്പ്. 12 ശതമാനംവരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു സ്ഥിര നിക്ഷേപങ്ങള്‍ വാങ്ങിക്കൂട്ടിയത്. കോഴിക്കോട് ജില്ലയില്‍ നൂറോളം കേസുകളുണ്ട്.
🔳ഇടുക്കിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്നലേയും സംഘര്‍ഷം. സംഘര്‍ഷംമൂലം മഹാരാജാസ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചിട്ടു. മലപ്പുറം ചെറുകോട് കോണ്‍ഗ്രസ് – സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തിരുവനന്തപുരത്തെ കെ സുധാകരന്റെ വീട്ടിലേക്ക് സിപിഎം പ്രതിഷേധ പ്രകടനം നടത്തി. കൊല്ലം പള്ളിമുക്കിലും കോണ്‍ഗ്രസ് സിപിഎം സംഘര്‍ഷം. പത്തനംതിട്ട തിരുവല്ലയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫിസ് അടിച്ചു തകര്‍ത്തു. ഓഫീസിന്റെ ജനല്‍ചില്ലുകളും തകര്‍ത്തു. ആലപ്പുഴ ചാരുംമൂട്ടില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. വടകര എംയുഎം സ്‌കൂളിലേക്കു മാര്‍ച്ച് നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ലാത്തി വീശി.
🔳ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ സിപിഎം ആരോപണം തരംതാഴ്ന്നതെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊലപാതകത്തെ കെ സുധാകരനുള്‍പ്പെടെ എല്ലാപേരും അപലപിച്ചതാണ്. കൊലപാതക രാഷ്ടീയത്തെ കോണ്‍ഗ്രസ് ഒരിക്കലും പ്രോത്സഹിപ്പിച്ചിട്ടില്ല. ചെന്നിത്തല പറഞ്ഞു.
🔳ധീരജ് കൊലക്കേസില്‍ സിപിഎം നല്‍കുന്ന ലിസ്റ്റനുസരിച്ച് നിരപരാധികളെ അറസ്റ്റു ചെയ്താല്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യാദൃശ്ചികമായി ഉണ്ടായ കൊലപാതകത്തിന്റെ പേരില്‍ കോണ്‍ഗ്രിന്റേയും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റേയും മേല്‍ മെക്കിട്ടുകേറേണ്ടെന്നും സതീശന്‍.
🔳പോലീസുദ്യോഗസ്ഥരെ വകവരുത്താന്‍ പ്രതി ദിലീപ് ഗൂഡാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി കോടതി ഇന്ന് രേഖപ്പെടുത്തും. എറണാകുളം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴിയെടുക്കുന്നത്. പോലീസാണു കേസിലെ പരാതിക്കാര്‍. ഇന്നലെ പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപ് അടക്കമുളള പ്രതികള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം.
🔳അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ തെളിവുകള്‍ കൈമാറിയെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. 20 ഓഡിയോ റെക്കോഡുകള്‍ കൈമാറി. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളുമുണ്ട്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യം പകര്‍ത്തിയ പെന്‍ഡ്രൈവ് കൊണ്ടുകൊടുത്ത സാഗര്‍ പണം വാങ്ങിയാണ് കൂറുമാറിയത്. ഇതിന്റെ തെളിവുകളും കൈമാറി. കൂടുതല്‍ പേര്‍ ദിലീപിനെതിരെ രംഗത്ത് വരുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
🔳അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്ന് ആരോപിച്ചുള്ള കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി വെള്ളിയാഴ്ചത്തേക്കു മാറ്റി. വെളളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വാക്കാല്‍ അറിയിച്ചു. സീനിയര്‍ അഭിഭാഷകന് കൊവിഡ് ആയതിനാല്‍ ഹര്‍ജി തിങ്കളാഴ്ച കേള്‍ക്കണം എന്നാണു ദിലീപ് ആവശ്യപ്പെട്ടത്.
🔳ആക്രമിക്കപ്പെട്ട നടിക്ക് ആവശ്യമായ സമയത്ത് വേണ്ട പിന്തുണ നല്‍കാന്‍ സമൂഹത്തിനും സിനിമാലോകത്തിനും സാധിച്ചോയെന്നതടക്കമുള്ള ചോദ്യങ്ങളുമായി വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്ത്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്യുന്നതില്‍ ഒതുങ്ങി നില്‍ക്കേണ്ടതല്ല നടിക്കുള്ള പിന്തുണയെന്നും അവര്‍ വ്യക്തമാക്കി.
🔳ശബരിമല മകരവിളക്കിന് മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര ഇന്നു തുടങ്ങും. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം 24 അംഗ സംഘം ശിരസിലേറ്റി കാല്‍നടയായാണ് ശബരിമലയില്‍ എത്തിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് തിരുവാഭരണം ശബരിമലയിലെത്തിക്കും. മകരവിളക്ക് ഉത്സവം നടക്കുന്ന വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു.
🔳കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ ഗൗരവപൂര്‍വ്വം പരിഗണിക്കണമെന്ന് സീറോമലബാര്‍ സഭാ സിനഡ്. ഭൂമിയും കിടപ്പാടവും ഉപജീവനമാര്‍ഗങ്ങളും നഷ്ടപ്പെടുന്ന സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ അനുഭാവപൂര്‍വ്വം കണക്കിലെടുക്കണം. സര്‍ക്കാരിന്റെ വികസനപദ്ധതികളോട് സഭയ്ക്കുള്ള ആഭിമുഖ്യം പൂര്‍ണമായും നിലനിര്‍ത്തികൊണ്ടാണ് ഈ അഭിപ്രായം മുന്നോട്ടു വയ്ക്കുന്നതെന്നും സഭാ സിനഡ്.
🔳പങ്കാളികളെ പരസ്പരം കൈമാറി ലൈംഗികവേഴ്ച നടത്തിയ കേസില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് വനിതാ കമ്മിഷന്‍. സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടെന്ന നിരീക്ഷണത്തോടെയാണ് വനിതാ കമ്മീഷന്‍ ഇടപെട്ടത്.
🔳മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കു കൊവിഡ്. കാര്യമായ ലക്ഷണങ്ങളോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ ഇല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുകയാണ്.
🔳സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍. അലന്റെയും താഹയുടെയും വിഷയം കൈകാര്യം ചെയ്തതയില്‍ വീഴ്ച വന്നിട്ടില്ലെന്നും അവര്‍ മാവോ ആശയങ്ങളില്‍ ആകൃഷ്ടരായിരുന്നുവെന്ന് പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ടെന്നും പി മോഹനന്‍ പറഞ്ഞു.
🔳കേരള പൊലീസ് നടത്തിയ ഓപറേഷന്‍ കാവല്‍ റെയ്ഡില്‍ പിടിയിലായത് 13,032 ഗുണ്ടകള്‍. 215 പേര്‍ക്കെതിരെ കേസെടുത്തു. ഡിസംബര്‍ 18 മുതല്‍ ജനുവരി ഒന്‍പതുവരെയുളള കണക്കാണിത്. പോലീസ് സംസ്ഥാനവ്യാപകമായി 16,680 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. 5,987 മൊബൈല്‍ ഫോണുകള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച 61 പേരുടെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിച്ചു.
🔳പാലക്കാട് പുതുപ്പെരിയാരത്തു ദമ്പതികളെ വെട്ടികൊലപ്പെടുത്തിയ മകന്‍ വായിലും മുറിവുകളിലും കീടനാശിനി ഒഴിച്ചിരുന്നെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അമ്മ ദേവി വെള്ളം ചോദിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മകന്‍ സനല്‍ അരിവാളും കൊടുവാളും ഉപയോഗിച്ച് അമ്മയെ വെട്ടിവീഴ്ത്തി. ദേവിയുടെ ശരീരത്തില്‍ 33 വെട്ടുകളുണ്ട്. നടുവിനു പരിക്കേറ്റ് കിടപ്പായിരുന്ന അച്ഛന്‍ ചന്ദ്രന് 26 വെട്ടേറ്റു. സനലിനു മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടന്നു പൊലീസ്. മയക്കുമരുന്നിന് അടിമയാണോയെന്നും പരിശോധിയ്ക്കും.
🔳സിനിമാതാരം റെബ മോണിക്ക ജോണ്‍ വിവാഹിതയായി. ദുബായ് സ്വദേശിയായ ജോയ്മോന്‍ ജോസഫ് ആണ് വരന്‍. ബാംഗ്ലൂരിലെ പള്ളിയിലാണ് വിവാഹം നടന്നത്. പ്രണയവിവാഹമാണ്. വിനീത് ശ്രീനിവാസന്റെ ‘ജേക്കബിന്റെ സ്വര്‍ഗരാജ്യ’ത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമാ അരങ്ങേറ്റം.
🔳പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലിയുടെ ജീവചരിത്രം പുസ്തക മാക്കി പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍. കേരളത്തില്‍ നിന്നുള്ള ഒരാള്‍ എം.എ യൂസഫലിയുടെ ജീവചരിത്രം അറബി ഭാഷയില്‍ പുസ്തകമാക്കി പുറത്തിറക്കുമെന്ന വാര്‍ത്ത പുറത്തുവന്നതിനു പിറകേയാണ് ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് ലുലു ഗ്രൂപ്പ് പ്രതികരിച്ചത്.
🔳ഉത്തര്‍പ്രദേശില്‍ ബിജെപി നേതാക്കളും മന്ത്രിമാരുമായ സ്വാമി പ്രസാദ് മൗര്യ, റോഷന്‍ലാല്‍ വര്‍മ എന്നിവരും രണ്ട് എംഎല്‍എമാരും പാര്‍ട്ടിവിട്ടു. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ബിജെപി ക്കു തിരിച്ചടി. ബിജെപി ഭരണത്തില്‍ ഒബിസി, ദളിത് വിഭാഗങ്ങളും യുവാക്കളും അവഗണിക്കപ്പെടുകയാണെന്നും സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നെന്നും മന്ത്രിസ്ഥാനം രാജിവച്ച സ്വാമി പ്രസാദ് മൗര്യ വ്യക്തമാക്കി. എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവിന് ഒപ്പമുള്ള ചിത്രവും അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടു.
🔳കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ഇന്ത്യാ- ചൈന സൈനിക കമാന്‍ഡര്‍മാരുടെ കൂടിക്കാഴ്ച ഇന്ന്. ഹോട്ട്സ്പ്രിംഗ് മേഖലയിലെ സൈനിക പിന്‍മാറ്റമാകും പ്രധാന ചര്‍ച്ച. പാംഗോംങ് തടാകത്തിന് കുറുകെ പാലം നിര്‍മ്മിച്ച് ചൈന പുതിയ പ്രകോപനം സൃഷ്ടിച്ചത് സമാധാനശ്രമങ്ങള്‍ക്ക് കല്ലുകടിയാകുമെന്ന് കരുതിയിരിക്കെയാണ് ചര്‍ച്ച.
🔳ഡല്‍ഹിയില്‍ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തി. ഹോട്ടലുകളിലും ബാറുകളിലും ഭക്ഷണ പാനീയങ്ങള്‍ വിളമ്പുന്നതു നിരോധിച്ചു.
🔳വീടു നിര്‍മ്മിക്കാന്‍ പണം ആവശ്യപ്പെടുന്നതും സ്ത്രീധനത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി. ഐപിസി 304 ബി പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണിതെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്ത്രീധന പീഡനംമൂലം യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും വെറുതെ വിട്ട മധ്യപ്രദേശ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു.
🔳മധ്യപ്രദേശില്‍ ചത്ത കുരങ്ങന്റെ സംസ്‌കാരത്തില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് ആയിരത്തിയഞ്ഞൂറോളം പേര്‍. രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ രാജ്ഘഡ് ജില്ലയിലെ ദാലുപുര ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ നിരവധിപേര്‍ ഒളിവിലാണ്.
🔳ആന്ധ്രപ്രദേശിലെ കാളീക്ഷേത്രത്തില്‍ നഗരബലി. നല്‍ഗൊണ്ട ചിന്തപള്ളിയിലെ കാളീക്ഷേത്രത്തിലെ വിഗ്രത്തിനു മുന്നില്‍ മനുഷ്യന്റെ വെട്ടിയെടുത്ത തല കണ്ടെത്തി. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കൊല്ലപ്പെട്ടയാളെക്കുറിച്ചോ കൊലയാളികളെക്കുറിച്ചോ വിവരം ലഭിച്ചിട്ടില്ല. മുപ്പതു വയസുള്ള പുരുഷന്റെ തലയാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
🔳ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ സാമ്പാറില്‍ പല്ലി. ഭക്ഷണം കഴിച്ച എഴുപതു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. കര്‍ണാടകത്തിലെ ചാമരാജനഗറിലെ സ്‌കൂളിലാണു സംഭവം. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് നല്‍കിയ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, പാചകക്കാരനാണ് സാമ്പാറില്‍ പല്ലിയെ കണ്ടെത്തിയത്. ഉടനേ കുട്ടികളെ അറിയിച്ചെങ്കിലും അതിനകം കഴിച്ച വിദ്യാര്‍ത്ഥികളില്‍ എഴുപതു പേര്‍ക്കു വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
🔳ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റ് സമുച്ചയത്തിലുണ്ടായ തീപ്പിടിത്തം ഭീകരാക്രമണമാണെന്ന് പൊലീസ്. സംഭവത്തില്‍ അറസ്റ്റിലായ 49 കാരനെതിരെ പൊലീസ് ഭീകരവാദ കുറ്റം ചുമത്തി. നിലവില്‍ ഇയാള്‍ക്കെതിരെ പാര്‍ലമെന്റ് കെട്ടിടത്തിനു തീയിട്ടുവെന്നും മോഷണം നടത്തിയെന്നുമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. പാര്‍ലമെന്റ് സമുച്ചയത്തില്‍ ബോംബ് വെച്ചുവെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. ഇതിനിടെ ഇയാളെ പിന്തുണച്ച് കോടതിക്കു മുന്നില്‍ പ്രതിഷേധ പ്രകടനം നടന്നു.
🔳അതിവേഗത്തില്‍ പാഞ്ഞുവന്ന ട്രെയിന്‍, ട്രാക്കിനടുത്ത് ഇടിച്ചിറക്കിയ വിമാനത്തെ ഇടിച്ചുതെറിപ്പിച്ചു. വിമാനാവശിഷ്ടങ്ങള്‍ പറന്നുപോയി. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റിനെ അത്ഭുതകരമായി പൊലീസ് രക്ഷപ്പെടുത്തി. ട്രെയിനിലുള്ള ആര്‍ക്കും പരിക്കില്ല. അമേരിക്കയിലെ ലോസ്എയ്ഞ്ചലസിലാണ് സംഭവം. തകരാറു മൂലം ഒരു തവണ നിലത്തിറക്കാനാവാതായ വിമാനം വീണ്ടും ഉയര്‍ന്നുപൊങ്ങി റെയില്‍വേ ട്രാക്കിനടുത്ത് ഇറക്കിയതായിരുന്നു.
🔳സര്‍ക്കാര്‍ വിരുദ്ധനെന്ന് ആരോപിച്ച് ഇറാന്‍ ഭരണകൂടം കാല്‍ച്ചങ്ങലകളിട്ട് ജയിലിലടച്ച പ്രമുഖ ചലച്ചിത്രകാരനും കവിയുമായ ബക്താഷ് അബ്ദിന്‍ (48) കൊവിഡ് ബാധിച്ചു മരിച്ചു. സംഭവത്തിന് ഉത്തരവാദികള്‍ ഭരണകൂടമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍. സര്‍ക്കാരിന്റെ ക്രൂരമായ സമീപനം മൂലമാണ് ഈ മരണം സംഭവിച്ചതെന്നു പെന്‍ അമേരിക്ക ആരോപിച്ചു.
🔳കുവൈറ്റിലേക്കു കടല്‍മാര്‍ഗം കടത്താന്‍ ശ്രമിച്ച 53 കിലോഗ്രാം ഹാഷിഷും 5,000 കാപ്റ്റഗണ്‍ ഗുളികകളും അധികൃതര്‍ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഒരു ഏഷ്യക്കാരന്‍ അറസ്റ്റിലായി.
🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്തള്ളി ജംഷഡ്പൂര്‍ എഫ്‌സി ഒന്നാം സ്ഥാനത്ത്. ഇന്നലത്തെ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചതോടെയാണ് ജംഷഡ്പൂര്‍ ഒന്നാമെത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയം. 11 മത്സരങ്ങളില്‍ 19 പോയിന്റാണ് ജംഷഡ്പൂരിന്. ഒരു മത്സരം കുറവ് കളിച്ച ബാസ്റ്റേഴ്‌സിന് 17 പോയിന്റും.
🔳ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. കേപ്ടൗണില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 223ന് അവസാനിച്ചിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ആതിഥേയര്‍ ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഒന്നിന് 17 എന്ന നിലയിലാണ്. നേരത്തെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ 79 റണ്‍സാണ് ഇന്ത്യയെ 200 കടത്താന്‍ സഹായിച്ചത്. കഗിസോ റബാദ നാല് വിക്കറ്റ് വീഴ്ത്തി.
🔳കേരളത്തില്‍ ഇന്നലെ 63,898 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 9066 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 277 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,053 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 127 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 113 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2064 പേര്‍ രോഗമുക്തി നേടി. ഇതോടെ 44,441 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂര്‍ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂര്‍ 417, പത്തനംതിട്ട 410, ആലപ്പുഴ 347, മലപ്പുറം 309, ഇടുക്കി 239, വയനാട് 155, കാസര്‍ഗോഡ് 118.
🔳രാജ്യത്ത് ഇന്നലെ 1,78,042 കോവിഡ് രോഗികള്‍. മഹാരാഷ്ട്രയില്‍ 34,424 പേര്‍ക്കും കര്‍ണാടകയില്‍ 14,473 പേര്‍ക്കും തമിഴ്നാട്ടില്‍ 15,379 പേര്‍ക്കും പശ്ചിമബംഗാളില്‍ 21,098 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 11,089 പേര്‍ക്കും ഡല്‍ഹിയില്‍ 21,259 പേര്‍ക്കും ചത്തീസ്ഗഡില്‍ 5,151 പേര്‍ക്കും രാജസ്ഥാനില്‍ 6,366 പേര്‍ക്കും ഗുജറാത്തില്‍ 7,476 പേര്‍ക്കും ഹരിയാനയില്‍ 5,746 പേര്‍ക്കും ബീഹാറില്‍ 5,908 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു
🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത്തിയേഷ് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ ആറ് ലക്ഷത്തിനടുത്തും ഇംഗ്ലണ്ടില്‍ 1,20,821 പേര്‍ക്കും ഫ്രാന്‍സില്‍ 3,68,149 പേര്‍ക്കും തുര്‍ക്കിയില്‍ 74,266 പേര്‍ക്കും ഇറ്റലിയില്‍ 2,20532 പേര്‍ക്കും ജര്‍മനിയില്‍ 61,205 സ്പെയിനില്‍ 1,34,439 പേര്‍ക്കും അര്‍ജന്റീനയില്‍ 1,34,439 പേര്‍ക്കും ആസ്ട്രേലിയയില്‍ 90,847 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 31.37 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 4.66 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 7,709 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2,050 പേരും റഷ്യയില്‍ 783 പേരും ഇംഗ്ലണ്ടില്‍ 379 പേര്‍ക്കും ഫ്രാന്‍സില്‍ 341 പേര്‍ക്കും ജര്‍മനിയില്‍ 387 പേര്‍ക്കും പോളണ്ടില്‍ 493 പേര്‍ക്കും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 55.20 ലക്ഷമായി.
🔳സൂക്ഷ്മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങള്‍ക്ക് 30 മിനിട്ടിനുള്ളില്‍ വായ്പ അനുവദിക്കുന്ന പോര്‍ട്ടല്‍ ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഫെഡറല്‍ ഇന്‍സ്റ്റാലോണ്‍ ഡോട്ട് കോം എന്ന പേരിലുള്ള പോര്‍ട്ടലില്‍ ആദായ നികുതി റിട്ടേണുകള്‍, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, ജിഎസ്ടി വിശദാംശങ്ങളുടെ ഓണ്‍ലൈന്‍ വേരിഫിക്കേഷന്‍ എന്നിവ അപ്ലോഡ് ചെയ്യുന്നതിലൂടെ 30 മിനിറ്റിനുള്ളില്‍ ഡിജിറ്റലായി വായ്പ ലഭ്യമാവുന്നതാണ്. അര്‍ഹരായ വ്യക്തികള്‍ക്ക് നിലവില്‍ 50 ലക്ഷം രൂപ വരെയാണ് ഈ പ്ലാറ്റ്‌ഫോം വഴി വായ്പയായി ലഭിക്കുന്നത്. ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ, വീട്ടില്‍ നിന്നു തന്നെ ബിസിനസ് വായ്പയ്ക്ക് അര്‍ഹത നേടാനാവുന്നു എന്നതാണ് പോര്‍ട്ടലിന്റെ പ്രധാന സവിശേഷത.
🔳പൊതുമേഖല സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ 20 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നു. എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) മുന്നോടിയായി ആണ് കേന്ദ്ര നടപടി. എല്‍ഐസി ഐപിഒയിലേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഇതിനായി ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ഭേദഗതി ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും എല്‍ഐസിയുടേത്. ബ്രാന്‍ഡ് ഫിനാന്‍സ് റാങ്കിംഗ്-2021 പ്രകാരം ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ ഇന്‍ഷുറന്‍സ് കമ്പനിയാണ് എല്‍ഐസി. 2021 നവംബറിലെ കണക്കുകള്‍ പ്രകാരം 37 ട്രില്യണോളമാണ് കമ്പനി കൈകാര്യം ചെയ്യുന്ന നിക്ഷേപങ്ങളുടെ മൂല്യം.
🔳ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് മണ്ടൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബുള്ളറ്റ് ഡയറീസ്’. ബി 3 എം ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഈ മാസം 15ന് ആരംഭിക്കും. പ്രയാഗ മാര്‍ട്ടിന്‍ നായികയാവുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ആന്‍സണ്‍ പോള്‍, ജോണി ആന്റണി, ശ്രീകാന്ത് മുരളി, സലിം കുമാര്‍, അല്‍ത്താഫ് സലിം, ശ്രീലക്ഷ്മി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
🔳തമിഴ് സിനിമയില്‍ നിന്നുള്ള സമീപകാലത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നു ചിലമ്പരശനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത മാനാട്. ഇപ്പോഴിതാ എല്ലാ ഇന്ത്യന്‍ ഭാഷകളിലേക്കുമുള്ള ചിത്രത്തിന്റെ റീമേക്ക് അവകാശങ്ങള്‍ വില്‍പ്പനയായിരിക്കുകയാണ്. നിര്‍മ്മാണ കമ്പനിയായ സുരേഷ് പ്രൊഡക്ഷന്‍സ് ആണ് റീമേക്ക് റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. അബ്ദുള്‍ ഖാലിഖ് എന്ന നായക കഥാപാത്രമായി ചിമ്പു എത്തിയപ്പോള്‍ പ്രതിനായകനായെത്തിയ എസ് ജെ സൂര്യയും കൈയടി നേടി. കല്യാണി പ്രിയദര്‍ശന്‍ ആയിരുന്നു നായിക.
🔳ടാറ്റ മോട്ടോഴ്‌സ് ഒരു പുതിയ ഇടത്തരം എസ്യുവി തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. അത് നെക്‌സോണിനും ഹാരിയറിനുമിടയില്‍ സ്ഥാനം പിടിക്കും എന്നും ഹ്യുണ്ടായി ക്രെറ്റ ഉള്‍പ്പെടെയുള്ള മോഡലുകളെ നേരിടാനാണ് ഇത് എത്തുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പുതിയ മോഡലിന് ഏകദേശം 4.3 മീറ്റര്‍ നീളമുണ്ടാകും. ടാറ്റ ബ്ലാക്ക്ബേര്‍ഡ് എന്ന കോഡ് നാമത്തില്‍ വികസിപ്പിക്കുന്ന പുതിയ ഇടത്തരം എസ്യുവി 2023 ഓടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ടാറ്റ ബ്ലാക്ക്‌ബേര്‍ഡ് ഒരു പുതിയ ഇടത്തരം കൂപ്പെ എസ്യുവിയായിരിക്കും.
🔳സാമൂഹ്യജീവിതത്തിനും രാഷ്ട്രീയജീവിതത്തിനും തുല്യ പങ്കാളികള്‍ ആയ സ്ത്രീകളുടെ ചരിത്രത്തിലെ നഷ്ട ഇടങ്ങളെക്കുറിച്ചും അത് തിരിച്ചെടുക്കുന്ന അവളുടെ സമരങ്ങളെക്കുറിച്ചും ഇത്രയേറെ കഥകള്‍ എഴുതിയ കഥാകാരമാര്‍ വേറെ ഉണ്ടാവില്ല. ഒരുപക്ഷേ, മലയാളകഥയിലെ ഏറ്റവും ശക്തനായ സ്ത്രീപക്ഷ കഥാകാരനാണ് ഐസക് ഈപ്പന്‍ എന്ന് നിസ്സംശയം ഈ കഥകള്‍ നമ്മളോട് പറയുന്നുണ്ട്. ‘കാട്ടുപൂച്ച’. ഡിസി ബുക്സ്. വില 117 രൂപ.
🔳അനീമിയ നമ്മുടെ നിത്യജീവിതത്തെ പല രീതിയില്‍ ബാധിക്കുന്നൊരു പ്രശ്‌നമാണ്. ഇത് നിസാരമാണെന്ന് ചിന്തിക്കുകയും അരുത്. അതുകൊണ്ട് തന്നെ ‘അയേണ്‍’ കുറവ് അപ്പപ്പോള്‍ തന്നെ പരിഹരിച്ചുപോകേണ്ടതുണ്ട്. ഡയറ്റില്‍ ചിലത് ശ്രദ്ധിക്കുന്നതിലൂടെ വലിയൊരു പരിധി വരെ ‘അയേണ്‍’ കുറവ് പരിഹരിക്കാം. മുള്ളഞ്ചീരയുടെ ഇലയും അതിന്റെ വിത്തുകളും ‘അയേണ്‍’ കൂട്ടാന് സഹായിക്കുന്നതാണ്. അയേണ്‍ മാത്രമല്ല, കാത്സ്യം, വൈറ്റമിന്‍- എ, ബി, സി എന്നിവയാലും സമ്പന്നമാണ് മുള്ളഞ്ചീര. ശര്‍ക്കരയാണ് ഈ പട്ടികയില്‍ പെടുന്ന മറ്റൊരു ഭക്ഷണം. പ്രോസസ് ചെയ്‌തെടുത്ത ശര്‍ക്കരയെക്കാള്‍ അതല്ലാതെ വരുന്നതാണ് ഉചിതം. അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാലെല്ലാം സമ്പന്നമാണ് ശര്‍ക്കര. പഞ്ചസാരയുടെ ഉപയോഗം കുറച്ച് ശര്‍ക്കര പതിവാക്കുന്നതും ആകെ ആരോഗ്യത്തിന് നല്ലതാണ്. ചീരയാണ് അടുത്തതായി അയേണ്‍ കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണം. അയേണിനാലും കാത്സ്യത്തിനാലും സമ്പന്നമാണ് ചീര. വൈറ്റമിന്‍-സി അടങ്ങിയ ഭക്ഷണങ്ങളെല്ലാം തന്നെ അയേണ്‍ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും. വൈറ്റമിന്‍ -സി, പ്രതിരോധശക്തി കൂട്ടാനും ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യം കൂട്ടാനുമെല്ലാം സഹായിക്കുന്നതാണ്. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഇരുമ്പിന്റെ പാത്രങ്ങള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. ഇതും ശരീരത്തിലേക്ക് അയേണ്‍ എത്തിക്കുന്നു.
*ശുഭദിനം*
കൂട്ടുകാര്‍ കാടിനടുത്തുകൂടിയാണ് യാത്ര ചെയ്തിരുന്നത്. പെട്ടെന്ന് അവരുടെ മുന്നിലേക്ക് ഒരു കരടി വന്നു. അപ്പോള്‍ ഒന്നാമന്‍ പറഞ്ഞു: നീ ഓടേണ്ട, കരടിയുടെ കണ്ണിലേക്ക് കുറെ നേരം നോക്കിയിരുന്നാല്‍ കരടി തിരിഞ്ഞോടുമെന്ന് ഞാനൊരു പുസ്തകത്തില്‍ വായിച്ചിട്ടുണ്ട്. അപ്പോള്‍ രണ്ടാമന്‍ പറഞ്ഞു: ആ പുസ്തകം നീ മാത്രമേ വായിച്ചിട്ടുള്ളൂ, കരടി വായിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഞാന്‍ ഓടുകയാണ്. പാണ്ഡിത്യം നല്ലതാണ് പക്ഷേ, അതിന് പ്രായോഗികതയുടെ നനവുകൂടിയുണ്ടാകണം. പ്രതികരണങ്ങള്‍ രണ്ടു തരത്തിലുണ്ടാകും. അറിവുകൊണ്ടും അനുഭവം കൊണ്ടും. അറിവുകള്‍ എപ്പോഴും ശരിയാകണമെന്നില്ല. കേട്ടറിവിനും കണ്ടറിവിനും പരിമിതികളുണ്ട്. ഉറവിടങ്ങളില്ലാത്ത അറിവുകളിലൂടെയാണ് പലരും യാത്ര ചെയ്യുന്നത്. ആരു പറയുന്നതായാലും അവയ്ക്ക സാമാന്യബോധത്തിന്റെ സംസര്‍ഗമുണ്ടാകണം. അനുഭസ്ഥരുടെ വാക്കുകള്‍ക്ക് യാഥാര്‍ത്ഥ്യബോധത്തിന്റെ അകമ്പടിയുണ്ടാകും. സ്വന്തമായ വ്യാഖ്യാനങ്ങളിലൂടെയാണ് പലരും ജീവിതത്തെ സമീപിക്കുന്നത്. അവനവനെപോലെയാണ് അപരനും എന്നചിന്തയാണ് പലര്‍ക്കും. ഇത് ഒന്നിച്ചുള്ള യാത്രയില്‍ പലപ്പോഴും അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്നു. സമീപനങ്ങളിലും പ്രവൃത്തികളിലും എല്ലാവര്‍ക്കും വ്യത്യാസങ്ങളുണ്ട്. ഞാന്‍ പെരുമാറുന്നതുപോലെ എന്നോടും പെരുമാറണം എന്നതും , എന്നോട് പെരുമാറുന്നത് പോലെയേ ഞാനും പെരുമാറൂ എന്നതും ഒരുപോലെ ആത്മഹത്യാപരമാണ്. നമുക്ക് അനുഭവം കൊണ്ടുണ്ടാകുന്ന അറിവുകളെ കൂടെക്കൂട്ടാം, അനുഭവങ്ങള്‍ പാഠമാക്കാം