വരുന്ന ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കും

വരുന്ന ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കും. കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന് പകരക്കാരനായാണ് സഞ്ജുവിന്റെ നിയമനം. രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാനുള്ള പുതിയ ഉത്തരവാദിത്വം ബഹുമതിയായാണ് കാണുന്നതെന്ന് സഞ്ജു പ്രതികരിച്ചു. ‘രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായുള്ള നിയമനം യഥാര്‍ത്ഥത്തില്‍ ഒരു ബഹുമതി തന്നെയാണ്. എക്കാലവും എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ടീമാണിത്. ദീര്‍ഘകാലം ഈ ടീമിനായി കളിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ ടീമിനൊപ്പമുള്ള പുതിയ വെല്ലുവിളികള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.’

‘രാജസ്ഥാന്‍ റോയല്‍സില്‍ ഇതിഹാസ തുല്യരായ ഒട്ടേറെ ക്യാപ്റ്റന്‍മാര്‍ക്കു കീഴില്‍ കളിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ്, ഷെയ്ന്‍ വാട്‌സന്‍, അജിങ്ക്യ രഹാനെ, സ്റ്റീവ് സ്മിത്ത് തുടങ്ങിയവര്‍ക്കൊപ്പം കളിക്കാനും അവരില്‍ നിന്ന് പഠിക്കാനും കഴിഞ്ഞത് ഭാഗ്യമായി കണക്കാക്കുന്നു. ഇനി പുതിയ സീസണിനായി കാത്തിരിക്കുന്നു’ സഞ്ജു പറഞ്ഞു.

മുന്‍ നായകന്‍ സ്മിത്തിനെ രാജസ്ഥാന്‍ ടീമില്‍ നിന്ന് ഒഴിവാക്കി. ഒഷെയ്ന്‍ തോമസ്, വരുണ്‍ ആരോണ്‍, ടോം കറന്‍ എന്നിവരെയും രാജസ്ഥാന്‍ റിലീസ് ചെയ്തു.