പ്രഭാത വാർത്തകൾ

 

🔳എല്‍.പി.ജി. വിലവര്‍ധനയില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാരിന്റെ വികസന വാചകമടിയില്‍ നിന്ന് അകലെയുള്ള ലക്ഷക്കണക്കിന് കുടുംബങ്ങള്‍ വിറകടുപ്പ് ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ വികസനവണ്ടി റിവേഴ്‌സ് ഗിയറില്‍ ആണെന്നും അതിന്റെ ബ്രേക്ക് തകരാറിലാണെന്നും രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു.

🔳മുന്‍ മന്ത്രിയും സിപിഎമ്മിന്റെ സംസ്ഥാനത്തെ നേതാക്കളില്‍ പ്രമുഖനുമായ ജി സുധാകരനെ പരസ്യമായി ശാസിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനം. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ നടന്ന യോഗത്തിലാണ് തീരുമാനം. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജി.സുധാകരനെതിരെ ഉയര്‍ന്ന പരാതികളില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നലത്തെ യോഗത്തിന്റെ പരിഗണനയ്ക്ക് വന്നിരുന്നു. ജി.സുധാകരന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന കണ്ടെത്തല്‍ ഈ റിപ്പോര്‍ട്ടിലുണ്ട്.

🔳സിപിഎം പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ച സംസ്ഥാന സമിതി യോഗത്തില്‍ തനിക്കെതിരായ കുറ്റങ്ങള്‍ നിഷേധിച്ച് മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍ ശരിവെച്ചാണ് സിപിഎം സംസ്ഥാന കമ്മിറ്റി ജി സുധാകരനെ പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി യോഗം കഴിഞ്ഞ് എകെജി സെന്ററില്‍ നിന്ന് പുറത്തിറങ്ങിയ മുന്‍ മന്ത്രി, മാധ്യമങ്ങളുടെ മൈക്കുകള്‍ തട്ടിമാറ്റി. ഇവിടെ നിന്നും പോയ അദ്ദേഹം പിന്നീട് മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ടു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം റസ്റ്റ് ഹൗസിലേക്ക് പോയ ജി സുധാകരന്‍ തനിക്കൊന്നും പറയാനില്ലെന്നും ചോദിക്കാനുള്ളത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയോട് ചോദിക്കാനും ആവശ്യപ്പെട്ടു.

🔳മുല്ലപ്പെരിയാറില്‍ ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ വെട്ടിനീക്കാന്‍ കേരളം തമിഴ്‌നാടിന് അനുമതി നല്‍കി. തമിഴ്‌നാടിന്റെ ഈ ആവശ്യം അംഗീകരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കത്തയച്ചു. ബേബി ഡാമിന് താഴെയുള്ള 15 മരങ്ങളും വെട്ടാനാണ് കേരളം തമിഴ്‌നാടിന് അനുമതി നല്‍കിയത്. കേരളവും തമിഴ്‌നാടും തമ്മിലുള്ള ബന്ധം ശക്തമാകാന്‍ തീരുമാനം സഹായിക്കുമെന്ന് സ്റ്റാലിന്‍ കത്തില്‍ പറഞ്ഞു. ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്താനുള്ള തടസ്സം ഇതോടെ നീങ്ങിയെന്നും സ്റ്റാലിന്‍ പറഞ്ഞു.

🔳മുല്ലപ്പെരിയാറിലെ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കുന്നതിന് കേരളം അനുമതി നല്‍കിയത് വിവാദത്തില്‍. വനംവകുപ്പ് മന്ത്രി അറിയാതെയാണ് മരം മുറിക്കുന്നതിന് അനുമതി നല്‍കിയതെന്നാണ് വിവരം. വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് & ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കേരളത്തിന് നന്ദിയറിയിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയതോടെയാണ് മരംമുറിക്ക് കേരളം അനുമതി നല്‍കിയെന്ന വിവരം പുറത്ത് വന്നത്. ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബെന്നിച്ചന്‍ തോമസാണ് അനുമതി നല്‍കിയതെന്നാണ് ഉത്തരവിലുള്ളത്. എന്നാല്‍ ഈ ഉത്തരവിനെ കുറിച്ച് വനംവകുപ്പ് മന്ത്രി പോലും അറിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മരം മുറി വാര്‍ത്തയായതോടെ മന്ത്രി വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

🔳മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും വെള്ളം ഒഴുക്കിവിടാന്‍ അനുവദിച്ച തമിഴ്നാട് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷമായ അണ്ണാ ഡിഎംകെ. സുപ്രീംകോടതി വിധിയനുസരിച്ച് മുല്ലപ്പെരിയാറിലെ പരമാവധി ജലനിരപ്പ് 142 അടിയാണ് എന്നിരിക്കേ അതിനും മുന്‍പേ വെള്ളം ഒഴുക്കി വിടുന്നതിനെതിരെ അണ്ണാ ഡിഎംകെ നേതാവും മുന്‍ തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഒ.പനീര്‍ സെല്‍വം രംഗത്ത് എത്തി. കേരളത്തിന്റെ മുന്നില്‍ തമിഴ്നാടിന്റെ അധികാരങ്ങള്‍ അടിയറവ് വയ്ക്കുകയാണ് ഡിഎംകെ സര്‍ക്കാരെന്ന് പനീര്‍സെല്‍വം പറഞ്ഞു. 142 അടി എത്തുന്നതിന് മുമ്പ് വെള്ളം ഒഴുക്കിവിട്ടത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. തമിഴ്നാട്ടിലെ കര്‍ഷകരെ സ്റ്റാലിന്‍ മറക്കുകയാണെന്നും കേരളവുമായി ഡിഎംകെ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും പനീര്‍സെല്‍വം ആരോപിച്ചു.

🔳സുപ്രീംകോടതിയുടെയും മേല്‍നോട്ട സമിതിയുടെയും അഭിപ്രായം നിരാകരിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്ന തമിഴ്‌നാട് മന്ത്രിതല സംഘത്തിന്റെ അഭിപ്രായത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. തമിഴ്‌നാടിന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനോട് അനുഭാവപൂര്‍വമായ നിലപാടാണെന്ന് കേരളമുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവിച്ചതിന്റെ അടിസ്ഥാനമെന്താണെന്ന് വെളിപ്പെടുത്തണം. ജനങ്ങള്‍ ഭയപ്പാടില്‍ കഴിയുമ്പോള്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന തമിഴ്‌നാട് മന്ത്രിതല സംഘത്തിന്റെ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണ്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അയഞ്ഞ നിലപാടാണ് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചതെന്നും പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി.

🔳കേന്ദ്രം ഇന്ധന നികുതി കുറച്ചപ്പോള്‍ കേരളത്തില്‍ ആനുപാതികമായി കുറയാന്‍ കാരണം സംസ്ഥാന സര്‍ക്കാരും നികുതി കുറച്ചതാണെന്ന ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ മണ്ടത്തരം സ്വന്തം അണികളായ സിപിഎം പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേന്ദ്രസര്‍ക്കാര്‍ കുറച്ച നികുതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ നോക്കാതെ പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസകരമായ നടപടി കൈക്കൊള്ളുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും എന്നാല്‍ തന്റെ മുന്‍ഗാമിയായ തോമസ് ഐസക്കിനെ പോലെ താത്ത്വികമായ വിവരക്കേട് പറഞ്ഞ് ജനങ്ങളെ പറ്റിക്കാനാണ് ഇപ്പോഴത്തെ ധനമന്ത്രിയും ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

🔳ഗവേഷക വിദ്യാര്‍ത്ഥി ജാതി വിവേചന പരാതി ഉന്നയിച്ച എം ജി സര്‍വകലാശാലയിലെ അധ്യപകനെ മാറ്റി. നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി വകുപ്പ് മേധാവി നന്ദകുമാര്‍ കളരിക്കലിനെയാണ് മാറ്റിയത്. ഇന്നലെ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. നാനോ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ചുമതല വിസി ഏറ്റെടുത്തു. വിദേശത്തായതിനാലാണ് നന്ദകുമാറിനെ മാറ്റിയതെന്നാണ് സര്‍വ്വകലാശാലയുടെ വിശദീകരണം. കോട്ടയം ഗസ്റ്റ് ഹൗസില്‍ വച്ച് എംജി സര്‍വകലാശാല വിസി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഗവേഷകയുടെ വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികളും ഗവര്‍ണറെ അറിയിച്ചു.

🔳നന്ദകുമാര്‍ കളരിക്കലിനെതിരെയുള്ള സര്‍വകലാശാലയുടെ നടപടി കണ്ണില്‍ പൊടിയിടാനുള്ളത് മാത്രമാണെന്നും സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്നും ഗവേഷക വിദ്യാര്‍ഥിനി ദീപ പി മോഹന്‍. നന്ദകുമാറിനെ വകുപ്പില്‍ നിന്നും പിരിച്ചു വിടണമെന്നും സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസിനെ സ്ഥാനത്ത് നിന്നും മാറ്റണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.

🔳എംജി സര്‍വ്വകലാശാലയില്‍ വെച്ച് ജാതി വിവേചനം നേരിടേണ്ടി വന്നെന്ന ദളിത് ഗവേഷക ദീപ പി മോഹന്റെ ആരോപണങ്ങളില്‍ ഇടപ്പെട്ട് സംസ്ഥാന യുവജന കമ്മീഷന്‍. സര്‍വകലാശാല ഉള്‍പ്പെടെയുള്ള അധികാരികളില്‍ നിന്ന് കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും നാനോ സയന്‍സ് ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കലിന്റെ നേതൃത്വത്തില്‍ സര്‍വകലാശാല അധികൃതര്‍ ദ്രോഹിച്ചുവെന്നും ജാതിയുടെ പേരില്‍ വിവേചനമുണ്ടായെന്നുമായിരുന്നു ദളിത് വിദ്യാര്‍ത്ഥി ദീപയുടെ പരാതി.

🔳പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അതിനായി സീറ്റ് അധികം ആവശ്യമുള്ള സ്‌കൂളുകളില്‍ ഈ മാസം 23-ഓടെ പുതിയ ബാച്ച് അനുവദിക്കും. ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

🔳കേരളത്തിലെത്തുന്ന കേന്ദ്രനേതാക്കളെയും മന്ത്രിമാരെയും സ്വീകരിക്കാന്‍ ബി.ജെ.പി. പ്രത്യേക ചുമതലക്കാരെ നിശ്ചയിച്ചു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലുമായി പ്രോട്ടോകോള്‍ ഇന്‍ചാര്‍ജ് എന്നപേരില്‍ ഒന്‍പത് നേതാക്കളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പൊതു പരിപാടികളിലും മറ്റും ഇവര്‍ കേന്ദ്രനേതാക്കളെ അനുഗമിക്കണമെന്നാണ് നിര്‍ദേശം. കേന്ദ്ര നേതാക്കളുടെ മടക്കയാത്ര സമയത്തും പ്രോട്ടോകോള്‍ ഇന്‍ചാര്‍ജ്മാര്‍ വിമാനത്താവളങ്ങളില്‍ എത്തണം. കേന്ദ്ര നേതാക്കളും മന്ത്രിമാരും എത്തുമ്പോള്‍ സ്വീകരിക്കാന്‍ പ്രാദേശികനേതാക്കള്‍ തിരക്കുകൂട്ടുന്നതും ചിലര്‍ പാര്‍ട്ടി അറിയാതെ ശുപാര്‍ശകള്‍ നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.

🔳ടെലിവിഷന്‍ ചാനലുകളില്‍ ചര്‍ച്ചകള്‍ക്ക് പോകുന്നതിനും ബി.ജെ.പി. പുതിയ സംവിധാനം ഏര്‍പ്പെടുത്തും. ഓരോ ചാനലിലും ഏത് നേതാവ് ചര്‍ച്ചയ്ക്ക് പോകണമെന്ന് പാര്‍ട്ടി നിശ്ചയിക്കും. ചാനല്‍ ചര്‍ച്ചയ്ക്കുള്ള നേതാക്കളുടെ പാനല്‍ തയ്യാറാക്കിയിട്ടുണ്ട്. വിഷയത്തിന് അനുസരിച്ച് ഓരോ ചാനലിലും ആരുപോകണമെന്ന് സംസ്ഥാന കമ്മിറ്റി ഓഫീസില്‍നിന്ന് തീരുമാനിക്കുമെന്ന് നേതൃയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു.

🔳മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് കടുപ്പിച്ച് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്ന ദിവസം തിയറ്ററുകളില്‍ കരങ്കൊടി കെട്ടുമെന്ന് ഫിയോക് അറിയിച്ചു. ഇന്നലെ നടന്ന യോഗത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ രാജി ഫിയോക് ജനറല്‍ ബോഡി ചര്‍ച്ച ചെയ്യും.

🔳അഞ്ചല്ല അന്‍പത് സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് പോയാലും സിനിമാ തീയറ്ററുകള്‍ നിലനില്‍ക്കുമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് കെ വിജയകുമാര്‍. സിനിമയോ സിനിമാ തിയറ്ററുകളോ ഒരുകാലത്തും ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല നില്‍ക്കുന്നതെന്നും വിജയകുമാര്‍ പറഞ്ഞു. മരക്കാര്‍ ഉള്‍പ്പെടെ മോഹന്‍ലാല്‍ നായകനാവുന്ന ആശിര്‍വാദിന്റെ അഞ്ച് സിനിമകള്‍ ഒടിടി റിലീസുകള്‍ ആയിരിക്കുമെന്ന ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനത്തെ സൂചിപ്പിച്ചായിരുന്നു വിജയകുമാറിന്റെ അഭിപ്രായ പ്രകടനം.

🔳മുംബൈയില്‍ 15 നില കെട്ടിടത്തില്‍ തീപിടുത്തം. രണ്ട് പേര്‍ മരിച്ചു. കാന്തിവാലിയിലെ ഹന്‍സ ഹെരിറ്റേജ് എന്ന ബഹുനില കെട്ടിടത്തിലാണ് തീപടര്‍ന്നത്. ഇന്നലെ രാത്രിയോടെ കെട്ടിടത്തിന്റെ 14-ാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് മറ്റിടങ്ങളിലേക്കും തീ പടര്‍ന്നു. അപകടത്തില്‍ പൊള്ളലേറ്റ രണ്ടുപേരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

🔳സമീര്‍ വാങ്കഡെയെ മാറ്റി ആര്യന്‍ഖാന്‍ കേസ് ഏറ്റെടുത്ത എന്‍സിബിയുടെ പുതിയ അന്വേഷണ സംഘം മുംബൈയില്‍ എത്തി. എന്നാല്‍ സമീറിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സഞ്ജയ് കുമാര്‍ സിംഗ് ഐപിഎസ് പറഞ്ഞു. അതേസമയം കിരണ്‍ ഗോസാവിയെ ഉപയോഗിച്ച് ഷാരൂഖില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചത് എന്‍സിപി നേതാക്കളാണെന്ന് ആരോപിച്ച് ഒരു ബിജെപി നേതാവ് ഇന്നലെ വാര്‍ത്താസമ്മേളനം നടത്തി.

🔳പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തണമെങ്കില്‍ അഡ്വക്കറ്റ് ജനറലിനെ മാറ്റണമെന്ന് നിബന്ധനവെച്ച പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ധുവിനെതിരേ അഡ്വക്കറ്റ് ജനറല്‍ എ.പി.എസ് ഡിയോള്‍ രംഗത്ത്. സിദ്ധുവിന്റെ ആരോപണങ്ങള്‍ ലഹരി, മതനിന്ദ കേസുകളിലെ കുറ്റക്കാരെ ശിക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ ഇല്ലാതാക്കുകയാണെന്ന് ഡിയോള്‍ ആരോപിച്ചു.

🔳ഹരിയാനയില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷനെ കര്‍ഷകര്‍ തടഞ്ഞുവെച്ച സംഭവത്തില്‍ കൊലവിളി പ്രസംഗവുമായി ബിജെപി എംപി ഡോ. അരവിന്ദ് ശര്‍മ്മ. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ മനീഷ് ഗ്രോവറിനെ തടഞ്ഞുവെക്കുന്നവരെ കായികമായി നേരിടുമെന്നാണ് ബിജെപി എംപിയുടെ ഭീഷണി. മനീഷ് ഗ്രോവറിനെ ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ അവരുടെ കൈകള്‍ വെട്ടിമാറ്റുമെന്നും കണ്ണുകള്‍ ചുഴ്ന്ന് എടുക്കുമെന്നുമാണ് ഭീഷണി. കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം കേള്‍ക്കാനാണ് താനിക്കാര്യം പറയുന്നതെന്നുമായിരുന്നു ഒരു പൊതു പരിപാടിയില്‍ എംപിയുടെ പ്രസംഗം. പ്രസംഗം വിവാദമായതോടെ പ്രതിഷേധവുമായി കര്‍ഷക നേതാക്കളടക്കം രംഗത്തെത്തി.

🔳അമേരിക്കയിലെ ടെക്സസില്‍ സംഗീതനിശ കാണുവാന്‍ എത്തിയ ജനക്കൂട്ടത്തില്‍ തിരക്കില്‍പ്പെട്ട് എട്ടു മരണം. വെള്ളിയാഴ്ച അമേരിക്കയിലെ തെക്കന്‍ സംസ്ഥാനമായ ടെക്സസിലാണ് സംഭവം. സംഗീതമേളയായ ആസ്ട്രോ വേള്‍ഡിന്റെ തുടക്ക ദിവസത്തിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. പരിപാടിക്ക് എത്തിയ ജനക്കൂട്ടം, പരിപാടി നടക്കുന്ന വേദിക്ക് അരികിലെത്താന്‍ തിക്കും തിരക്കും കൂട്ടിയതാണ് ദുരന്തത്തില്‍ കലാശിച്ചത് എന്നാണ് അധികൃതര്‍ പറയുന്നത്.

🔳ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ജയം. എട്ട് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ഓസീസ് നേടിയത്. അബുദാബിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 16.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 89 റണ്‍സുമായി പുറത്താവാതെ നിന്ന ഡേവിഡ് വാര്‍ണറാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്.

🔳ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നില്‍ നിന്നുള്ള സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ 10 റണ്‍സിന്റെ ആവേശജയം കുറിച്ചിട്ടും ദക്ഷിണാഫ്രിക്ക സെമിയിലെത്താതെ പുറത്ത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് അവസാന ഓവര്‍ വരെ വിജയപ്രതീക്ഷ നിലനിര്‍ത്തിയിട്ടും അവസാന ഓവറില്‍ കാഗിസോ റബാദയുടെ ഹാട്രിക്കിന് മുന്നില്‍ തകര്‍ന്ന് 10 റണ്‍സിന് തോറ്റു. ജയിക്കാന്‍ 14 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിലും വിക്കറ്റെടുത്ത് ഹാട്രിക്ക് തികച്ച റബാദ ഇംഗ്ലണ്ടിന്റെ വിജയം തടഞ്ഞെങ്കിലും ടീമിനെ സെമിയിലത്തിക്കാന്‍ ആ പ്രകടനം മതിയാവാതെ വന്നു. ഇംഗ്ലണ്ടിനെ 131 റണ്‍സിന് പുറത്താക്കിയാല്‍ മാത്രമെ ദക്ഷിണാഫ്രിക്കക്ക് ഓസ്ട്രേലിയയെ നെറ്റ് റണ്‍റേറ്റില്‍ മറികടന്ന് സെമിയിലെത്താന്‍ അവസരമുണ്ടായിരുന്നുള്ളു. ദക്ഷിണാഫ്രിക്ക 10 റണ്‍സിന്റെ നേരിയ ജയം നേടിയതോടെ ഗ്രൂപ്പ് ഒന്നില്‍ നിന്ന് ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായി ഓസ്ട്രേലിയയും സെമിയിലെത്തി.

🔳കേരളത്തില്‍ ഇന്നലെ 66,486 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 50 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 231 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 186 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 33,515 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6041 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 448 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6934 പേര്‍ രോഗമുക്തി നേടി. ഇതോടെ 72,876 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 95.1 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 53.7 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394, പാലക്കാട് 343, പത്തനംതിട്ട 267, വയനാട് 220, മലപ്പുറം 215, ഇടുക്കി 181, ആലപ്പുഴ 142, കാസര്‍ഗോഡ് 99.

🔳ആഗോളതലത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 25 കോടി കവിഞ്ഞു. ഇന്നലെ 4,02,235 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 30,456 പേര്‍ക്കും ഇംഗ്ലണ്ടില്‍ 30,693 പേര്‍ക്കും റഷ്യയില്‍ 41,335 പേര്‍ക്കും തുര്‍ക്കിയില്‍ 27,474 പേര്‍ക്കും ജര്‍മനിയില്‍ 26,389 പേര്‍ക്കും ഉക്രെയിനില്‍ 25,063 പേര്‍ക്കും ഇന്ത്യയില്‍ 10,879 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 25.02 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.86 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 5,986 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 343 പേരും റഷ്യയില്‍ 1,188 പേരും ഉക്രെയിനില്‍ 793 പേരും റൊമാനിയായില്‍ 390 പേരും ഇന്ത്യയില്‍ 519 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50.59 ലക്ഷമായി.

🔳തിരുവനന്തപുരം ടെക്നോപാര്‍ക്കിനെ പിന്തുടര്‍ന്ന് ഇന്‍ഫോപാര്‍ക്കും ‘ഒരു കോടി’ ക്ലബ്ബിലേക്ക്. ഏതാനും ഐടി മന്ദിരങ്ങളുടെ നിര്‍മാണം കൂടി പൂര്‍ത്തിയാകുന്നതോടെ അടുത്ത വര്‍ഷം ഇന്‍ഫോപാര്‍ക്ക് ഒരു കോടി ചതുരശ്ര അടി ഐടി തൊഴിലിടം സൃഷ്ടിക്കുകയെന്ന വന്‍ നേട്ടത്തിലെത്തും. ഇപ്പോള്‍, 92 ലക്ഷം ചതുരശ്ര അടി ഐടി സ്പേസാണുള്ളത്. ഇതിലേറെ ഐടി തൊഴിലിടം കേരളത്തിലുള്ളതു ടെക്നോപാര്‍ക്കില്‍ മാത്രം. 1990 ല്‍ സ്ഥാപിതമായ ടെക്നോപാര്‍ക്കില്‍ ഒരു കോടിയിലേറെ ചതുരശ്ര അടി ഐടി സ്പേസുണ്ട്. ഇന്‍ഫോപാര്‍ക്ക് സ്ഥാപിച്ചതു 2004 ല്‍.

🔳ഒക്ടോബര്‍ 29ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം 191.9 കോടി ഡോളര്‍ വര്‍ധിച്ച് 64,201.9 കോടി ഡോളര്‍ ആയെന്ന് റിസര്‍വ് ബാങ്ക്. തൊട്ടു മുന്‍പത്തെ ആഴ്ച 90.8 കോടി ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. വിദേശനാണ്യ ആസ്തികളില്‍ (എഫ്സിഎ) ഉണ്ടായ വര്‍ധനയാണ് ഇതിനു കാരണം. 136.3 കോടി ഡോളറാണ് എഫ്സിഎയിലെ വര്‍ധന. കഴിഞ്ഞ ആഴ്ച സ്വര്‍ണ ശേഖരത്തിന്റെ മൂല്യം 57.2 കോടി ഡോളര്‍ ഉയര്‍ന്ന് 3901.2 കോടി ഡോളര്‍ ആയി.

🔳കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘ഉടുമ്പ്’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഫെയ്‌സ്ബുക് പേജിലൂടെ പുറത്തിറക്കി. സെന്തില്‍ കൃഷ്ണ, ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ ആഞ്ജലീന ലിവിങ്സ്റ്റനും യാമി സോനയുമാണ് നായികമാര്‍. ത്രില്ലര്‍ പശ്ചാത്തിലൊരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേര്‍ന്നാണ്. മന്‍രാജ്, ബൈജു, മുഹമ്മദ് ഫൈസല്‍, ജിബിന്‍ സാബ്, പോള്‍ താടിക്കാരന്‍, ശ്രേയ അയ്യര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

🔳മലയാളസിനിമയുടെ ആത്മാവിലേക്കൊരു തീര്‍ത്ഥയാത്രയായി ഷാജി പട്ടിക്കര ഒരുക്കുന്ന ഡോക്യുമെന്ററി ‘ഇരുള്‍ വീണ വെള്ളിത്തിര’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തി. മലയാളികളുടെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പത്മശ്രീ ജയറാമിന് നല്‍കി പോസ്റ്റര്‍ റിലീസ് ചെയ്തു. ഷാജി പട്ടിക്കരയുടെ പ്രഥമ സംവിധാന സംരഭമാണ് ഇരുള്‍ വീണ വെള്ളിത്തിര. മലയാള സിനിമയുടെ പ്രതാപകാലം മുതല്‍ കൊറോണ തകര്‍ത്ത സിനിമയുടെ പ്രതിസന്ധി വരെയുള്ള അന്വേഷണവും സഞ്ചാരവുമാണ് ഇരുള്‍ വീണ വെള്ളിത്തിരയുടെ ഇതിവൃത്തം.

🔳ഇ6 എന്ന പേരില്‍ ബിവൈഡി ഇന്ത്യ ഇലക്ട്രിക് എംപിവി വിപണിയിലിറക്കി. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 520 കിലോമീറ്റര്‍ വരെ സഞ്ചരിക്കും. 71.7 കിലോവാട്ട്അവ്ര് ബാറ്ററി 35 മിനിറ്റ് കൊണ്ട് 30 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. ഷോറൂം വില ചാര്‍ജറടക്കം 29.60 ലക്ഷം രൂപയും, ചാര്‍ജറില്ലാതെ 29.15 ലക്ഷം രൂപയും. ബാറ്ററിക്ക് 8 വര്‍ഷം, അല്ലെങ്കില്‍ 500,000 കിലോമീറ്റര്‍ വാറന്റിയുണ്ട്.

🔳’വിഭജനത്തിന്റെ രാഷ്ട്രീയത്തെ, മാല്‍സര്യത്തിന്റെ കുടിലതകളെ മുത്തുവും ചെമ്പകവും അതിജീവിക്കുന്നു. മരിച്ച തൊഴിലാളികളുടെ മക്കളെക്കൂട്ടി അവര്‍ കൃഷിക്കിറങ്ങുന്നു.സ്നേഹത്തിന്റെയും കൂട്ടായ്മയുടേയും മാനവികതയുടെയും പാഠങ്ങള്‍ വിളയിക്കുന്നു. പുതുതലമുറയില്‍ പ്രതീക്ഷയുടെ പച്ചപ്പു കണ്ടുകൊണ്ടാണ് നാടകം അവസാനിക്കുന്നത്. ‘ആയുധപ്പുര’. ബൈജു സി പി. ഗ്രീന്‍ ബുക്സ്. വില 95 രൂപ.

🔳ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്നത് അത്ര നല്ല ശീലമല്ലെന്നാണ് പുതിയ പഠനം പറയുന്നത്. അത് ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളിലേക്ക് നയിച്ചേക്കാമെന്നാണ് പഠനത്തില്‍ പറയുന്നത്. നോര്‍ത്ത് അമേരിക്കന്‍ മെനോപോസ് സൊസൈറ്റി നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 65 വയസ്സിന് മുകളിലുള്ള 600 സ്ത്രീകളില്‍ പഠനം നടത്തി. ഒറ്റയ്ക്കിരുന്ന് ആഹാരം കഴിക്കുന്നത് അവരുടെ ആരോഗ്യത്തെ ഇത് എപ്രകാരം സ്വാധീനിക്കുന്നുണ്ടെന്നും പഠനത്തില്‍ പരിശോധിച്ചു. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മോശം മാനസികാരോഗ്യം, വിഷാദം എന്നിവയ്ക്കുള്ള ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ പറയുന്നു. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്ന പ്രായമായ സ്ത്രീകള്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഈ പഠനത്തില്‍ കണ്ടെത്താനായെന്ന് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. ഏകാന്തത ടൈപ്പ് 2 പ്രമേഹത്തിന്റെ ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്ന ആളുകള്‍ക്ക് പൊതുവെ മോശം മാനസികാരോഗ്യം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് 2019 ല്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ഗുരുവിന്റെ അടുത്തെത്തി വിദ്യയഭ്യസിക്കാനുള്ള ആഗ്രഹം അവന്‍ അറിയിച്ചു. ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തിമാത്രമേ അദ്ദേഹം ശിഷ്യന്മാരെ സ്വീകരിക്കാറുള്ളൂ. അവന്റെ കൈപിടിച്ചു നോക്കിയ ഗുരു പറഞ്ഞു: നിന്റെ കൈയ്യില്‍ വിദ്യാരേഖ കാണാനില്ല. അതിനാല്‍ നിന്നെ ശിഷ്യനായി സ്വീകരിക്കാന്‍ കഴിയില്ല. അവന് ആകെ സങ്കടമായി. വീട്ടിലെത്തിയ അവന്‍ തന്റെ കയ്യില്‍ തലങ്ങും വിലങ്ങും ആണികൊണ്ട് മുറിവുകളുണ്ടാക്കി. കയ്യിലെ മുറിപ്പാടുകളുമായി അവന്‍ വീണ്ടും ഗുരുവിന് മുന്നിലേക്കെത്തി. കൈ നോക്കിയ ഗുരു പറഞ്ഞു: ഇപ്പോള്‍ നിന്റെ കയ്യില്‍ വിദ്യാരേഖയുണ്ട്. ഇനി നിനക്ക് ഇവിടെ വന്ന് പഠിക്കാം. കുറച്ച് നാളുകള്‍ക്ക് ശേഷം അവന്‍ ഗുരുവിന്റെ പ്രിയപ്പെട്ട ശിഷ്യനായി മാറി. അന്ന് അവന്‍ ഗുരുവിനോട് തന്റെ കയ്യില്‍ വിദ്യാരേഖ വന്ന കഥ പറഞ്ഞു. അപ്പോള്‍ ഗുരു പറഞ്ഞു: രേഖ നീ ഉണ്ടാക്കിയതാണെന്ന് എനിക്കറിയാമായിരുന്നു. നിന്റെ കയ്യില്‍ വിദ്യാരേഖയില്ലെന്ന് ഞാന്‍ പറഞ്ഞതും നുണയായിരുന്നു. നിന്റെ ആഗ്രഹത്തിന് എത്രമാത്രം ആഴമുണ്ടെന്ന് എനിക്ക് അറിയണമായിരുന്നു. തീവ്രമല്ലാത്തതൊന്നും അധികനാള്‍ നീണ്ടുനില്‍ക്കുകയില്ല. അത് ആഗ്രഹമായാലും അന്വേഷണമായാലും. അഭിലാഷവും അഭിനിവേശവും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. അഭിലാഷം താല്‍ക്കാലികമാണ്. അത് പുറംമോടിയിലുള്ള ആകര്‍ഷണം മാത്രമാകാം. എന്നാല്‍ അഭിനിവേശം അങ്ങനെയല്ല. ആലോചിച്ചുറപ്പിച്ചുള്ള തീരുമാനമാണ്. എന്ത് സംഭവിച്ചാലും പുറകോട്ടില്ല എന്ന ദൃഢനിശ്ചയമാണ്. കൃത്യമായ ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ്. സൗജന്യമായി ലഭിക്കുന്നതെല്ലാം ആളുകളെ അലസരാക്കുകയേ ഉള്ളൂ. വില കൊടുക്കാന്‍ വേണ്ടി നടത്തുന്ന പരിശ്രമങ്ങള്‍ ആരേയും അതിജീവന പാതയില്‍ നിലനിര്‍ത്തും. ഓരോന്നിനും ഓരോ വിലയാണ്. ചിലതിന് സമയം നല്‍കണം. ചിലതിന് ആവേശം നിലനിര്‍ത്തണം. മറ്റുചിലതിന് ശീലങ്ങള്‍ ഉപേക്ഷിക്കുകയോ ആരംഭിക്കുകയോ വേണം. വിലനല്‍കാന്‍ തയ്യാറുള്ളവര്‍ക്കു മാത്രമാണു സ്വപ്നം കാണാനും അവകാശമുള്ളൂ