കേരളത്തിനും ഇന്ത്യയ്ക്കും പ്രത്യേകിച്ച് കോട്ടയം ജില്ലയിലെ പാമ്പാടിക്കാർക്കും അഭിമാനിക്കാവുന്ന നിമിഷമാകുമോ അത്? ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയും ആഗോള എഐ ചിപ് നിർമാണ ഭീമനുമായ എൻവിഡിയയുടെ സിഇഒ സ്ഥാനത്തേക്കു പരിഗണിക്കുന്നവരുടെ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുകയാണ് മലയാളിയായ തോമസ് കുര്യൻ. ഗൂഗിൾ ക്ലൗഡിന്റെ സിഇഒയാണ് 2018 മുതൽ ഈ 60കാരൻ.
എൻവിഡിയ സഹസ്ഥാപകനും സിഇഒയുമായിരുന്ന ജെൻസൻ ഹുവാങ് ഇന്നലെ രാജിവച്ചിരുന്നു. ചൈനീസ് ചാരവനിതയെന്ന് സംശയിക്കുന്ന ആലീസ് ഹുവാങ് ഉൾപ്പെടെ പലരുമായും വഴിവിട്ട ബന്ധമുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു നാണംകെട്ടുള്ള പടിയിറക്കം. ഇടക്കാല സിഇഒയായി നിലവിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസറും (സിഎഫ്ഒ) എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കൊലെറ്റ് ക്രെസ്സിനെ നിയമിച്ചിരുന്നു.
മുഴുവൻസമയ സിഇഒ കണ്ടെത്താനുള്ള ശ്രമത്തിലാണ് എൻവിഡിയ ഇപ്പോൾ. ഇതിനായി കമ്പനിക്കുള്ളിലുള്ളവർക്ക് പുറമെ മറ്റ് കമ്പനികളിലുള്ളവരെയും പരിഗണിക്കുന്നുണ്ട്. അതോടെയാണ്, തോമസ് കുര്യനും പരിഗണനാ പട്ടികയിലെത്തിയത്.
എൻവിഡിയയുടെ വേൾഡ്‍വൈഡ് ഫീൽഡ് ഓപറേഷൻസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജയ് പുരി, യുഎസ് ആസ്ഥാനമായ മറ്റൊരു ചിപ് ഭീമൻ മൈക്രോൺ ടെക്നോളജിയുടെ സിഇഒ സഞ്ജയ് മെഹ്റോത്ര, സൈബർ സെക്യൂരിറ്റി കമ്പനിയായ പാലോ ഓൾട്ടോ നെറ്റ്‍വർക്ക്സിന്റെ മേധാവി നികേഷ് അറോറ എന്നിവരാണ് പരിഗണനയിലുള്ള മറ്റ് ഇന്ത്യക്കാർ.
ഇവർക്ക് പുറമെ കൊലെറ്റ് ക്രെസ്, ആപ്പിൾ സിഇഒ ടിം കുക്ക്, എൻവിഡിയ ഹൈപെർഫോമൻസ് വിഭാഗം വൈസ് പ്രസിഡന്റ് ഇയാൻ ബക്ക് തുടങ്ങിയവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരിഗണന ടിം കുക്കിനാണ്.
ആരാണ് തോമസ് കുര്യൻ? ഇരട്ട സഹോദരനും ഉന്നത പദവിയിൽ
തോമസ് കുര്യൻ ജനിച്ചത് കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ്. അദ്ദേഹത്തിന്റെ ഇരട്ട സഹോദരനായ ജോര്‍ജ് കുര്യനുമൊത്ത് ഡിഗ്രി പഠിക്കാന്‍ 1986ല്‍ അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലേക്കു പോയി. അവിടെ നിന്ന് അദ്ദേഹം, മറ്റു നേട്ടങ്ങളടക്കം ഇലക്ട്രിക്കല്‍ എൻജിനീയറിങ്ങില്‍ ബിഇ ഡിഗ്രി സ്വന്തമാക്കി. പിന്നീട് സ്റ്റാന്‍ഫെഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎയും നേടി.
1996ല്‍ ഓറക്കളിലേക്കു നീങ്ങുന്നതിനു മുൻപ് മക്കൻസി ആന്‍ഡ് കമ്പനിയില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. സ്വരൂപ ഇരട്ടകളായ കുര്യന്‍ സഹോദരന്മാരായ തോമസും ജോര്‍ജും സിലിക്കന്‍ വാലിയിലെ പ്രമുഖ കമ്പനിയുടെ എക്‌സിക്യൂട്ടീവാണ്. നെറ്റ്ആപ് (NetApp) കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറാണ്. തോമസാകട്ടെ, 22 വര്‍ഷം വിവിധ തസ്തികളില്‍ ഓറക്കിളില്‍ ജോലിയെടുത്ത ശേഷമാണ് ഗൂഗിള്‍ ക്ലൗഡിന്റെ തലപ്പത്തെത്തിയത്.
ഓറക്കിളിൽ പ്രൊഡക്ട് മാനേജ്‌മെന്റിലാണ് തുടക്കമെങ്കിലും 2015 ജനുവരിയില്‍ കമ്പനിയുടെ പ്രൊഡക്ട് ഡെവലപ്‌മെന്റിന്റെ പ്രസിഡന്റായി. കമ്പനിയുടെ സ്ഥാപകനായ ലാറി എലിസണ്‍ എല്ലാക്കാര്യത്തിലും കുര്യന്റെ അഭിപ്രായം ചോദിക്കാനും അദ്ദേഹത്തിന്റെ ഉറപ്പു ലഭിച്ചാല്‍ മാത്രം മുന്നോട്ടു പോകുന്ന രീതിയില്‍ വരെ കാര്യങ്ങള്‍ എത്തിയിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.എലിസണ്‍ എപ്പോഴും തോമസിനോടു ചോദിക്കും: ‘തോമസ്, താങ്കള്‍ക്ക് എന്തു തോന്നുന്നു? തോമസ്, നമുക്ക് അങ്ങനെ ചെയ്യാം’ എന്ന രീതിയിലായിരുന്നു തോമസും എലിസണും തമ്മിലുള്ള സംഭാഷണ രീതിയെന്ന് ഓറക്കിളിന്റെ മുന്‍ എക്‌സിക്യൂട്ടീവ് റോയിട്ടേഴ്‌സിനോടു പറഞ്ഞിട്ടുണ്ട്.








