തമിഴ്‌നാട് അതിർത്തിയിൽ മഴ കനത്തു സുൽത്താൻ ബത്തേരി ക്കടുത്ത നൂൽപ്പുഴ പുഴ കരകവിഞ്ഞു; ആറ് കുടുംബങ്ങൾ സമീപവീടുകളിലേക്ക് മാറി

നൂൽപ്പുഴ: തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിൽ മഴ ശക്തമായതിനെ തുടർന്ന് നൂൽപ്പുഴ പുഴയിൽ വെള്ളം കയറി. ഇതോടെ പുഴയുടെ സമീപപ്രദേശമായ നൂൽപ്പൂഴ മുക്കുത്തികുന്ന് പുത്തൂർ കോളനിയിൽ വെള്ളം കയറി. കോളനിയിലെ ആറ് കുടുംബങ്ങൾ സമീപവീടുകളിലേക്ക് മാറി.
ബുധനാഴ്ച രാവിലെയോടെയാണ് നൂൽപ്പുഴ പുഴയുടെ വൃഷ്ടി പ്രദേശമായ തമിഴ്‌നാട് അതിർത്തികളിൽ മഴകനത്തത്. ഇതോടെ വെള്ളം നൂൽപ്പുഴ പുഴയിലേക്ക് ഒഴുകിയെത്തുകയും മുക്കുത്തികുന്ന് ഭാഗത്ത് പുഴ കരകവിയുകയും ചെയ്തു. പുഴയ്ക്ക് സമീപത്തെ പൂത്തൂർ കോളനിയിലെ വീടകളിലേക്ക് വെള്ളം ഇരച്ചെത്തുകയായിരുന്നു. വെള്ളം കയറിയതോടെ കുടുംബങ്ങൾ സമീപ വീടുകളിലേക്ക് മാറി. ഇതിനുപുറമെ സമീപ പ്രദേശങ്ങളായ കുണ്ടൂർ, കോളോട്ട് തുടങ്ങിയ പ്രദേശങ്ങളിലും വെള്ളം കയറി ഒറ്റപ്പെട്ടു. ഹെക്ടർ കണക്കിന് കൃഷിയിടങ്ങളും വെള്ളത്തിന്നടിയിലായി. കഴിഞ്ഞയാഴ്ചയും പുഴ കരകവിഞ്ഞ് ഇവിടെ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ മാറ്റിയിരുന്നു.