Headlines

ഇ ഡി നോട്ടീസ്; പാർട്ടിയെ വെട്ടിലാക്കി എം എ ബേബിയുടെ പ്രതികരണം

മുഖ്യമന്ത്രിയുടെ മകന്റെ പേരില്‍ ഇ ഡി നോട്ടീസ് അയച്ചെന്ന വാര്‍ത്തകളില്‍ സി പി ഐ എം ജന.സെക്രട്ടറി എം എ ബേബി നടത്തിയ പ്രതികരണം പാര്‍ട്ടിയെ വെട്ടിലാക്കുന്നതെന്ന് വിലയിരുത്തല്‍. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിനോട് ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇ ഡി നോട്ടീസ് അയച്ചെന്നായിരുന്നു വാര്‍ത്തകള്‍. രണ്ടുവര്‍ഷം മുന്‍പ് ക്ലിഫ് ഹൗസിന്റെ വിലാസത്തില്‍ അയച്ച നോട്ടീസില്‍ ഇ ഡിയുടെ ഭാഗത്തുനിന്നും തുടര്‍ നടപടിയുണ്ടായില്ലെന്നായിരുന്നു ആരോപണം.

ഇതിനിടയില്‍ ചെന്നൈയില്‍ പാര്‍ട്ടി പരിപാടികള്‍ക്കായി എത്തിയ സി പി ഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി ഇ ഡി നോട്ടീസില്‍ പ്രതികരണവുമായി രംഗത്തെത്തി. ഇ ഡി നോട്ടീസ് കെട്ടിച്ചമച്ചതാണെന്നും, അതില്‍ അവര്‍ക്കുതന്നെ പിന്നീട് കഴമ്പില്ലെന്ന് കണ്ട് പിന്‍വലിക്കേണ്ടിവന്നതാണെന്നായിരുന്നു ബേബിയുടെ പ്രതികരണം. നോട്ടീസ് അയച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് വിശദീകരിക്കാനായി തീരുമാനിച്ച പാര്‍ട്ടി നേതൃത്വം ബേബിയുടെ പ്രതികരണത്തില്‍ ഞെട്ടി. ഇ ഡി പിന്നീട് നോട്ടീസ് പിന്‍വലിക്കുകയായിരുന്നുവെന്ന അഭിപ്രായ പ്രടകനമാണ് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയത്. ഇ ഡി നോട്ടീസ് അയച്ചുവെന്ന വാര്‍ത്തയില്‍ മൗനംപൂണ്ട പാര്‍ട്ടി നേതൃത്വത്തെയും മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കുന്നതായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണം.

പാര്‍ട്ടി സംസ്ഥാന ഘടകത്തെ വെട്ടിലാക്കിയ ഈ പ്രതികരണത്തില്‍ നിന്നും പിന്നീട് ബേബി പിന്നാക്കം പോയി. ഇ ഡി നോട്ടീസ് അയച്ചോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ലെന്നായിരുന്നു പിന്നീട് എം എം ബേബിയുടെ പ്രതികരണം. സമന്‍സിനെക്കുറിച്ച് മുഖ്യമന്ത്രി പാര്‍ട്ടിയെ അറിയിക്കണമെന്നായിരുന്നു ബേബിയുടെ തുടര്‍ പ്രതികരണങ്ങള്‍. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, നേതാക്കളായ ഇ പി ജയരാജന്‍, എ കെ ബാലന്‍ എന്നിവരാണ് ഇത്തരം വിവാദങ്ങളില്‍ പ്രതികരണവുമായി രംഗത്തുവന്നത്. എന്നാല്‍ ഇ ഡി മുഖ്യമന്ത്രിയുടെ മകനെതിരെ ചോദ്യം ചെയ്യലിനായി ഇ ഡി നോട്ടീസ് അയച്ചെന്ന വാര്‍ത്തയില്‍ ഇവരാരും പ്രതികരിച്ചിരുന്നില്ല

ഇ ഡി നോട്ടീസ് അയച്ചെന്നും, ആ നോട്ടീസില്‍ തുടര്‍ നടപടിയില്ലെന്നും പറഞ്ഞത് കഴമ്പില്ല എന്നു തന്നെയാണ് ബേബിയുടെ പ്രതികരണം. പാര്‍ട്ടി ജന.സെക്രട്ടറി എന്ന നിലയില്‍ എംഎ ബേബി നടത്തിയ ഈ പ്രതികരണം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചു. ബേബി തന്റെ നിലപാട് തിരുത്തിയെങ്കിലും പാര്‍ട്ടി നേതൃത്വത്തിന് വലിയ ആഘാതമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. കള്ളപ്പണ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിനെതിരെ ഇ ഡി നോട്ടീസ് അയച്ചുവെന്ന് സി പി ഐ എം നേതൃത്വം അംഗീകരിച്ചിരിക്കുകയാണെന്നാണ് എം എ ബേബിയുടെ പ്രതികരണം വ്യക്തമാക്കുന്നത്. ഇത് രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രചരണായുധമാക്കുമെന്നാണ് ഭയപ്പെടുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിലും അടുത്തുതന്നെ നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിലും ഇത് തിരിച്ചടിക്ക് വഴിവെക്കുമോ എന്നാണ് നേതൃത്വത്തിന്റെ ആശങ്ക. മുഖ്യമന്ത്രിയുടെ 25 ദിവസം നീണ്ടു നില്‍ക്കുന്ന വിദേശ പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നുവെങ്കിലും പിന്നീട് കേന്ദ്രം അനുമതി നല്‍കുകയായിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് വിവേക് കിരണിന് ഇ ഡി നോട്ടീസ് അയച്ചതെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകള്‍. എന്നാല്‍ ലാവ്‌ലിന്‍ കേസുമായുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി നോട്ടീസ് അയച്ചതെന്നാണ് ലഭ്യമാവുന്ന വിവരം.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ താമസക്കാരനല്ലാത്ത വിവേക് കിരണിന്റെ പേരില്‍ ഇ ഡി അയച്ച നോട്ടീസ് ആരും കൈപ്പറ്റിയിരുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. വിദേശത്ത് ജോലി ചെയ്യുന്ന വിവക് കിരണിനെ പിന്നീട് ഇ ഡി ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയിരുന്നില്ല. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകനെതിരെ ഇ ഡി നോട്ടീസ് എന്ന വാര്‍ത്ത അവഗണിക്കാനാണ് സി പി ഐ എം സംസ്ഥന നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രീയ എതിരാളികളെയും അവരുടെ കുടുംബാംഗങ്ങളേയും കരിവാരിത്തേക്കാനുള്ള എതിരാളികളുടെ ശ്രമമായാണ് സി പി ഐ എം ഇതിനെ വിലയിരുത്തന്നത്. പാര്‍ട്ടി സംസ്ഥാന ഘടകം അവഗണിച്ച ഒരു വിഷയത്തില്‍ ജന.സെക്രട്ടറി നടത്തിയ പ്രതികരണം പാര്‍ട്ടിയെ വെട്ടിലാക്കുന്നതായി.

മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ ഇ ഡിയും പിന്നീട് എസ് എഫ് ഐ ഒയും അന്വേഷണം പ്രഖ്യപിച്ചപ്പോള്‍ പാര്‍ട്ടി നേതൃത്വം അതിശക്തിമായി പ്രതിരോധിച്ചിരുന്നു. ഇത് പിന്നീട് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. ഇതോടെയാണ് പാര്‍ട്ടി നേതൃത്വം മൗനം പാലിക്കുന്നത്.