ഡോ. വന്ദനാദാസ് കൊലക്കേസ്: വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

ഡോക്ടര്‍ വന്ദനാദാസ് കൊലപാതക കേസില്‍ വിചാരണാ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം.കാലതാമസമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വിചാരണക്കോടതിക്കാണ് നിര്‍ദേശം നല്‍കിയത്. വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം, കേസിന്റെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് ഹൈക്കോടതി തേടിയിട്ടുണ്ട്. പ്രതി സന്ദീപിന്റെ ജാമ്യഹര്‍ജിയിലാണ് കോടതി നടപടി. ജാമ്യ ഹര്‍ജി 31ന് വീണ്ടും പരിഗണിക്കും.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ വന്ദന ദാസിനെ സന്ദീപ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 2023ലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 2023 മേയ് 10 രാവിലെ 4.40നാണ് പൂയപ്പള്ളി പൊലീസിന്റെ അകമ്പടിയില്‍ ചികിത്സയ്ക്കായി എത്തിച്ച കുടവട്ടൂര്‍ചെറുകരക്കോണം സ്വദേശി സന്ദീപ്, കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്തിരുന്ന ഡോ. വന്ദന ദാസിനെ കുത്തി പരുക്കേല്‍പ്പിക്കുന്നത്. കൃത്യം നടന്ന സ്ഥലത്തു നിന്ന് പ്രതി സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ പിന്നിട്ടതോടെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡോക്ടര്‍ വന്ദനയുടെ മരണം സ്ഥിരീകരിച്ചു.

മെയ് 11ന് ഡോക്ടറുടെ കൊലപാതകത്തില്‍ ഹൈക്കോടതി സ്വമേധയാ ഇടപെട്ടു. എഫ്ഐആറില്‍ അടക്കം ഗുരുതര പിഴവെന്ന 24 വാര്‍ത്തയ്ക്ക് പിന്നാലെ പ്രതിഷേധം ശക്തമായി. മെയ് 12ന് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചു. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ആക്രമിക്കുന്നത് ഉള്‍പ്പെടെയുള്ള കേസുകളില്‍ ശിക്ഷ കടുപ്പിക്കുന്ന ഓര്‍ഡിനന്‍സിനു മേയ് 17 മന്ത്രിസഭാ അംഗീകാരം നല്‍കിയിരുന്നു.