◼️കൂടുതല്‍ ഭൂമി കൈവശമുള്ളവര്‍ ബജറ്റ് നിര്‍ദേശമനുസരിച്ച് കൂടുതല്‍ നികുതി നല്‍കേണ്ടിവരും. ഭൂമിയുടെ അളവിനനുസരിച്ച് നാലു സ്ലാബുകളായി തിരിച്ചാണ് ഭൂനികുതി ചുമത്തുക. ഒരു ഏക്കറിനു മുകളില്‍ ഭൂമിയുണ്ടെങ്കില്‍ ഭൂനികുതി ഇരട്ടിയാകും. കോര്‍പറേഷന്‍ പരിധിയില്‍ ഒരേക്കര്‍ ഭൂമിയുള്ളവര്‍ വര്‍ഷം 1,600 രൂപ നികുതി അടയ്ക്കണം. എന്നാല്‍ നാലു സെന്റുവരെയുള്ള ഭൂമിക്കു നികുതി വര്‍ധനയില്ല. ഭൂനികുതി വര്‍ധന കര്‍ഷകരെയും തോട്ടമുടമകളേയും ബാധിക്കും.
◼️അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പരാജയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്. വൈകുന്നേരം നാലിനാണ് യോഗം. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ നയ രൂപീകരണ സമിതി യോഗം രാവിലെ പത്തരയ്ക്ക് സോണിയ ഗാന്ധിയുടെ വസതിയില്‍ ചേരും. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ എഐസിസി പ്രസിഡന്റാക്കാനും മല്ലികാര്‍ജുന ഖാര്‍ഗെയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനുമുള്ള ഒരു നിര്‍ദ്ദേശം ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്. സംഘടനാ തെരഞ്ഞെടുപ്പ് നടത്തി പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നാണു നേരത്തെ തീരുമാനിച്ചിരുന്നത്.
◼️സംസ്ഥാനത്ത് ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളിലെ പരീക്ഷ ഈ മാസം 23 മുതല്‍ ഏപ്രില്‍ രണ്ടുവരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഒന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലേക്കുള്ള പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ കരിക്കുലം കമ്മിറ്റി രൂപീകരിച്ചു. പാഠപുസ്തകങ്ങള്‍ തയ്യാറാക്കുമ്പോള്‍ സമൂഹത്തിന്റെ കൂടി അഭിപ്രായം തേടുമെന്നു മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. മലയാളം അക്ഷരമാല പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇത്തവണ പ്ലസ് ടു പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ ഉണ്ടാകില്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
◼️കഴിഞ്ഞ മഴക്കാലത്ത് ദേശീയപാതയില്‍ ഉണ്ടായതുപോലെ അപകടങ്ങള്‍ ആവര്‍ത്തിച്ചാല്‍ ദുരന്തനിവാരണ നിയമപ്രകാരം ദേശീയപാത അതോറിറ്റിക്കെതിരേ നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിലെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്ത സാഹചര്യത്തിലാണ് മന്ത്രി മുന്നറിയിപ്പു നല്‍കിയത്. നിര്‍മ്മാണ പുരോഗതി ബുധനാാഴ്ച രാവിലെ എട്ടിന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
◼️ഒന്നിച്ചു നില്‍ക്കണമെന്ന ഇടതുമുന്നണിയുടെ നിര്‍ദ്ദേശം ഐഎന്‍എല്‍ തള്ളി. ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്ത വഹാബ് പക്ഷവുമായി ഇനി സന്ധിയില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ വ്യക്തമാക്കി. എന്നാല്‍ അഹമ്മദ് ദേവര്‍കോവില്‍ മുന്നണി നിര്‍ദ്ദേശം അവഗണിച്ചെന്നാണ് എപി അബ്ദുള്‍ വഹാബിന്റെ പ്രതികരണം.
◼️സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാല്‍ എന്നിവരെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് അഹോരാത്രം പണിയെടുത്തവരാണ് ഇവര്‍. പരാജയ കാരണം ഇവരുടെ ചുമലില്‍ മാത്രം കെട്ടിവയ്ക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
◼️സ്‌കൂള്‍ പഠനകാലത്ത് അടിച്ചതിന്റെ പക തീര്‍ക്കാന്‍ അധ്യാപകന്റെ തലയില്‍ സോഡാകുപ്പികൊണ്ട് അടിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥിയെ അറസ്റ്റു ചെയ്തു. പാലക്കാട്ടെ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ അബ്ദുല്‍ മനാഫിനെയാണ് (46) ആക്രമിച്ചത്. പൂര്‍വവിദ്യാര്‍ഥിയായ അലനല്ലൂര്‍ കൂമഞ്ചിറ മുതുകുറ്റിവീട്ടില്‍ നിസാമുദീനെ (20) നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
◼️മറിയപ്പള്ളിയില്‍ പാറമടക്കുളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം പാറശ്ശാല സ്വദേശി അജികുമാര്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി വളം ശേഖരിച്ച ശേഷം മടങ്ങുമ്പോള്‍ ലോറി നിയന്ത്രണം തെറ്റി അറുപതടി താഴ്ചയുള്ള കുളത്തിലേക്ക് മറിയുകയായിരുന്നു.
◼️കൊച്ചിയില്‍ ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് സജീവനെ അറസ്റ്റു ചെയ്തു. സജീവന്റെ അമ്മ സിപ്സിയെയും ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. കൊലപാതകം നടത്തിയ സിപ്സിയുടെ കാമുകന്‍ ജോണ്‍ ബിനോയ് ഡിക്രൂസിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
◼️യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. നയതന്ത്രതലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോടു നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
◼️പഞ്ചാബില്‍ തോറ്റ മുന്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും സുരക്ഷ ക്രമീകരണങ്ങള്‍ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു. 122 പേരുടെ സുരക്ഷ ക്രമീകരണങ്ങളാണ് പിന്‍വലിച്ചത്. എന്നാല്‍ പ്രധാന നേതാക്കളുടെ സുരക്ഷ ക്രമീകരണങ്ങളില്‍ മാറ്റമില്ല.
◼️പഞ്ചാബ് മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടിയുടെ ഭഗവന്ത് മന്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് അമൃത്സറില്‍ ആം ആദ്മി പാര്‍ട്ടി റോഡ് ഷോ നടത്തും.
◼️പഞ്ചാബില്‍ തകര്‍പ്പന്‍ വിജയം നേടിയ ആം ആദ്മി പാര്‍ട്ടി ഗുജറാത്തിനു പുറമേ, ഈ വര്‍ഷം അവസാനം നടക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ശക്തമായ പോരാട്ടം നയിക്കും. ഹിമാചലിലെ 68 നിയമസഭാ സീറ്റിലും മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചു.
◼️കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ നിന്ന് ഗാന്ധി കുടുംബം മാറിനില്‍ക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. പാര്‍ട്ടി അധ്യക്ഷസ്ഥാനം അടക്കമുള്ള എല്ലാം ഒഴിയുകയാണെന്ന് സോണിയാഗാന്ധി വര്‍ഷങ്ങള്‍ക്കു മുമ്പേ പാര്‍ട്ടിയെ അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
◼️ഒഡിഷയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ ബിജെഡി എംഎല്‍എയെ ജനം കൈകാര്യം ചെയ്തു. കാറിടിച്ച് പൊലീസുകാരടക്കം ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. പ്രശാന്ത കുമാര്‍ ജഗ്ദേവ് ആണ് തന്റെ ആഡംബര കാര്‍ ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റിയത്. രോഷാകുലരായ നാട്ടുകാര്‍ എംഎല്‍എയെ ആക്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തു. പരിക്കേറ്റ ഇയാളെ പൊലീസുകാരാണു രക്ഷപ്പെടുത്തിയത്.
◼️ബോളിവുഡ് നടി സോനം കപൂറിന്റെ ഭര്‍തൃപിതാവും എക്സ്പോര്‍ട്ട് ഫാക്ടറി ഉടമയുമായ ഫരീദ് അഹുജായുടെ കമ്പനിയില്‍നിന്ന് 27 കോടി രൂപ തട്ടിയെടുത്ത സൈബര്‍ തട്ടിപ്പു സംഘം പിടിയില്‍. ഫരീദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍നിന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഓണ്‍ലൈന്‍ തട്ടിപ്പു സംഘം ഇത്രയും പണം കൈക്കലാക്കിയത്. ഒമ്പതു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
◼️കുടിപ്പകയെത്തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. വില്ലിവാക്കം സ്വദേശിയായ ഗുണ്ടാ നേതാവ് ഡബിള്‍ രഞ്ജിത്തിനെയാണ് ന്യൂ ആവടി റോഡില്‍ വച്ച് പട്ടാപ്പകല്‍ വെട്ടിക്കൊന്നത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
◼️യുക്രെയിന്‍ നഗരമായ മരിയുപോളില്‍ മുസ്ലിം പള്ളിക്കു നേരെ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ 84 പേര്‍ കൊല്ലപ്പെട്ടു. തുറമുഖ നഗരമായ മരിയുപോളില്‍ റഷ്യന്‍ ആക്രമണത്തില്‍നിന്നു രക്ഷപ്പെടാന്‍ പള്ളിയില്‍ അഭയം തേടിയിരുന്നവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 34 കുട്ടികളും ഉള്‍പെടുന്നു.
◼️യുക്രെയിനിലെ റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ തങ്ങളുടെ 1300 സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയിന്‍ സര്‍ക്കാര്‍. പന്തീരായിരത്തിലേറെ റഷ്യന്‍ സൈനികരെ വകവരുത്തിയെന്ന് യുക്രെയിന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ റഷ്യ ഇതു സ്ഥിരീകരിച്ചിട്ടില്ല.
◼️ഇസ്രയേല്‍ മധ്യസ്ഥം വഹിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളോഡ്മിര്‍ സെലന്‍സ്‌കി. റഷ്യയുമായുള്ള സന്ധി സംഭാഷണം ജറുസലേമില്‍ നടത്താന്‍ തയാറാണെന്നു കീവില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ സെലന്‍സ്‌കി അറിയിച്ചു.
◼️ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റഷ്യ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ പങ്കാളികളായ രാജ്യങ്ങള്‍ക്ക് അയച്ച കത്തിലാണ് റഷ്യയുടെ ഭീഷണി.
◼️യുക്രെയിനില്‍നിന്ന് നാലു നേപ്പാളി പൗരന്മാരെ നാട്ടിലെത്തിച്ചതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബ. ട്വിറ്ററിലായിരുന്നു നേപ്പാള്‍ പ്രധാനമന്ത്രിയുടെ നന്ദിപ്രകടനം.
◼️തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട 81 പേരുടെ ശിക്ഷ സൗദി അറേബ്യ ഒന്നിച്ചു നടപ്പാക്കി. കഴിഞ്ഞ വര്‍ഷം സൗദിയില്‍ നടപ്പാക്കിയ വധശിക്ഷയേക്കാള്‍ കൂടുതല്‍ പേരുടെ ശിക്ഷയാണ് ഒറ്റദിവസം നടപ്പാക്കിയത്. ഭീകരസംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍-ഖ്വയ്ദ, യെമനിലെ ഹൂതി വിമത ഭീകരവാദികളും വധശിക്ഷക്കു വിധേയമാക്കപ്പെട്ടവരില്‍ ഉള്‍പെടുന്നു.
◼️വിമാനത്തില്‍ ബോബ് വെച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയ വിദേശിക്ക് അബുദാബി കോടതി അഞ്ചു ലക്ഷം ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. ഒരു കോടിയോളം രൂപ വരും ഈ പിഴത്തുക. ബ്രിട്ടീഷ് പൗരനായ ഇയാളെ പിഴ ഈടാക്കിയ ശേഷം നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്. ഇയാളുടെ ഭീഷണി കാരണം വിമാന സര്‍വീസ് റദ്ദാക്കിയിരുന്നു.
◼️ചിലിയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി ഗബ്രിയേല്‍ ബോറിക് അധികാരമേറ്റു. സോഷ്യല്‍ കണ്‍വര്‍ജന്‍സ് പാര്‍ട്ടി നേതാവിനു വയസ് 36. അഴിമതിക്കും അസമത്വത്തിനും എതിരെ രണ്ടു വര്‍ഷം മുമ്പു നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ മുന്‍നിര പോരാളിയായിരുന്നു ഗബ്രിയേല്‍ ബോറിക്.
◼️ഐഎസ്എല്ലിലെ രണ്ടാം സെമി ഫൈനലിലെ ആദ്യ പാദത്തില്‍ എടികെ മോഹന്‍ ബഗാനെ തകര്‍ത്ത് ഹൈദരാബാദ് എഫ്‌സി. ഒന്നിനെതിരേ മൂന്നു ഗോളിന്റെ തകര്‍പ്പന്‍ ജയം നേടിയ ഹൈദരാബാദ് ഫൈനല്‍ സാധ്യത സജീവമാക്കി. രണ്ടാം പാദത്തില്‍ രണ്ടു ഗോളിന്റെ കടവുമായി വേണം എടികെയ്ക്ക് കളത്തിലിറങ്ങാന്‍.
◼️ഇന്ത്യ-ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ വിക്കറ്റ് പെയ്ത്. ആദ്യ ദിനം ഇന്ത്യയുടെ പത്തും ശ്രീലങ്കയുടെ ആറും വിക്കറ്റുകള്‍ നിലംപൊത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 252 ന് പുറത്തായപ്പോള്‍ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിടുകയാണ്.
◼️സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ മികച്ച മാതൃകയുമായി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന. വനിതാ ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിനു ശേഷം തനിക്ക് ലഭിച്ച പ്ലെയര്‍ ഓഫ് ദി മാച്ച് ട്രോഫി ഹര്‍മന്‍പ്രീത് കൗറിനൊപ്പം പങ്കിട്ടാണ് താരം മാതൃക കാണിച്ചത്. വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ രണ്ടുപേരും നേടിയ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യക്ക് 155 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കാനായത്.
◼️ഐപിഎല്‍ 2022 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസി നയിക്കും. ഡുപ്ലെസിയെ പുതിയ ക്യാപ്റ്റനായി ആര്‍സിബി പ്രഖ്യാപിച്ചു. വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച ഒഴിവിലാണ് ഡുപ്ലെസിയെ ആര്‍സിബി മാനേജ്‌മെന്റ് ചുമതലയേല്‍പ്പിച്ചിരിക്കുന്നത്.
◼️ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ് ഉടമസ്ഥതയിലുള്ള ഭക്ഷ്യ എണ്ണ സ്ഥാപനമായ രുചി സോയ മൂലധന വിപണിയില്‍ എത്തുന്നു. മാര്‍ച്ച് 24ന് ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) വഴി 4,300 കോടി രൂപ വരെ സമാഹരിക്കാനാണ് പദ്ധതി. മാര്‍ച്ച് 24ന് ഇഷ്യൂ ആരംഭിച്ച് മാര്‍ച്ച് 28ന് അവസാനിക്കും. റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് ബോര്‍ഡ് അംഗീകരിച്ചതായി റെഗുലേറ്ററി ഫയലിംഗില്‍ രുചി സോയ അറിയിച്ചു. എഫ്പിഒ ആരംഭിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കമ്പനിക്ക് സെബിയുടെ അനുമതി ലഭിച്ചിരുന്നു. 2019 ല്‍ രുചി സോയയെ പതഞ്ജലി ഏറ്റെടുക്കുകയായിരുന്നു.
◼️ഡയമണ്ട് കമ്പനിയായ ഗ്രേറ്റ് ഹൈറ്റ്സിന്റെ 17.5 ശതമാനം ഓഹരികള്‍ സ്വന്തമാക്കി ടാറ്റയുടെ കീഴിലുള്ള ടൈറ്റന്‍ കമ്പനി. 20 മില്യണ്‍ യുഎസ് ഡോളറിന്റേതാണ് (ഏകദേശം 152 കോടി) ഇടപാട്. ടൈറ്റന്റെ ഉപസ്ഥാപനമായ ടിസിഎല്‍ നോര്‍ത്ത് അമേരിക്ക ആണ് ഗ്രേറ്റ് ഹൈറ്റ്സുമായി കരാറിലെത്തിയത്. ക്ലീന്‍ ഒര്‍ജിന്‍ എന്ന ബ്രാന്‍ഡില്‍ ലാബ്-ഗ്രോണ്‍ ഡൈമന്‍ഡുകള്‍ വില്‍പ്പനയ്ക്കെത്തിക്കുന്ന സ്ഥാപനമാണ് ഗ്രേറ്റ് ഹൈറ്റ്സ്. 2019ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഗ്രേറ്റ് ഹൈറ്റ്സിന് ഇ-കൊമേഴ്സ് വെബ്സൈറ്റും ഉണ്ട്. ഡൈമന്‍ഡുകളും ഡയമണ്ട് മോതിരങ്ങളുമാണ് ഇവര്‍ പ്രധാനമായും വില്‍ക്കുന്നത്. 2021ല്‍ 25 മില്യണ്‍ ഡോളറായിരുന്നു ഗ്രേറ്റ് ഹൈറ്റ്സിന്റെ വരുമാനം.
◼️അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റണ്‍വേ 34’. അമിതാഭ് ബച്ചന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജയ് ദേവ്ഗണ്‍ തന്നെയാണ് ചിത്രത്തിന്റ കേന്ദ്ര സ്ഥാനത്ത്. ‘റണ്‍വേ 34’ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അടുത്ത വര്‍ഷം ഏപ്രില്‍ 29ന് ‘റണ്‍വേ 34’ പ്രദര്‍ശനത്തിന് എത്തും. രാകുല്‍ പ്രീത് സിംഗാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തിയറ്ററുകളില്‍ തന്നെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. അജയ് ദേവ്ഗണ്‍ ഫിലിംസിന്റെ ബാനറില്‍ ആണ് നിര്‍മാണം. ചിത്രത്തില്‍ അങ്കിറ ധര്‍, ബോമന്‍ ഇറാനി, അജേയ് നഗര്‍, അകന്‍ക്ഷ സിംഗ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.
◼️അന്നു ആന്റണി നായികയാവുന്ന ഒരു പുതിയ ചിത്രം പ്രദര്‍ശനത്തിന് എത്തുകയാണ്. നവാഗതനായ ജോമി കുര്യാക്കോസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന മെയ്ഡ് ഇന്‍ കാരവാന്‍ എന്ന ചിത്രത്തിലാണ് അന്നു നായികയാവുന്നത്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. നീല നീല്‍മിഴിഎന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികള്‍ ബി കെ ഹരിനാരായണന്റേതാണ്. വിനു തോമസ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കര്‍ ആണ്.
◼️ജര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു ഇന്ത്യ എക്സ്4 ഫെയ്സ്ലിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ വില 70.50 ലക്ഷം രൂപയില്‍ (എക്സ്-ഷോറൂം) ആരംഭിക്കുന്നു. പുതുക്കിയ ലക്ഷ്വറി എസ്യുവിക്ക് പ്രത്യേക ബ്ലാക്ക് ഷാഡോ എഡിഷനും ലഭിക്കും. പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിനുകളാണ് വാഹനം എത്തുന്നത്. ചെന്നൈയിലെ ബ്രാന്‍ഡിന്റെ പ്ലാന്റില്‍ പ്രാദേശികമായി എക്സ്4 നിര്‍മ്മിക്കും.
◼️മലയാള സാഹിത്യത്തിലെ മൗലിക പ്രതിഭ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതരേഖയും രചനാലോകവും പരിചയപ്പെടുത്തുന്ന ക്വിസ് പുസ്തകം. വിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യകുതുകികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രചന. ‘ബഷീര്‍ ക്വിസ്’. കിളിരൂര്‍ രാധാകൃഷ്ണന്‍. ഒലീവ് പബ്ളിക്കേഷന്‍സ്. വില 135 രൂപ.
◼️ഗുരുതരമായ മാനസികരോഗങ്ങള്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പുതിയ പഠനം പറയുന്നു. ബൈപോളാര്‍ ഡിസോര്‍ഡര്‍, സ്‌കീസോഫ്രീനിയ അല്ലെങ്കില്‍ സ്‌കീസോഅഫെക്റ്റീവ് ഡിസോര്‍ഡര്‍ എന്നിവയുള്ളവരില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു. ‘ജേണല്‍ ഓഫ് ദി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍’ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഗുരുതരമായ മാനസികരോഗം കണ്ടെത്തിയ ആളുകളില്‍ പലരും ഹൃദ്രോഗം മൂലമാണ് മരിക്കുന്നതെന്ന് മുന്‍ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഗുരുതരമായ മാനസിക രോഗങ്ങളുള്ളവരും അല്ലാത്തവരുമായ ആളുകള്‍ക്ക് മൊത്തത്തിലുള്ള ഹൃദ്രോഗ സാധ്യത താരതമ്യം ചെയ്യുന്നതിനായി രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, രക്തത്തിലെ പഞ്ചസാര, ബോഡി മാസ് ഇന്‍ഡക്സ്, പുകവലി തുടങ്ങിയ ഹൃദയ സംബന്ധമായ അപകട ഘടകങ്ങളിലാണ് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ഗവേഷകന്‍ പറയുന്നു. ബൈപോളാര്‍ ഡിസോര്‍ഡര്‍, സ്‌കീസോഫ്രീനിയ അല്ലെങ്കില്‍ സ്‌കീസോആഫെക്റ്റീവ് ഡിസോര്‍ഡര്‍ എന്നിവ രോഗനിര്‍ണ്ണയിച്ച മുതിര്‍ന്നവരുടെ ഒരു വലിയ സാമ്പിളില്‍ 30 വര്‍ഷത്തെ ഹൃദയ സംബന്ധമായ അപകടസാധ്യത പരിശോധിക്കുന്ന ആദ്യ പഠനമാണിതെന്ന് ഗവേഷകര്‍ പറയുന്നു.
*ശുഭദിനം*
ഇറ്റലിയില്‍ ടസ്‌കനി എന്ന സ്ഥലത്ത് 1808 ലാണ് അന്തോണിയോ സാന്റി ജൂസെപ്പി മിയൂച്ചി ജനിച്ചത്. കെമിക്കല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം മിയൂച്ചി വിവിധ തിയേറ്ററുകളില്‍ സ്റ്റേജ് ഡിസൈനറായും ടെക്‌നീഷ്യനായുമൊക്കെ ജോലി ചെയ്തു. ഒരിക്കല്‍ സ്റ്റേജും കണ്‍ട്രോള്‍ റൂമും തമ്മില്‍ ആശയവിനിമയം നടത്താനായി അദ്ദേഹം ഒരു പൈപ്പ് ഫോണ്‍ നിര്‍മ്മിച്ചു. ഇതുകൂടാതെ ജലശുദ്ധീകരണയന്ത്രം, ഇലക്ട്രോപ്ലേറ്റിങ്ങ് യന്ത്രം, ഓട്ടോമാറ്റിക് കര്‍ട്ടന്‍ തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ പരീക്ഷണശാലകളില്‍ ഉരുത്തിരിഞ്ഞു. 1849-1870 കാലഘട്ടത്തില്‍ ടെലിഫോണിന്റെ മുപ്പതോളം പരിഷ്‌കരിച്ച മാതൃകകള്‍ മിയൂച്ചി തയ്യാറാക്കി 1871 ല്‍ അദ്ദേഹം ടെലിഫോണിന് ‘ടോക്കിങ്ങ് ടെലിഗ്രാം’ എന്ന പേര് നല്‍കി താല്‍ക്കാലിക പേറ്റന്റിന് അപേക്ഷിച്ചു. ഫുള്‍പേറ്റന്റിന് കൊടുക്കാനുള്ള 250 രൂപ അദ്ദേഹത്തിന്റെ കയ്യിലില്ലായിരുന്നു. ഇതിനിടെ ഒരു അപകടത്തില്‍ മിയൂച്ചിക്ക് വലിയ പരിക്കേറ്റു. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി അദ്ദേഹത്തിന്റെ ലബോറട്ടറിയില്‍ സൂക്ഷിച്ചിരുന്ന അമൂല്യമായ ഉപകരണങ്ങളെല്ലാം ഭാര്യ തുച്ഛമായ തുകയ്ക്ക് വിറ്റു. അതില്‍ അദ്ദേഹത്തിന്റെ ദീര്‍ഘനാളത്തെ പരിശ്രമഫലമായ ടെലിഫോണും ഉണ്ടായിരുന്നു 1876 ല്‍ അലക്‌സാണ്ടര്‍ ഗ്രഹാംബെല്ലിന് പേറ്റന്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം കോടതിയില്‍ പോയെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വിജയംകണ്ടെത്താനായില്ല. പക്ഷേ, വര്‍ഷങ്ങള്‍ക്ക് ശേഷം 2002 ല്‍, ടെലിഫോണിന്റെ കണ്ടുപിടുത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളാണ് മിയൂച്ചി എന്ന് അംഗീകരിക്കപ്പെട്ടു. അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ ഇത് പാസാക്കപ്പെട്ടു. സത്യം പലപ്പോഴും ഇങ്ങനെയാണ്, വര്‍ഷമെത്ര ചാരത്തില്‍ മൂടിക്കിടന്നാലും ഒരിക്കല്‍ അതിന്റെ ജ്വാല ലോകം കാണുക തന്നെ ചെയ്യും – *ശുഭദിനം.*
🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼