ഇരുരാജ്യങ്ങളും തമ്മിലുള്ള മഹത്തായ കരാറിൽ ഒപ്പുവെക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് തന്നെ ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചക്കോടിയ്ക്കിടെ പറഞ്ഞിരുന്നു. വ്യാപാര കരാറിൽ ധാരണയാകുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ സൂചന നൽകിയിട്ടുണ്ട്. എന്നാൽ ഇരു നേതാക്കളും തന്ത്രപരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ വിഷയങ്ങളിൽ ആഴത്തിൽ ചർച്ച നടത്തുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി അമേരിക്കയിൽ നിന്നും സോയാബീൻ വാങ്ങിയതായി റിപ്പോർട്ടുകളുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുള്ള കൂടിക്കാഴ്ചയെ ഉറ്റുനോക്കി ലോകം. കഴിഞ്ഞ മാസങ്ങളിലായി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ അയവുണ്ടാകുമോ എന്ന പ്രതീക്ഷ വിവിധ രാജ്യങ്ങൾ ഇതിനോടകം തന്നെ പ്രകടിപ്പിച്ചുകഴിഞ്ഞു. ഇന്ന് ദക്ഷിണ കൊറിയയിലെ ബുസാനിൽ കൂടിക്കാഴ്ച നടക്കുക.
ചൈന അമേരിക്കയിൽ നിന്നും സോയാബീൻ വാങ്ങാത്തതിൽ ട്രംപ് നേരത്തെ നീരസം അറിയിച്ചിരുന്നു. അപൂർവ ധാതുക്കളുടെ കൈമാറ്റത്തിൽ ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് നവംബർ ഒന്നു മുതൽ ചൈനയ്ക്ക് മേൽ നൂറു ശതമാനം അധിക തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ട്രംപിന്റെ ആദ്യ ഭരണകാലയളവിൽ ആറു വർഷങ്ങൾക്കു മുമ്പാണ് ട്രംപും ഷി ജിൻ പിങ്ങും അവസാനമായി കൂടിക്കാഴ്ച നടത്തിയിരുന്നത്.






