Headlines

സ്വർണവിലയിൽ കനത്ത ഇടിവ്; പവന് ഒറ്റയടിക്ക് 2120 രൂപയുടെ വീഴ്ച, വീണ്ടും ഇടിയും?

 

 

സ്വർണവില ആഭരണപ്രേമികൾക്ക് വൻ പ്രതീക്ഷ സമ്മാനിച്ച് കുത്തനെ ഇടിയുന്നു. കേരളത്തിൽ ഇന്ന് ഗ്രാമിന് വില 265 രൂപ കുറഞ്ഞ് 14,505 രൂപയിലെത്തി. പവന് 2120 രൂപ കുറഞ്ഞ് 1,16,040 രൂപയുമായി. കഴിഞ്ഞ 5 ദിവസത്തിനിടെ 4040 രൂപയാണ് പവന് കുറഞ്ഞത്; ഗ്രാമിന് 505 രൂപയും താഴ്ന്നു.

 

സ്വർണവിലയിൽ ഇന്ന് പവന് 2000 രൂപയിൽ കുറയാത്ത ഇടിവുണ്ടാകുമെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് നേരത്തേ വ്യക്തമാക്കിയിരുന്നു. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ കെവിൻ വാർഷിന്റെ ഇന്നലത്തെ പ്രഭാഷണമാണ് സ്വർണവിലയുടെ ഇടിവിന് വഴിവച്ചത്. രാജ്യാന്തര സ്വർണവില ഔൺസിന് 4626 ഡോളറിൽ നിന്ന് 4455 ഡോളറിലേക്ക് ഇടിഞ്ഞു. ഇത് കേരളത്തിലെ വില കുറയാനും വഴിയൊരുക്കി.

കെവിൻ എന്ത് പറഞ്ഞപ്പോഴാണ് സ്വർണം വീണത്?

 

യുഎസിൽ തൊഴിൽ വിപണി ദുർബലമാണ്. എങ്കിലും, ഇപ്പോഴത്തെ ഏറ്റവും വലിയ ടെൻഷൻ തൊഴിൽ വിപണിയല്ലെന്നും നിയന്ത്രണമില്ലാതെ കൂടുന്ന പണപ്പെരുപ്പമാണെന്നും കെവിൻ വാർഷ് പറഞ്ഞു. 3.7 ശതമാനമാണ് നിലവിൽ പണപ്പെരുപ്പം. ഇത് ഇനിയും കൂടാം. 2 ശതമാനമാണ് നിയന്ത്രണപരിധി. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ ഫെഡറൽ റിസർവിന് ചില കാര്യങ്ങൾ ചെയ്യാനുണ്ടെന്നും കെവിൻ പറഞ്ഞു. സെപ്റ്റംബറിലെ യോഗത്തിൽ ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടുമെന്ന സൂചനയാണ് കെവിൻ നൽകുന്നതെന്ന് നിരീക്ഷകർ വ്യാഖ്യാനിക്കുന്നു.

∙ അടിസ്ഥാന പലിശനിരക്ക് കൂടാനുള്ള സാധ്യത ഡോളറിനെയും ബോണ്ട് യീൽഡിനെയും മേലോട്ട് നയിച്ചു. യുഎസ് ഡോളർ ഇൻഡക്സ് 0.52% ഉയർന്ന് 99.68ൽ എത്തി. 10-വർഷ ബോണ്ട് യീൽഡ് 0.043% ഉയർന്ന് 4.717 ശതമാനവുമായി.

∙ ഡോളർ കരുത്തുനേടുമ്പോൾ സ്വർണം വാങ്ങുന്നത് സാമ്പത്തികച്ചെലവേറിയതാകും. ഇത് ഡിമാൻഡിനെ ബാധിക്കുമെന്നത് വിലയിടിവിന് വഴിവച്ചു.

∙ ബോണ്ട് യീൽഡിൽ നിന്ന് കൂടുതൽ നേട്ടം കിട്ടുമെന്നത് സ്വർണ നിക്ഷേപങ്ങളുടെ തിളക്കവും കെടുത്തി. ഇത് വിറ്റൊഴിയൽ സമ്മർദമുണ്ടാക്കിയതും വിലയിടിവിന് കാരണമായി.

ഇനിയും എത്ര ഇടിയും?

നിലവിൽ പ്രതികൂല സാഹചര്യത്തിലൂടെയാണ് സ്വർണം കടന്നുപോകുന്നത്. ഡോളറും ബോണ്ടും കൂടുതൽ ഉയരുകയും പലിശഭാരം കൂടാനുള്ള സാധ്യത കടുക്കുകയും ചെയ്താൽ സ്വർണവില വീണ്ടും കനത്ത തകർച്ച നേരിടും. ഔൺസിന് 4300 ഡോളർ നിലവാരത്തിലേക്ക് രാജ്യാന്തര വില പോകാം. കേരളത്തിൽ പവൻവില 1.10 ലക്ഷം രൂപയിലേക്കും താഴാം.

 

പക്ഷേ, സ്വർണവില ഇടിയുമ്പോൾ അവസരം മുതലെടുത്തുള്ള വാങ്ങൽ താൽപ്പര്യം (ബയിങ് ദ ഡിപ്) കൂടാനുള്ള സാധ്യതയുണ്ട്. ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെയുള്ള ലോകത്തെ പ്രധാന കേന്ദ്രബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് സ്വർണം വലിയതോതിൽ വാങ്ങിക്കൂട്ടാനും ഇടയുണ്ട്. ഇത് സ്വർണവിലയുടെ വലിയ തകർച്ചയ്ക്ക് തടയിടും.

 

ആര്‍ക്കു നേട്ടം? കോട്ടം?

 

സ്വർണവില താഴുന്നത് ആഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്ക് നേട്ടമാണ്. എന്നാൽ, നിക്ഷേപമായി കണ്ട് സ്വർണത്തിൽ പണമൊഴുക്കിയവർക്ക് തിരിച്ചടിയുമാണ്. ആഗ്രഹിച്ച നേട്ടം കിട്ടാൻ ഇവർ കാത്തിരിക്കേണ്ടിവരും. സ്വർണം വിറ്റഴിച്ചോ പണയംവച്ചോ സാമ്പത്തികാവശ്യത്തിനുള്ള പണം നേടാൻ ശ്രമിക്കുന്നവർക്കും വിലയിടിവ് നിരാശപകരും.

 

18 കാരറ്റും വെള്ളിയും

 

കേരളത്തിൽ 18 കാരറ്റ് സ്വർണവില ഇന്ന് ഗ്രാമിന് 220 രൂപ ഇടിഞ്ഞ് 11,915 രൂപയായി. വെള്ളി വില മാറിയില്ല; ഗ്രാമിന് 255 രൂപ. 14 കാരറ്റ് സ്വർണവില ഗ്രാമിന് 170 രൂപ കുറഞ്ഞ് 9280 രൂപയിലെത്തി. ഗ്രാമിന് 105 രൂപ താഴ്ന്ന് 5985 രൂപയാണ് 9 കാരറ്റ് സ്വർണവില.