Headlines

108 ആംബുലന്‍സ് പദ്ധതി അഴിമതി: ‘GVK EMRIകമ്പനിക്ക് ടെണ്ടറില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ല, സര്‍ക്കാര്‍ ഇത് മറച്ചുവച്ചു’; രേഖകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

108 ആംബുലന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ടെന്‍ഡറില്‍ പങ്കെടുത്ത യോഗ്യതയില്ലാത്ത കമ്പനിയെ സര്‍ക്കാര്‍ സംരക്ഷിച്ചു എന്ന് സൂചിപ്പിക്കുന്ന രേഖകളാണ് രമേശ് ചെന്നിത്തല പുറത്തുവിട്ടിരിക്കുന്നത്. കര്‍ണാടക, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ വിലക്കിയ GVK EMRI കമ്പനിയെ ടെന്‍ഡര്‍ ചട്ടങ്ങള്‍ കാറ്റില്‍പറത്തി സംരക്ഷിച്ചെന്നാണ് ആക്ഷേപം. കമ്പനിക്ക് ടെന്‍ഡര്‍ നടപടി ക്രമങ്ങളില്‍ യോഗ്യതയില്ലെന്നും കമ്പനിയെ ഡീ ബാര്‍ ചെയ്‌തെന്നും തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ആദ്യമായി 108 ആംബുലന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്നായിരുന്നു രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നത്. 2020-2025 കാലത്ത് 517 കോടി രൂപയ്ക്ക് 316 ആംബുലന്‍സുകളുടെ നടത്തിപ്പായിരുന്നു സെക്കന്താരാബാദ് ആസ്ഥാനമായ കമ്പനിക്ക് നല്‍കിയിരുന്നത്. 2025-30 കാലഘട്ടത്തില്‍ 335 ആംബുലന്‍സുകളുടെ നടത്തിപ്പിനായി നല്‍കിയത് 293 കോടി രൂപയുടെ ടെന്‍ഡറായിരുന്നു.
ആംബുലന്‍സുകളുടെ എണ്ണം കൂടിയിട്ടും നടത്തിപ്പിന്റെ ചിലവ് ഉയര്‍ന്നിട്ടും തുകകളിലുണ്ടായ ഈ 250 കോടിയുടെ കുറവ് തന്നെ ടെന്‍ഡര്‍ ക്രമക്കേടിന്റെ തെളിവാണെന്നാണ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയത്. ഈ 250 കോടിയുടെ ഉപകാരണസ്മരണയാണ് സര്‍ക്കാര്‍ കമ്പനിയെ സംരക്ഷിക്കുന്നതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

ഏതെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ അയോഗ്യരാക്കിയ കമ്പനികള്‍ക്ക് ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന നിബന്ധന കാറ്റില്‍പ്പറത്തിയാണ് സര്‍ക്കാര്‍ വിവാദ കമ്പനിയെ സംരക്ഷിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു. ആംബുലന്‍സ് നടത്തിപ്പ് ടെന്‍ഡറിന് വ്യാജ രേഖ സമര്‍പ്പിച്ചതിനാണ് ഇതേ കമ്പനിയെ കര്‍ണാടക വിലക്കിയതെന്നും ഇത് സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടുകൊണ്ട് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വിലക്കുകള്‍ മറച്ചുവച്ച് കര്‍ണാടകയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്ന് കാണുച്ചുകൊണ്ടുള്ള രേഖയാണ് വിവാദ കമ്പനി ഹാജരാക്കിയിരുന്നത്. ഇതേ കമ്പനിയെക്കുറിച്ച് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ പരാതിയും ലഭിച്ചിട്ടുണ്ട്. ഇതും സര്‍ക്കാര്‍ ബോധപൂര്‍വം മറച്ചുവച്ച് കമ്പനിയെ സംരക്ഷിച്ചുവെന്നാണ് ആക്ഷേപം.