സഞ്ജു സാംസന്റെ ദിവസമായിരുന്നു ഇന്നലെ. ബാറ്റ് കൊണ്ടുള്ള പ്രകടനത്തിന് പിന്നാലെ വിക്കറ്റിന് പിന്നിലും അസാമാന്യ പാടവം പുറത്തെടുത്തതോടെ കളിയിലെ താരമായും സഞ്ജു മാറി. നാല് പുരസ്‌കാരങ്ങളും സഞ്ജു വാരിക്കൂട്ടി. മാൻ ഓഫ് ദ മാച്ചിന് പുറമെ ഗെയിം ചേഞ്ചർ, സൂപ്പർ സ്‌ട്രൈക്കർ, ഏറ്റവും കൂടുതൽ സിക്‌സർ നേടിയ ബാറ്റ്‌സ്മാൻ എന്നീ പുരസ്‌കാരങ്ങളാണ് സഞ്ജുവിന് ലഭിച്ചത്
32 പന്തിൽ 9 സിക്‌സറും ഒരു ഫോറും ഉൾപ്പെടെ 74 റൺസാണ് സഞ്ജു ഇന്നലെ അടിച്ചുകൂട്ടിയത്. ധോണിയുടെ തന്ത്രങ്ങളൊന്നും സഞ്ജുവിന് മുന്നിൽ വിലപ്പോയില്ല. പന്ത് ബൗണ്ടറി ലൈനിലേക്ക് തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരുന്നു. എൻഡിഗയുടെ പന്തിൽ സഞ്ജു വീണതോടെയാണ് ചെന്നൈ താരങ്ങൾ അൽപ്പമെങ്കിലും ശ്വാസം വീണ്ടെടുത്തത്.
ചെന്നൈ ഇന്നിംഗ്‌സിൽ വിക്കറ്റിന് പിന്നിലും സഞ്ജുവിന്റെ പ്രകടനം കണ്ടു. രണ്ട് സ്റ്റംപിംഗും രണ്ട് ക്യാച്ചും. ഇതിലൊരു സ്റ്റംപിംഗും ഒരു ക്യാച്ചും ധോണിയെ പോലും കടത്തിവെട്ടുന്നതായിരുന്നു.