Headlines

സ്വർണവിലയിൽ കാളക്കുതിപ്പ്; ഇന്ന് 1100ന്റെ മുന്നേറ്റം, 4 ദിവസത്തിൽ 6000 കൂടി, എന്താണ് സ്വർണത്തിൽ സംഭവിച്ചത്?

വെറും 4 ദിവസംകൊണ്ട് കൂടിയത് 6000 രൂപ. ചരിത്രത്തിലെ ഏറ്റവും പുതിയ ഉയരത്തിലേക്ക് കണ്ണുവച്ചുള്ള കുതിപ്പിലാണോ സ്വർണവില? രാജ്യാന്തര വിപണിയിലും കേരളത്തിലും ആവേശത്തോടെ സ്വർണം മുന്നേറുന്നതാണ് കഴിഞ്ഞ 4 ദിവസത്തെ കാഴ്ച. ഇന്ന് വില കേരളത്തിൽ ഗ്രാമിന് 140 രൂപ വർധിച്ച് 14,950 രൂപയായി. ഗ്രാമിന് 1120 രൂപ ഉയർന്ന് 1,19,600 രൂപയും.

4 ദിവസം മുൻപ് പവൻവില 1,13,640 രൂപയായിരുന്നു. പിന്നീട് കൂടിയത് 5960 രൂപ. എന്താണ് സ്വർണവിലയിൽ സംഭവിക്കുന്നത്? ലോകത്തെ ഏറ്റവും വലിയ സമ്പദ്ശക്തിയായ അമേരിക്ക അഭിമുഖീകരിക്കുന്ന പ്രതിസന്ധിയാണ് സ്വർണത്തിന് നേട്ടമാകുന്നത്. യുഎസ് സർക്കാരിന്റെ കടം 40 ട്രില്യൻ ഡോളർ ഭേദിച്ചു. ചരിത്രത്തിലാദ്യമാണിത്. സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്) കുതിച്ചുയർന്നു. എന്നാൽ‌, കടപ്പത്രവില താഴേക്കും ഇറങ്ങി. ഇത് സർക്കാരിന്റെ സാമ്പത്തികബാധ്യത കൂടാനിടയാക്കുമെന്ന് കരുതുന്നു.ബോണ്ടുകൾ അനാകർഷകമാകുന്നത് ഡോളറിന് തിരിച്ചടിയായി. യുഎസ് ഡോളർ ഇൻഡക്സ് താഴേക്കും നീങ്ങി. ഡോളറിന്റെ തളർച്ച മുതലെടുത്താണ് സ്വർണത്തിന്റെ മുന്നേറ്റം. ഡോളർ ഇടിയുമ്പോൾ കൂടുതൽ സ്വർണം വാങ്ങാൻ കഴിയും. ഇത് ഡിമാൻഡിനെ ഉയർത്തും; വിലയും മെച്ചപ്പെടും. രാജ്യാന്തര സ്വർണവില ഗ്രാമിന് 89 ഡോളർ ഉയർന്ന് 4603 ഡോളറിൽ എത്തിയതോടെയാണ് കേരളത്തിലും വില ഉയർന്നത്.

രാജ്യാന്തര വെള്ളിവിലയും വർധിക്കുകയാണ്. നിലവിൽ വില ഔൺസിന് 1.39% വർധിച്ച് 68.98 ഡോളറിൽ എത്തി. കേരളത്തിൽ പക്ഷേ വില മാറിയില്ല; ഗ്രാമിന് 260 രൂപ. സംസ്ഥാനത്ത് 18 കാരറ്റ് സ്വർ‌ണവില ഗ്രാമിന് 115 രൂപ ഉയർന്ന് 12,285 രൂപയായിട്ടുണ്ട്.

സ്വർണവില ഇനിയും കൂടുമോ?

രാജ്യാന്തരവില ഔൺസിന് 4653 ഡോളർ എന്ന പ്രതിരോധനിരക്ക് ഭേദിച്ചാൽ, ആ മുന്നേറ്റം 4852 ഡോളറിലേക്കുവരെ എത്താമെന്ന് വിപണി വിദഗ്ധർ പറയുന്നു. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ പവൻവിലയിൽ 4000 രൂപയോളം വർധിക്കും. അതായത്, പവൻവില 1.23 ലക്ഷം രൂപയിലേക്ക് എത്താം.മറിച്ച് സ്ഥിതി മാറുകയും വില താഴേക്കുനീങ്ങുകയും ചെയ്താൽ 4453 ഡോളർ ആണ് ആദ്യ പ്രതിരോധനിരക്ക്. അതിലും താഴേക്ക് പോയാൽ പ്രതീക്ഷിക്കാവുന്നത് 4382 ഡോളറും. അങ്ങനെയെങ്കിൽ പവൻവിലയിൽ 3600 രൂപയോളം കുറയും. വില 1.15 ലക്ഷം രൂപയ്ക്ക് അടുത്തേക്കുമെത്താം.