മുല്ലപ്പെരിയാർ ഡാമിൽ നിന്ന് വെള്ളം തുറന്നുവിടുന്നതിനെ കുറിച്ച് തീരുമാനമെടുക്കാതെ തമിഴ്‌നാട്. കേരളം നിരന്തരം ആവശ്യപ്പെട്ടിട്ടും തമിഴ്‌നാട് ഇക്കാര്യത്തിൽ അലംഭാവം തുടരുകയാണ്. ജലനിരപ്പ് 142 അടിയിലെത്താതെ തമിഴ്‌നാട് വെള്ളം തുറന്നു വിടുന്നതിൽ തീരുമാനമെടുത്തേക്കില്ലെന്നാണ് സൂചന
നിലവിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി കടന്നിട്ടുണ്ട്. അധിക ജലം വൈകേയി അണക്കെട്ടിലേക്ക് തിരിച്ചുവിടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ സുപ്രീം കോടതി വിധിയാണ് അടിസ്ഥാനഘടകമെന്നാണ് തമിഴ്‌നാട് പറയുന്നത്.
നിലവിൽ 2000 ക്യൂസെക്‌സ് വെള്ളമാണ് വൈകേയി ഡാമിലേക്ക് ഒഴുക്കുന്നത്. കാലാവസ്ഥാ പ്രവചനവും മുല്ലപ്പെരിയാറിലെ ജലനിരപ്പും കണക്കിലെടുത്ത് മാത്രമേ ഷട്ടറുകൾ തുറക്കൂവെന്ന് തമിഴ്‌നാട് സർക്കാർ പ്രതികരിക്കുന്നു. 2018ൽ 142 അടി കടന്നപ്പോഴാണ് തമിഴ്‌നാട് മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ തുറന്നത്.