ജഡേജ പോയപ്പോള്‍ ഏവരും കരുതി ധോണിയായിരിക്കും ക്രീസില്‍ വരികയെന്ന്. മുംബൈ പ്രതീക്ഷിച്ചിരുന്നതും ചെന്നൈ നായകനെത്തന്നെ. 18 ഓവറില്‍ ക്രൂണാല്‍ പാണ്ഡ്യയുടെ ആദ്യ പന്തിലാണ് ജഡേജ പുറത്താവുന്നത്. ക്രൂണാലിനെ ലെഗ് സൈഡില്‍ കളിക്കാന്‍ ശ്രമിച്ച ജഡേജയ്ക്ക് പിഴയ്ക്കുകയായിരുന്നു. പന്ത് നേരെ ചെന്നത് പാഡില്‍. ഔട്ടെന്ന് വിധിക്കാന്‍ അംപയര്‍ക്ക് അധികം ആലോചന വേണ്ടിവന്നില്ല.
ഈ സമയം ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 17 പന്തില്‍ 29 റണ്‍സ്. ഒരറ്റത്ത് ഫാഫ് ഡുപ്ലെസി നങ്കൂരമിട്ട് നില്‍ക്കെ ‘തല’ വരുമെന്ന് എതിരാളികളും ആരാധകരും കരുതി. പക്ഷെ ക്രീസില്‍ എത്തിയതാകട്ടെ സാം കറനും. നിര്‍ണായക വേളയിലുള്ള ധോണിയുടെ ‘മൈന്‍ഡ് ഗെയിം’ രോഹിത് ശര്‍മയെയും സംഘത്തെയും തെല്ലൊന്ന് അമ്പരപ്പിച്ചു. ധോണിക്ക് വെച്ച കെണിയില്‍ സാം കറനെ വീഴ്ത്താം, ഇതായി മുംബൈയുടെ പിന്നീടുള്ള ആലോചന.
ക്രീസില്‍ പുതിയ ബാറ്റ്‌സ്മാന്‍. ഇത്തിരിയില്ലാത്ത ചെറുപയ്യന്‍. 18 ഓവര്‍ പിടിച്ചെറിഞ്ഞ് സമ്മര്‍ദ്ദം കൂട്ടാന്‍ ക്രുണാലിനെ രോഹിത് ചട്ടംകെട്ടി. ആദ്യ രണ്ടു പന്തുകള്‍ ഭീഷണിയില്ലാതെ മുംബൈ പിന്നിട്ടു. എന്നാല്‍ സിംഗിളിന് ശേഷം സ്‌ട്രൈക്കില്‍ തിരിച്ചെത്തിയ കറന്‍ ഉഗ്രരൂപം പ്രാപിക്കുന്നതാണ് പിന്നെ കണ്ടത്. 18 ആം ഓവറിലെ നാലാം പന്ത് ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്‌സിന് പായിച്ച കറന്‍ വെടിക്കെട്ടിന് തുടക്കമിട്ടു.
ഓഫ് സ്റ്റംപിന് വെളിയില്‍ പന്തിനെ കുത്തി ഉയര്‍ത്താനാണ് അടുത്ത പന്തില്‍ ക്രുണാല്‍ ശ്രമിച്ചത്. സ്വതന്ത്രമായി ബാറ്റുവീശാന്‍ കിട്ടിയ അവസരം കറനും പാഴാക്കിയില്ല; കവറിന് മുകളിലൂടെ പന്തിനെ ഇദ്ദേഹം അടിച്ചകറ്റി — ഫോര്‍! ഇതോടെ എതിരാളികളുടെ മുഖത്തെ ചിരിയും മാഞ്ഞു. 19 ഓവറില്‍ ബുംറയാണ് പന്തെടുത്ത്. എന്നാല്‍ മുംബൈയുടെ സ്റ്റാര്‍ ബൗളറെ ലവലേശം കറന്‍ ഗൗനിച്ചില്ല.
ആദ്യ പന്തില്‍ത്തന്നെ ഇദ്ദേഹം ബുംറയെ തൂക്കി മിഡ് വിക്കറ്റിന് വെളിയിലിട്ടു. ഇതോടെ ചെന്നൈയുടെ സ്‌കോര്‍ 153. കറന്റെ സംഭാവന 5 പന്തില്‍ 18 റണ്‍സ്. രണ്ടാമതൊരിക്കല്‍ക്കൂടി ബൂംറയെ അതിര്‍ത്തി കടത്താന്‍ കറന്‍ ശ്രമിച്ചു. പക്ഷെ നീക്കം വിലപോയില്ല. തലയ്ക്ക് മുകളിലൂടെ സ്‌കൂപ്പ് ചെയ്യാനുള്ള കറന്റെ തന്ത്രം പാറ്റിന്‍സണിന്റെ കൈകളില്‍ ചെന്ന് അവസാനിച്ചു. പക്ഷെ ഈ സമയംകൊണ്ട് ചെന്നൈ വിജയതീരം കണ്ടിരുന്നു.
യഥാര്‍ത്ഥത്തില്‍ കറനെ ഇറക്കാനുള്ള ധോണിയുടെ ചാണക്യബുദ്ധിയാണ് ചെന്നൈയുടെ ജയത്തില്‍ നിര്‍ണായകമായത്. കറന്റെ അപ്രതീക്ഷിത വെടിക്കെട്ട് മുംബൈയുടെ ആത്മവിശ്വാസം കെടുത്തി. ഒപ്പം ഡുപ്ലെസിയുടെ മേലുള്ള സമര്‍ദ്ദവും. നിര്‍ണായക വേളയില്‍ ക്രീസില്‍ ഇടംകൈ – വലംകൈ ക്രമം നിലനിര്‍ത്താനാണ് ധോണി ശ്രമിച്ചത്. മുംബൈ ബൗളര്‍മാരെ വലയ്ക്കാന്‍ ഇതുവഴി ചെന്നൈയ്ക്ക് കഴിഞ്ഞു. അവസാന ഘട്ടത്തില്‍ നെടുംതൂണായ റായുഡു പോയപ്പോള്‍ ജഡേജയെ ധോണി പറഞ്ഞുവിട്ടു. ജഡേജ പുറത്തായപ്പോള്‍ കറനെയും.
ഇതേസമയം, കറന് ശേഷം ക്രീസിലെത്തിയ ധോണിക്ക് ഫിനിഷ് മികവ് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. നേരിട്ട ആദ്യ പന്തില്‍ത്തന്നെ ധോണിക്ക് എതിരെ അംപയര്‍ ഔട്ട് പ്രഖ്യാപിക്കുന്നത് മത്സരം കണ്ടു. എന്നാല്‍ തീരുമാനം പുനഃപരിശോധിച്ചപ്പോള്‍ താരം നോട്ടൗട്ടായി. മത്സരത്തില്‍ രണ്ടു പന്തുകളാണ് ധോണി നേരിട്ടത്. റണ്‍സൊന്നും എടുക്കാന്‍ താരത്തിന് കഴിഞ്ഞില്ല. എന്തായാലും 4 പന്തുകൾ ശേഷിക്കെയാണ് ചെന്നൈ സൂപ്പർ കിങ്സ് 5 വിക്കറ്റിന് ജയം പിടിച്ചെടുത്തത്. അംബാട്ടി റായുഡു – ഫാഫ് ഡുപ്ലെസി സംഖ്യം കുറിച്ച 115 റൺസിന്റെ കൂട്ടുകെട്ട് ചെന്നൈയുടെ നെടുംതൂണാവുകയായിരുന്നു