Headlines

സ്വർണവിലയിൽ വൻ തകർച്ച; പവൻ ഒരുലക്ഷത്തിന് താഴെ? ആർക്കാണ് നേട്ടം? ആഘാതം ആർക്ക്?

സ്വർണവില പവന് കേരളത്തിൽ ഇന്ന് ഒരുലക്ഷം രൂപയ്ക്കു താഴെയെത്താൻ സാധ്യത. രാജ്യാന്തരവില 100 ഡോളറിലേറെ താഴ്ന്നാണ് വ്യാപാരം ചെയ്യുന്നത്. ഇതോടെ, പവൻ ഒരുലക്ഷത്തിന് താഴെയാകുമെന്നാണ് പ്രതീക്ഷ. രാജ്യാന്തരവില നഷ്ടം നികത്തിയാൽ പ്രതീക്ഷതെറ്റും. ഇതിനുമുൻപ് കഴിഞ്ഞ മാർച്ച് 23ന് ആണ് പവൻ ഒരുലക്ഷം രൂപയ്ക്ക് താഴെയെത്തിയത്.

അന്ന് ഒരുവേള 99,480 രൂപയായി വില കുറഞ്ഞെങ്കിലും അന്നുതന്നെ ഒരുലക്ഷം രൂപയ്ക്കു മുകളിലേക്ക് തിരിച്ചുകയറുകയും ചെയ്തു. പിന്നീട് ഒക്ടോബർ 31ന് വില 1,01,840 രൂപയിലേക്ക് കുറഞ്ഞിരുന്നു. പക്ഷേ, അടുത്തദിവസം മുതൽ തിരിച്ചുംകയറി. 2026 ജനുവരി 29ലെ 1,31,160 രൂപയാണ് കേരളത്തിലെ റെക്കോർഡ്. അന്നു ഗ്രാംവില 16,395 രൂപയായിരുന്നു. ഇന്നലെ പവനുവില 1,02,520 രൂപയാണ്. ഗ്രാമിന് 12,815 രൂപയും.

യുഎസിൽ പണപ്പെരുപ്പം കൂടിയെന്ന റിപ്പോർട്ടിന് പിന്നാലെ എരിതീയിൽ എണ്ണയെന്നോണം ഇറാനെതിരായ ട്രംപിന്റെ പ്രസ്താവനയും വന്നതോടെയാണ് രാജ്യാന്തര സ്വർണവില കുത്തനെ ഇടിഞ്ഞത്. ഇറാനുമായി ഡീൽ വേണ്ടെന്നും സമാധാന ശ്രമങ്ങളിൽ നിന്ന് പിന്മാറാൻ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിനോട് ട്രംപ് ആവശ്യപ്പെട്ടെന്നുമാണ് റിപ്പോർട്ടുകൾ.

പണപ്പെരുപ്പം കൂടിയതുതന്നെ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിനെ പലിശനിരക്ക് കൂട്ടാനുള്ള നീക്കത്തിലേക്ക് എത്തിച്ചിട്ടുണ്ട്. ഡിസംബറിൽ അടിസ്ഥാന പലിശനിരക്ക് കൂട്ടുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുമുണ്ട്. ഇതിനിടെ ക്രൂഡോയിൽവില വീണ്ടും കത്തിക്കയറിയത് പലിശ കൂടാനുള്ള സാധ്യത കടുപ്പിച്ചു.

∙ പലിശനിരക്ക് കൂടുമെന്ന വിലയിരുത്തൽ യുഎസ് ഡോളർ സൂചികയെ 0.27% കുതിപ്പുമായി 103.19ലേക്ക് ഉയർത്തി. യുഎസ് സർക്കാരിന്റെ 10-വർഷ ട്രഷറി ബോണ്ട് യീൽഡ് 0.146% മുന്നേറി 5.134 ശതമാനത്തിലെത്തി.

∙ ഇതോടെ സ്വർണത്തിന് ഡിമാൻഡ് ഇടിഞ്ഞു. രാജ്യാന്തരവില ഔൺസിന് 120 ഡോള‍ർ ഇടിഞ്ഞ് 3872 ഡോളറിലെത്തി. ഒരുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്.

സ്വർണവില ഇടിഞ്ഞാൽ ആശ്വാസവും ആഘാതവും

ആഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്ക് ആശ്വാസം സമ്മാനിച്ച് കേരളത്തിൽ പവൻവില ഇന്ന് ഒരുലക്ഷം രൂപയ്ക്ക് താഴെയെത്തിയേക്കാം. രാജ്യാന്തരവില 120 ഡോളറോളം താഴ്ന്നാണ് ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ 4 മണിയോടെയുള്ളത്.

രാവിലെ 9ന് ശേഷമാണ് കേരളത്തിൽ വ്യാപാരികൾ വിലനിശ്ചയിക്കുന്നത്. അപ്പോഴേക്കും രാജ്യാന്തരവില കൂടാതിരുന്നാൽ, കേരളത്തിൽ വലിയ ഇടിവ് പ്രതീക്ഷിക്കാം.

∙ സ്വർണവില കുറയുന്നത് ആഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്ക് ആശ്വാസമാണ്. വിപണിയിൽ വിൽപന കൂടുകയും ചെയ്യും.

∙ എന്നാലും, ഒരുവിഭാഗം ഉപഭോക്താക്കൾ ഇനിയും വില ഇടിഞ്ഞേക്കാമെന്നു കരുതി കാത്തിരിക്കും; ഇവർ ഉടൻ വിപണിയിലേക്ക് എത്തില്ല.

∙ സ്വർണവില ഇടിയുന്നത് നിക്ഷേപമായിക്കണ്ട് പണമിറക്കിയവർക്ക് വലിയ ആഘാതമാണ്. പവൻവില 1.10 ലക്ഷം രൂപയോ അല്ലെങ്കിൽ റെക്കോർഡ് 1.31 ലക്ഷം രൂപയോ ആയിരുന്നപ്പോൾ നിക്ഷേപം നടത്തിയവർ നേട്ടം കിട്ടാൻ ഇനി ഏറെക്കാലം കാത്തിരിക്കണം.

∙ സ്വർണം പണയംവച്ചും വിറ്റും സാമ്പത്തികാവശ്യം നിറവേറ്റാൻ ശ്രമിക്കുന്നവർക്കും ഈ വിലത്തകർച്ച വലിയ തിരിച്ചടിയാണ്.

∙ വില ഉയർന്നുനിന്നപ്പോൾ സ്വർണംവാങ്ങി സ്റ്റോക്കുചെയ്ത വ്യാപാരികൾക്കും വിലയിടിവ് നിരാശയാകും.

ജ്വല്ലറി ഓഹരികൾ, ഗോൾഡ് ലോൺ കമ്പനികളുടെ ഓഹരികൾ എന്നിവ തിരിച്ചടി നേരിട്ടേക്കും.

∙ രാജ്യാന്തര വെള്ളിവില 3.6% ഇടിവിലാണ്. കേരളത്തിൽ വെള്ളിവിലയും ഇടിയും. ഗ്രാമിന് 200 രൂപയ്ക്ക് താഴെയാകും