ലോവര്‍ പെരിയാര്‍: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നുള്ള തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകന്റെ പ്രസ്താവന പെരിയാര്‍ തീരത്ത് താമസിക്കുന്നവരെ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്. പുതിയ ഡാം നിര്‍മ്മിക്കുന്നതിന് തമിഴ്‌നാടിനു മേല്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് ഇവരുടെ ആവശ്യം. ബേബി ഡാമിന്റെ ബലപ്പെടുത്തല്‍ പൂര്‍ത്തിയാക്കി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനാണ് തമിഴ്‌നാടിന്റെ തീരുമാനം. ജലനിരപ്പ് 136 അടിയിലെത്തുമ്പോള്‍ തന്നെ പെരിയാര്‍ തീരത്തെ ആളുകള്‍ ആശങ്കയിലാകും. ഓരോ തവണ ഷട്ടര്‍ തുറക്കുമ്പോഴും സാധനങ്ങള്‍ കെട്ടിപ്പെറുക്കി ക്യാമ്പലേക്ക് മാറാന്‍ തയ്യാറെടുക്കണം. പുതിയ ഡാം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും നടപടികള്‍ ഒന്നും പുരോഗമിക്കുന്നില്ല.
പേടികൂടാതെ ജീവിക്കണമെങ്കില്‍ പുതിയ ഡാം വേണമെന്നാണ് പെരിയാര്‍ തീരത്തുള്ളവര്‍ പറയുന്നത്. ഡിസംബറില്‍ കേരള തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ പുരോഗതി ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ മന്ത്രി ദുരൈമുരുകന്റെ പ്രസ്താവന പ്രതീക്ഷ ഇല്ലാതാക്കി. ജലനിരപ്പ് 142 അടിയില്‍ എത്തുന്നതിനു മുമ്പേ സ്പില്‍വേ ഷട്ടര്‍ തുറന്നതു സംബന്ധിച്ച് തമിഴ്‌നാട്ടില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. പ്രതിഷേധം തണുപ്പിക്കാന്‍ ബേബിഡാം ബലപ്പെടുത്തല്‍ ജോലികള്‍ തുടങ്ങാനുള്ള നടപടികള്‍ തമിഴ്‌നാട് വേഗത്തിലാക്കിയേക്കും. അതേ സമയം മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താന്‍ 15 മരങ്ങള്‍ മുറിക്കാന്‍ കേരളം നല്‍കിയ അനുമതിയെ ചൊല്ലി വിവാദം ശക്തമാകുന്നു. സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വനംമന്ത്രിക്ക് ഇന്ന് റിപ്പോര്‍ട്ട് കൈമാറും. താന്‍ അറിയാതെയാണ് പിസിസിഎഫ് അനുമതി നല്‍കിയതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.