Headlines

കളിയാക്കലേറ്റുവാങ്ങിയ കുട്ടിക്കാലം; 4 ലക്ഷം കോടി ഡോളറിലേക്ക് വളർച്ച: ഒടുവിൽ ഏറ്റവും വലിയ പതനം

ജെൻസെൻ ഹുവാങ്…സമാനതകളില്ലാത്ത നായകശേഷി കൊണ്ടും ആരെയും ആകർഷിക്കുന്ന പരിവേഷംകൊണ്ടും സാങ്കേതിക സാമ്രാജ്യത്തിലെ കിരീടം വയ്ക്കാത്ത രാജാവായിരിക്കെയാണു ജെൻസെന്റെ പതനം. ഒരുപാട് വർഷങ്ങളുടെ കഠിനാധ്വാനംകൊണ്ടും പിഴയ്ക്കാത്ത തന്ത്രങ്ങൾ കൊണ്ടും വളർത്തിയെടുത്ത ഭീമാകാരമായ വ്യക്തിത്വത്തിനാണ് വിവാദച്ചുഴലിയിൽ പരിവേഷം നഷ്ടമായത്.

∙ കനൽവഴിയിലൂടെ തുടക്കം

1963ൽ തയ്‌വാനിലെ ചരിത്രനഗരമായ തൈനാനിലാണ് ജെൻസെൻ ജനിച്ചത്. പിതാവ് കെമിക്കൽ എൻജിനീയറായിരുന്നു, മാതാവ് അധ്യാപികയും. പിതാവിന്റെ നിർബന്ധപ്രകാരമാണ് അദ്ദേഹം ഒൻപതാം വയസ്സിൽ യുഎസിലേക്ക് എത്തിയത്. ഇംഗ്ലിഷ് ഭാഷ പോലും അക്കാലത്ത് അദ്ദേഹം ശരിയായി സ്വായത്തമാക്കിയിരുന്നില്ല. വാഷിങ്ടനിലെ ടാകോമയിൽ ജീവിച്ചിരുന്ന ബന്ധുവിന്റെ കുടുംബത്തിനൊപ്പമാണ് ജെൻസെനും സഹോദരനും അന്നു താമസിച്ചിരുന്നത്.

യാങ്കിനാട്ടിലെ ആദ്യകാല ജീവിതം ജെൻസെന് അത്ര സുഗമമായിരുന്നില്ല. ബന്ധുവിന് സ്കൂൾ തിരഞ്ഞെടുക്കുന്നതിൽ തെറ്റു പറ്റിയതു മൂലം കെന്റക്കിയിലെ ഒരു റിഫോം സ്കൂളിൽ അദ്ദേഹത്തിനു പഠിക്കേണ്ടിവന്നു. ആ പഠനത്തിനായി മാതാപിതാക്കൾക്ക് തയ്‌വാനിലെ സ്വത്തുവകകളെല്ലാം വിൽക്കേണ്ടി വന്നു. ശാരീരികമായ നാണം കെടുത്തലും കളിയാക്കലുമേറ്റുവാങ്ങിയായിരുന്നു ജെൻസെന്റെ സ്കൂൾ ജീവിതം. പിൽക്കാലത്ത് ജെൻസെന്റെ മാതാപിതാക്കളും യുഎസിലേക്ക് എത്തി. കുടുംബം ഓറിഗണിലെ ബീവർടൺ പട്ടണത്തിൽ തങ്ങളുടെ പുതുജീവിതം തുടങ്ങി. മികവ് പ്രകടിപ്പിച്ച വിദ്യാർഥിയായിരുന്നു ജെൻസെൻ. പ്രോഗ്രാമിങ്ങിലൊക്കെ അനന്യമായ കഴിവ് അദ്ദേഹം പ്രകടിപ്പിച്ചു. ടേബിൾ ടെന്നിസും നന്നായി വഴങ്ങി. 16–ാം വയസ്സിൽ ദേശീയാംഗീകാരമുള്ള ടേബിൾ ടെന്നിസ് കളിക്കാരനായി മാറി.

∙ എൻവിഡിയ പിറക്കുന്നു

ഓറിഗൺ സ്റ്റേറ്റ് സർവകലാശാലയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും സ്റ്റാൻഫഡ് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് സിലിക്കൺ വാലിയിൽ വിവിധ ജോലികൾ. പ്രശസ്ത ചിപ് കമ്പനികളായ എഎംഡിയിലും എൽഎസ്ഐ ലോജിക്കിലുമൊക്കെ ജോലി ചെയ്തു. എൽഎസ്ഐയിൽവച്ചാണ് ക്രിസ് മലക്കോവ്സ്കി, കർട്ടിസ് പ്രീം എന്നീ എൻജിനീയർമാരെ അദ്ദേഹം പരിചയപ്പെടുന്നത്. വലിയ വഴിത്തിരിവായിരുന്നു അത്.

1993ൽ അവർക്കൊപ്പം ജെൻസെൻ എൻവിഡിയ സ്ഥാപിച്ചു, സംരംഭകജീവിതവും അവിടെ തുടങ്ങി. കംപ്യൂട്ടറുകളിലും വിഡിയോ ഗെയിമുകളിലും മികച്ച ഗ്രാഫിക്സ് സാധ്യമാക്കുന്ന ചിപ്പുകൾ വികസിപ്പിക്കുകയായിരുന്നു കമ്പനിയുടെ ആദ്യ ലക്ഷ്യം. തുടക്കകാലം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. തെറ്റായ തീരുമാനങ്ങൾ കമ്പനിയെ പാപ്പരത്തത്തിന്റെ വക്കിലെത്തിച്ചു. ജീവനക്കാരെ പിരിച്ചുവിടേണ്ടിവന്നു. കമ്പനിയെ നിലനിർത്താൻ സാമ്പത്തികസഹായവും തേടേണ്ടിവന്നു. എന്നാൽ ജെൻസെന്റെ നായകശേഷി പ്രതിസന്ധികളിൽനിന്ന് കമ്പനിയെ കരകയറ്റി. അദ്ദേഹം കമ്പനിയുടെ പ്രസിഡന്റും സിഇഒയുമായി മാറി. 1999ൽ എൻവിഡിയ ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റ് (ജിപിയു) അവതരിപ്പിച്ചു. കംപ്യൂട്ടർ ഗ്രാഫിക്സ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഈ സാങ്കേതികവിദ്യ പിന്നീട് കമ്പനിയുടെ വളർച്ചയ്ക്ക് അടിത്തറയായി.

∙ സെലിബ്രിറ്റി സിഇഒ

വിഡിയോ ഗെയിമുകൾക്കപ്പുറത്തേക്കും ജിപിയു സാധ്യതകൾ ജെൻസെൻ തിരിച്ചറിഞ്ഞിരുന്നു. വലിയ അളവിലുള്ള വിവരങ്ങൾ ഒരേസമയം പ്രോസസ് ചെയ്യാനുള്ള ജിപിയുവിന്റെ കഴിവ് ശാസ്ത്രഗവേഷണം, സൂപ്പർകംപ്യൂട്ടിങ്, എഐ മേഖലകൾക്ക് പ്രയോജനപ്പെടുമെന്ന് അദ്ദേഹം മനസ്സിലാക്കി. 2006ൽ കമ്പനി അവതരിപ്പിച്ച ക്യൂഡ സാങ്കേതികവിദ്യ ഗവേഷകർക്കും സോഫ്റ്റ്‌വെയർ ഡവലപ്പർമാർക്കും പുതിയ സാധ്യതകൾ തുറന്നു. നൂതന എഐ സംവിധാനങ്ങളെ പരിശീലിപ്പിക്കുന്നതിൽ എൻവിഡിയയുടെ ജിപിയുകൾ നിർണായകമായി.

2022ൽ ജനറേറ്റീവ് എഐ പ്രബലമായതോടെ എഐ സാങ്കേതികവിദ്യയ്ക്ക് ആഗോളതലത്തിൽ വലിയ സ്വീകാര്യത ലഭിച്ചു. ഇതോടെ എൻവിഡിയ ചിപ്പുകൾക്ക് ആവശ്യക്കാരേറി. 2023ൽ കമ്പനിയുടെ വിപണിമൂല്യം ഒരു ലക്ഷം കോടി ഡോളർ കടന്നു. പിന്നീടത് 4 ലക്ഷം കോടി ഡോളറിനടുത്തെത്തി. ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളിലൊരാളായി ജെൻസെൻ മാറി. കറുത്ത ലെതർ ജാക്കറ്റും ആവേശകരമായ ഉൽപന്ന അവതരണങ്ങളും സിലിക്കൺ വാലിയിലെ താരമാക്കി. എഐ വിപ്ലവത്തിന്റെ മുഖ്യശിൽപിയെന്ന വിശേഷണവും ലഭിച്ചു.

ചിപ്പ് നിർമാണത്തിനപ്പുറം ക്ലൗഡ് കംപ്യൂട്ടിങ്, എഐ ഗവേഷണം, സൂപ്പർകംപ്യൂട്ടിങ് തുടങ്ങി വിവിധ മേഖലകളെ ബന്ധിപ്പിക്കുന്ന ഒരു വലിയ സാങ്കേതിക ആവാസവ്യവസ്ഥയാണ് കെട്ടിപ്പടുത്തത്. സാങ്കേതികവിദ്യയിലെ ദീർഘവീക്ഷണവും ആത്മവിശ്വാസവും ജെൻസെനെ വളർത്തി. എന്നാൽ വ്യക്തിപരമായ തീരുമാനങ്ങളും വിശ്വാസ്യതയെക്കുറിച്ചുള്ള ചോദ്യങ്ങളും ഏതു ശക്തനെയും മറിച്ചിടുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ പതനം.

ആലീസ് ഹുവാങ്ങിന് സിംഗപ്പൂരിൽ വിലക്ക്

സിംഗപ്പൂർ∙ എൻവിഡിയ സിഇഒ ജെൻസെൻ ഹുവാങ്ങിന്റെ രാജിയിലേക്ക് നയിച്ച സംഭവങ്ങളുമായി ബന്ധമുള്ള, ചൈനീസ് ചാരവനിതയെന്നു യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്ന ആലീസ് ഹുവാങ്ങിന് സിംഗപ്പൂരിൽ വിലക്ക്. തെറ്റായ വിവരങ്ങൾ നൽകിയതിനും കയറ്റുമതി ചട്ടങ്ങൾ ലംഘിച്ചുവെന്ന സംശയത്തെത്തുടർന്നും നടന്ന പൊലീസ് അന്വേഷണത്തിനൊടുവിലാണു വിലക്കേർപ്പെടുത്തിയത്. അന്വേഷണം ചാരപ്രവർത്തനവുമായി ബന്ധപ്പെട്ടല്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൊലീസിന് മനഃപൂർവം തെറ്റായ വിവരങ്ങൾ നൽകിയെന്നും മെഗാസ്പീഡ് കമ്പനിയിലെ പങ്ക് മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് കർശന താക്കീത് നൽകുകയും യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തത്. ആലീസുമായി ബന്ധമുള്ള കമ്പനികൾക്ക് പ്രമുഖ ചൈനീസ് എഐ കമ്പനിയായ ഡീപ്സീക്കിൽ നിക്ഷേപമുണ്ടെന്ന വിവരവും ഇന്നലെ പുറത്തുവന്നു.